Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightPoliticschevron_rightഉദയം കാണാത്തവരും...

ഉദയം കാണാത്തവരും അസ്തമിച്ചവരും

text_fields
bookmark_border
ഉദയം കാണാത്തവരും അസ്തമിച്ചവരും
cancel

കേരള നിയമസഭയില്‍ മത്സരിച്ച് ഉദയംകാണാതെ മണ്‍മറഞ്ഞ പാര്‍ട്ടികളുടെ എണ്ണം ഒന്നും രണ്ടുമല്ല. തനിച്ചു മത്സരിച്ച് തന്‍േറടം കാട്ടിയവരുണ്ട്. ചില പാര്‍ട്ടികള്‍ പൂജ്യം ശതമാനത്തിന് താഴെ വോട്ടു നേടി നാണംകെടുകയും ചെയ്തു. മുന്നണിത്തണലില്‍ പൊലിപ്പിച്ചുനിന്നവരില്‍ ചിലരും കാലയവനികക്കുള്ളില്‍ മറഞ്ഞു. ചിലര്‍ നിയമസഭ കണ്ടു. ചിലര്‍ നിയമസഭ കാണാതെ പൊലിഞ്ഞു.

1957ലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് ദേശീയ പാര്‍ട്ടികളും ഒരു സംസ്ഥാന പാര്‍ട്ടിയും വിരലിലെണ്ണാവുന്ന പ്രാദേശിക പാര്‍ട്ടികളുമാണ് രംഗത്തുണ്ടായിരുന്നത്. 2011 ആയപ്പോള്‍ പട്ടിക 35ഓളം പാര്‍ട്ടികളുടെ ബാഹുല്യത്തില്‍ വലുതായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും ഒപ്പം പി.എസ്.പിയും കെ.എസ്.പിയും ആര്‍.എസ്.പിയും മുസ്ലിം ലീഗും ചേര്‍ന്നതായിരുന്നു ആദ്യ നിയമസഭ ചരിത്രം. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിയും (എസ്.എസ്.പി) ആദ്യകാലത്തെ പ്രധാന സാന്നിധ്യമായി.

ആര്‍ക്കും ഭൂരിപക്ഷമില്ലാതെ പിരിച്ചുവിട്ട 1965ലെ നിയമസഭക്കുശേഷം രാഷ്ട്രീയമായ ഏറെ മാറ്റങ്ങള്‍ നടന്ന തെരഞ്ഞെടുപ്പാണ് 1967. അന്നത്തെ സപ്തകക്ഷി ഐക്യമുന്നണിയുടെ ഭാഗമായ  കര്‍ഷകത്തൊഴിലാളി പാര്‍ട്ടി (കെ.ടി.പി) പിന്നെ അസ്തമിച്ചു. കെ.എസ്.പി, ആര്‍.എസ്.പിയില്‍ ലയിച്ചു.  പുതുമുഖപാര്‍ട്ടികള്‍ ഏറെ കടന്നുവന്ന വര്‍ഷമാണ് 1970. 16 ലേറെ പാര്‍ട്ടികള്‍ ജനവിധി തേടി. ജനസംഘം, എസ്.യു.സി, ഡി.എം.കെ, ഐ.എസ്.പി അങ്ങനെ പോകുന്നു മത്സരിച്ച പാര്‍ട്ടികള്‍.

1977ല്‍ ഭാരതീയ ലോക്ദളും മുസ്ലിം ലീഗ് ഓപസിഷനും കടന്നുവന്നു. കേരള കോണ്‍ഗ്രസുകള്‍ മൂന്നു ഗ്രൂപ്പുകളായും ജനതാപാര്‍ട്ടി രണ്ടു ഗ്രൂപ്പുകളായും മത്സരിച്ചാണ് 1980 സമ്പുഷ്ടമാക്കിയത്. ഓള്‍ ഇന്ത്യ ലേബര്‍ പാര്‍ട്ടിയും പരീക്ഷണം നടത്തി. 1982ല്‍ യു.ഡി.എഫിന്‍െറ ഭാഗമായി മത്സരിച്ച് നിയമസഭയില്‍ ഒരാളെ അയച്ച ഡെമോക്രാറ്റിക് ലേബര്‍ പാര്‍ട്ടി പിന്നെ നിഴലായി. ഓള്‍ ഇന്ത്യ മുസ്ലിം ലീഗ് ഇടതുമുന്നണിയുടെ ഭാഗമായി 12 -ല്‍ നാലു സീറ്റ് നേടിയതും ഈ വര്‍ഷമാണ്. ലോക്ദള്‍ മുന്നണിയുടെ ഭാഗമായി ഒരു സീറ്റില്‍ പരീക്ഷണംനടത്തി പൊലിഞ്ഞു. ബി.ജെ.പി 69 സീറ്റില്‍ പരീക്ഷണം നടത്തി.

1987ല്‍ 17 പാര്‍ട്ടികളാണ് മത്സരിച്ചത്. ആന്‍റണി കോണ്‍ഗ്രസ് കോണ്‍ഗ്രസില്‍ ലയിച്ചതും ബി.ജെ.പി മത്സരം 115 സീറ്റിലേക്ക് വ്യാപിപ്പിച്ചതും ഈ തെരഞ്ഞെടുപ്പിലാണ്. അഖിലേന്ത്യാ ലീഗ്, മുസ്ലിം ലീഗിന്‍െറ ഭാഗമായതും ഈ വര്‍ഷമാണ്. സി.പി.എം വിട്ട എം.വി. രാഘവന്‍െറ നേതൃത്വത്തില്‍ സി.എം.പി രൂപംകൊണ്ട് 84 സീറ്റില്‍ മത്സരിക്കുകയും യു.ഡി.എഫിന്‍െറ സഹായത്തോടെ ഒരിടത്ത് ജയിച്ചുകയറുകയും ചെയ്തു. ഹിന്ദുമുന്നണി 12 സീറ്റില്‍ ജനവിധി തേടി.
1991ല്‍ ബഹുജന്‍സമാജ് പാര്‍ട്ടി 39 സീറ്റില്‍ പരീക്ഷണം നടത്തി വെറുംകൈയോടെ മടങ്ങി.

ജനതാപാര്‍ട്ടി (ജെ.പി) 21 സീറ്റിലും ഭാഗ്യം പരീക്ഷിച്ചു. 1991ല്‍ ദ്രാവിഡ പാര്‍ട്ടിയും എം.ജി.ആര്‍ മക്കള്‍ മുന്നേറ്റ കഴകവും യു.സി.പി.ഐയും സ്വതന്ത്ര വേഷത്തില്‍ സ്ഥാനാര്‍ഥികളെ ഇറക്കി. ഐ.എന്‍.എല്ലും, പി.ഡി.പിയും രജിസ്ട്രേഡ് പട്ടികയില്‍ ഇടംനേടി മത്സരിച്ച 1996ല്‍ ശിവസേന രാഷ്ട്രവേദിയും ഒരു കൈ നോക്കി. ഓള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ളോക്കും തിവാരി കോണ്‍ഗ്രസും പട്ടികയില്‍ ഇടംനേടി. സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി, സമതാപാര്‍ട്ടി, ഇന്ത്യന്‍ ലേബര്‍ കോണ്‍ഗ്രസ് തുടങ്ങി ചെറു പാര്‍ട്ടികളുടെ എണ്ണം കൂടിയപ്പോള്‍ 96ല്‍ മത്സരിച്ച പാര്‍ട്ടികളുടെ പട്ടിക 36 ആയി. ഗൗരിയമ്മയുടെ ജെ.എസ്.എസ് രംഗപ്രവേശത്തില്‍തന്നെ നിയമസഭ കണ്ടു. മഅ്ദനിയുടെ പി.ഡി.പി 53 സീറ്റില്‍ മാറ്റുരച്ചു. 96ല്‍ മത്സരിച്ച കൊച്ചു പാര്‍ട്ടികളില്‍ പലരും 2001ല്‍ രംഗത്തുണ്ടായില്ല. സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി, സമാജ്വാദി ജന്‍പരിഷത്ത്, യുനൈറ്റഡ് ഇന്ത്യാപീപ്ള്‍ പാര്‍ട്ടി അങ്ങനെ പുതുനാമങ്ങള്‍ അന്ന് ചില മണ്ഡലങ്ങള്‍ ഉരുവിട്ടു.  

കെ. കരുണാകരന്‍ നേതൃത്വം നല്‍കിയ ഡി.ഐ.സിയുടെ പ്രകടനമായിരുന്നു 2006ല്‍ ആകാംക്ഷ. ആര്‍.എം.പിയുടെ ഉദയവും മലബാറില്‍ അലയടിച്ചു. എസ്.ഡി.പി.ഐയുടെ രംഗപ്രവേശമാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കൗതുകം. 134 വോട്ട് നേടിയ സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി, 482 വോട്ട് നേടിയ സമാജ്വാദി ജന്‍പരിഷത്ത്, 788 വോട്ട് നേടിയ ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി, 857 വോട്ട് നേടിയ ലോക് ജനശക്തി പാര്‍ട്ടി എന്നിവര്‍ വോട്ട് ശതമാനത്തില്‍ പൂജ്യത്തിനുമുകളില്‍ കേറാതെ നാണിച്ചുനിന്നു 2011ലെ വോട്ട് പട്ടികയില്‍.

എസ്.എന്‍.ഡി.പി നേതൃത്വം നല്‍കുന്ന ഭാരത ധര്‍മജന സേന, പി.സി. ജോര്‍ജ് മേല്‍നോട്ടം വഹിക്കുന്ന അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി, ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയുള്ള വെല്‍ഫെയര്‍ പാര്‍ട്ടി എന്നിവ ഈ തെരഞ്ഞെടുപ്പിലെ പുതുമുഖ പാര്‍ട്ടികളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala ballot 2016
Next Story