തങ്ങള്‍ പ്രഖ്യാപിച്ചതും ലീഗ് ഇച്ഛിച്ചതും
text_fieldsമലപ്പുറം: മലപ്പുറത്തിനപ്പുറം വളര്‍ന്നു വികാസംപ്രാപിച്ച് കുറച്ച് സീറ്റ് അധികം കിട്ടാന്‍ മുസ്ലിം ലീഗ് നേതാക്കളും പ്രവര്‍ത്തകരും ആറ്റുനോറ്റിരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പ്രത്യേകിച്ച് തെക്കന്‍ ജില്ലകളില്‍ കാലുറപ്പിക്കാനുള്ള മോഹം അതിമോഹമായി അവശേഷിക്കുകയാണിപ്പോഴും. കുഞ്ഞാലിക്കുട്ടിയുടെ കേരളയാത്ര കോട്ടയത്തത്തെിയത് നാലാളറിയണമെന്ന് മോഹിച്ചായിരുന്നല്ളോ മാണിയെ കെട്ടിപ്പിടിച്ചത്. കുഞ്ഞാപ്പ കോട്ടയത്തത്തെിയത് അങ്ങനെ നാലാളറിഞ്ഞു.
ഇങ്ങനെയൊക്കെയാണെങ്കിലും ആലപ്പുഴയിലും ഇടുക്കിയിലും പത്തനംതിട്ടയിലും കോട്ടയത്തും തിരുവനന്തപുരത്തുമെല്ലാം ഓരോ സീറ്റെങ്കിലും കിട്ടണമെന്ന് വെറുതെ മോഹിക്കുവാന്‍ ലീഗുകാര്‍ക്ക് വലിയ മോഹമാണ്. എന്നിട്ടെന്താ, തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കാസര്‍കോട് മുതല്‍ തിരുവനവന്തപുരം വരെയുള്ള ഛോട്ടാ, ബഡാ നേതാക്കളെല്ലാം പാത്തും പതുങ്ങിയും മലപ്പുറത്തേക്ക് ഒളിഞ്ഞുനോക്കും. നോട്ടത്തിന്‍െറ ദൈന്യതയില്‍ മനസ്സലിഞ്ഞ് തങ്ങള്‍ മാടിവിളിച്ചാല്‍ രക്ഷപ്പെട്ടു! മങ്കടയില്‍നിന്ന് ടി.എ. അഹമ്മദ് കബീറും തിരൂരില്‍നിന്ന് സി. മമ്മുട്ടിയുമെല്ലാം അങ്ങനെ നിയമസഭ കണ്ടവരാണ്. മലപ്പുറത്ത് സീറ്റു കിട്ടാന്‍ മുനീര്‍ മുതല്‍ ഷാജി വരെയുള്ളവര്‍ ഇത്തവണയും പാണക്കാട്ടേക്ക് ഒളിഞ്ഞുനോക്കി. പക്ഷേ, കബീറിനോടും മമ്മുട്ടിയോടും മാത്രമാണ് ഇത്തവണയും തങ്ങള്‍ കനിഞ്ഞത്. കബീര്‍ മങ്കടയിലും മമ്മുട്ടി തിരൂരിലും വീണ്ടും ജനവിധി തേടും.
സംഗതി അങ്ങനെയൊക്കെയാണെങ്കിലും ഒരു മണ്ഡലത്തില്‍തന്നെ കുറ്റിയടിച്ചവരെന്ന ആക്ഷേപം കേള്‍ക്കാതിരിക്കാന്‍ ലീഗ് നേതാക്കള്‍ സൂക്ഷ്മത പുലര്‍ത്താറുണ്ട്. ഒരുതവണ മഞ്ചേരിയില്‍നിന്ന് ആണെങ്കില്‍ അടുത്ത തവണ മലപ്പുറത്തേക്ക് മാറും. പിന്നീട് കുറ്റിപ്പുറത്തേക്കും വേങ്ങരയിലേക്കും മാറും. താനൂരിലുള്ളയാള്‍ തിരൂരിലേക്കും തിരൂരിലുള്ളയാള്‍ താനൂരിലേക്കും വെച്ചുമാറും. എന്നാല്‍, ഇത്തവണ കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് മലപ്പുറത്തേക്ക് കൂടുമാറുമെന്ന അഭ്യൂഹത്തിന് തങ്ങള്‍ വിരാമമിട്ടു. മാത്രമല്ല, സിറ്റിങ് എം.എല്‍.എമാരോടെല്ലാം അവരവരുടെ മണ്ഡലത്തില്‍തന്നെ പൊരുതാനാണ് നിര്‍ദേശം. ഓരോരുത്തരും അഞ്ചുവര്‍ഷം ചെയ്തതിന്‍െറ ഫലം അവര്‍തന്നെ അനുഭവിക്കണമെന്ന് ചുരുക്കം. ‘മുഹാജിറ’ായി വന്ന എന്‍.എ. നെല്ലിക്കുന്നിന് ഇത്തവണയും കാസര്‍കോട് കൊടുത്തു.
പിന്നെ കോണ്‍ഗ്രസിന്‍െറ കാര്യമാണ്. ലീഗ് കോട്ടയില്‍ ജയിക്കുന്ന രണ്ടു മണ്ഡലങ്ങള്‍ കനിഞ്ഞരുളിയതുതന്നെ വലിയ കാര്യമെന്ന് കരുതുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. നിലമ്പൂരില്‍ നിരവധിതവണ പരാജയത്തിന്‍െറ രുചിയറിഞ്ഞ ആര്യാടന്‍ മുഹമ്മദിന് മണ്ഡലം സ്വന്തമാക്കിക്കൊടുത്തത് എം.പി. ഗംഗാധരനാണെന്ന് പറയാം. എല്‍.ഡി.എഫില്‍ നിന്ന് മണ്ഡലം പിടിച്ചെടുത്ത് അന്ന് ആര്യാടന്‍െറ കൈയില്‍ ഏല്‍പിച്ചതാണ് ഗംഗാധരന്‍. ’87 മുതല്‍ നിലമ്പൂര്‍കാര്‍ക്ക് ആര്യാടന് തുല്യന്‍ ആര്യാടന്‍ മാത്രമായി. ഇനി മത്സരിക്കാനില്ളെന്ന് ആര്യാടന്‍ പറയുന്നത് യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കാമെന്ന ആത്മാര്‍ഥത കൊണ്ടൊന്നുമല്ല. അനന്തരാവകാശം മകന്‍ ആര്യാടന്‍ ഷൗക്കത്തിന് തീറെഴുതാനാണെന്ന് കട്ടായം. പക്ഷേ, ഇത് കോണ്‍ഗ്രസിനകത്ത് അലയൊലികള്‍ ഉയര്‍ത്തിക്കഴിഞ്ഞു. ഏറക്കാലമായി കുപ്പായം തുന്നി കാത്തിരിക്കുന്ന വി.വി. പ്രകാശ് ഇത്തവണ ശക്തമായി രംഗത്തുണ്ട്.
കെ.എസ്.യുവിലും യൂത്ത്കോണ്‍ഗ്രസിലും പയറ്റിത്തെളിഞ്ഞ് 2001ലാണ് ആദ്യമായി സംവരണ മണ്ഡലമായ വണ്ടൂരില്‍ എ.പി. അനില്‍കുമാര്‍ മത്സരത്തിനിറങ്ങുന്നത്. ഇത്തവണ നാലാം അങ്കത്തിനുള്ള പുറപ്പാടിലാണ് അനില്‍കുമാര്‍. പിന്നെയുള്ള തവനൂരിലും പൊന്നാനിയിലും സ്ഥാനാര്‍ഥി പ്രഖ്യാപനം കോണ്‍ഗ്രസിന് തലവേദനതന്നെയാണ്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. ഹംസക്ക് പ്രായമായെന്ന് ആരുപറഞ്ഞാലും അദ്ദേഹം സമ്മതിക്കില്ല. ഇനിയുമൊരങ്കത്തിന് തയാറാണെന്ന സന്ദേശം പാര്‍ട്ടിക്ക് നല്‍കി കാത്തിരിക്കുകയാണ് സഖാവ്. വി.എസിന് മത്സരിക്കാന്‍ അനുമതിനല്‍കാമെങ്കില്‍ 80 ആകാന്‍ ഇനിയും രണ്ടുവര്‍ഷമുള്ള തനിക്ക് സീറ്റ് നിഷേധിക്കേണ്ടതില്ളെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം. അത് മഞ്ചേരിയില്‍തന്നെയായാലും പയറ്റിനോക്കാന്‍ റെഡി. പക്ഷേ, പാര്‍ട്ടിക്ക് വലിയ താല്‍പര്യം പോര.
തവനൂരില്‍ കെ.ടി. ജലീല്‍ കുറ്റിയടിച്ച മട്ടാണ്. പണ്ട് കുഞ്ഞാലിക്കുട്ടിയെ വിറപ്പിച്ചു വിട്ടതുമുതല്‍ എല്‍.ഡി.എഫില്‍ സീറ്റുറപ്പിച്ച ജലീല്‍ ഇത്തവണയും കച്ചമുറുക്കിക്കഴിഞ്ഞു. താനൂരില്‍ മുന്‍ കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ വി. അബ്ദുറഹ്മാന്‍ എല്‍.ഡി.എഫില്‍ ടിക്കറ്റ് ഉറപ്പിച്ച മട്ടിലാണ്. മറ്റു മണ്ഡലങ്ങളില്‍ ജനകീയ മുഖമുള്ള സ്ഥാനാര്‍ഥികളെ കിട്ടാതെ പ്രയാസപ്പെടുകയാണ് എല്‍.ഡി.എഫ് ക്യാമ്പ്. കോണ്‍ഗ്രസ്-ലീഗ് കലഹങ്ങളില്‍നിന്ന് മുതലെടുക്കാന്‍ സ്വതന്ത്ര പരിവേഷമുള്ള ജനകീയമുഖങ്ങളെ തേടുകയാണ് സി.പി.എമ്മും സി.പി.ഐയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.