അറുപതിലെ പോളിങ്ങാണ് പോളിങ്!
text_fields1960ലെ രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പിലെ പോളിങ്ങിനെ വെല്ലാന്‍ പിന്നീടൊരു തെരഞ്ഞെടുപ്പിനുമായിട്ടില്ല. ജനം ഉറ്റുനോക്കിയ രാഷ്ട്രീയ അടിയൊഴുക്കും കൗതുകവും അന്നത്തെ തെരഞ്ഞെടുപ്പിനെ വീറും വാശിയുമുള്ളതാക്കി. വോട്ടുചെയ്യാന്‍ ജനമൊഴുകിയപ്പോള്‍ പോളിങ് 85.7 ശതമാനത്തിലേക്കുയര്‍ന്നു. തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡായി ഇത് ഇന്നും തുടരുന്നു. അതിനുശേഷം ഏറ്റവുംകൂടിയ പോളിങ് നടന്നത് 1987ലാണ് (80.53). അഖിലേന്ത്യാ മുസ്ലിം ലീഗ് ഇടതുമുന്നണി വിട്ട് വീണ്ടും ലീഗില്‍ ലയിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളാണ് 1987ലെ പോളിങ് ഉയര്‍ത്തിയത്. പക്ഷേ, കക്ഷികളും മുന്നണി രാഷ്ട്രീയവും പെരുമ്പറമുഴക്കി തെരഞ്ഞെടുപ്പ് ‘ഘോഷം’ നടത്തിയിട്ടും അതിനുശേഷം 60നെ മറിച്ചിടാന്‍ കഴിഞ്ഞിട്ടില്ല.
1957ലെ ഇ.എം.എസ് മന്ത്രിസഭക്കെതിരായ വിമോചനസമരത്തിന്‍െറയും 1959ല്‍ രാഷ്ട്രപതി നിയമസഭ പിരിച്ചുവിട്ടതിന്‍െറയും എരിവും പുളിയും ചേര്‍ന്നതാണ് രണ്ടാം നിയമസഭാ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ കിട്ടാവുന്ന എല്ലാ തുരുത്തുകളില്‍നിന്നും വോട്ട് പോള്‍ ചെയ്യിക്കാന്‍ പാര്‍ട്ടികള്‍ മല്‍സരിച്ചു. സ്ഥാനാര്‍ഥികള്‍ സൈക്കിളില്‍ നാടുനീളെ തലങ്ങും വിലങ്ങും ഓടി ഓരോ വോട്ടര്‍മാരെയും നേരില്‍ കണ്ടു. ഓരോ മണ്ഡലത്തിലും മുക്കാല്‍ ലക്ഷത്തിന് താഴെയായിരുന്നു വോട്ട്. ഇന്നത്തേതുപോലെ ഗ്രാമങ്ങള്‍ ജനസാന്ദ്രമല്ലാത്തതിനാല്‍ അകലങ്ങളിലുള്ള വോട്ടര്‍മാരെ കണ്ടുപിടിക്കല്‍ വലിയ പങ്കപ്പാടായിരുന്നു. എന്നിട്ടും, വോട്ടര്‍മാരെ പിടിക്കുന്നതില്‍ പാര്‍ട്ടികള്‍ വിജയിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടി ഒരു ഭാഗത്തും കോണ്‍ഗ്രസ്, പി.എസ്.പി, മുസ്ലിം ലീഗ് എന്നിവ സഖ്യമുന്നണിയായി മറുഭാഗത്തും പോരാടിയ ഈ തെരഞ്ഞെടുപ്പില്‍ 80 ലക്ഷം വോട്ടര്‍മാരില്‍ 85.7 ശതമാനം പേരും വോട്ട് ചെയ്തു. പാര്‍ട്ടികളെ മാറിമാറി അധികാരത്തിലത്തെിക്കുന്ന കേരളത്തിന്‍െറ പ്രകൃതം പ്രഖ്യാപിച്ച ജനവിധിയും ഈ തെരഞ്ഞെടുപ്പിലുണ്ടായി. കോണ്‍ഗ്രസ് സഖ്യം അധികാരത്തിലത്തെി. ഇന്നത്തെ പാര്‍ലമെന്‍ററി വ്യാമോഹത്തിലകപ്പെട്ട കോണ്‍ഗ്രസല്ല അന്നത്തെ കോണ്‍ഗ്രസെന്നും മന്ത്രിസഭാ രൂപവത്കരണം തെളിയിച്ചു. സഭയില്‍ ഏറ്റവുംവലിയ ഒറ്റക്കക്ഷിയായിട്ടും കെ.പി.സി.സി മുഖ്യമന്ത്രിയാക്കിയത് പി.എസ്.പി നേതാവ് പട്ടം താണുപിള്ളയെയാണ്. പിന്നീടുണ്ടായ അടിയൊഴുക്കനുസരിച്ച് രണ്ടുവര്‍ഷത്തിനുശേഷം പട്ടത്തെ പഞ്ചാബ് ഗവര്‍ണറാക്കി അയച്ച് ആര്‍. ശങ്കര്‍ മുഖ്യമന്ത്രിയാവുകയായിരുന്നു.
വോട്ടുകളുടെ എണ്ണമിപ്പോള്‍ ആദ്യത്തേതില്‍നിന്ന് നാലിരട്ടിയായി. 1957ല്‍ 75 ലക്ഷമായിരുന്നു വോട്ടെങ്കില്‍ 2016ല്‍ ഇത് 2.56 കോടിയാണ്. ആദ്യത്തെ നാലു തെരഞ്ഞെടുപ്പുകള്‍ക്കിടയില്‍ (1957-67) പത്തുലക്ഷം വോട്ടിന്‍െറ വര്‍ധനയേ ഉണ്ടായിരുന്നുള്ളൂ. പിന്നീടുള്ള ഓരോ പത്തുവര്‍ഷത്തിലും 20 ലക്ഷം എന്ന നിലയില്‍ വര്‍ധിച്ചു. 1999 ആയപ്പോഴേക്കും കേരളത്തിലെ വോട്ടര്‍മാരുടെ എണ്ണം രണ്ടുകോടി 20 ലക്ഷമായി. പക്ഷേ, 1999-2009 കാലയളവ ്വോട്ടര്‍പട്ടികയിലെ ഇടിവിന്‍െറ കാലമാണ്. 2001ല്‍ മുന്‍ വര്‍ഷത്തെക്കാള്‍ മൂന്നുലക്ഷം വോട്ട് കുറഞ്ഞു. 2007 ആയപ്പോള്‍ 99നെക്കാള്‍ 11 ലക്ഷം വോട്ടുകളാണ് കുറഞ്ഞത്. 2010ല്‍ 99നെക്കാള്‍ മൂന്നുലക്ഷം വര്‍ധനയുണ്ടായി. എന്നാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ 40 ലക്ഷം വോട്ടാണ് കേരളത്തില്‍ വര്‍ധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.