കണക്ക് നല്‍കാത്ത 101 സ്ഥാനാര്‍ഥികള്‍ അയോഗ്യര്‍; പട്ടികയില്‍ ഇടത്–വലത് സ്ഥാനാര്‍ഥികളും
text_fieldsതിരുവനന്തപുരം: കഴിഞ്ഞതവണ നിയമസഭയിലേക്ക് മത്സരിച്ച 101 സ്ഥാനാര്‍ഥികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാത്തതിനാണിത്. കൊട്ടാരക്കരയില്‍ മത്സരിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. എന്‍.എന്‍. മുരളി, വേങ്ങരയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ഐ.എന്‍.എല്ലിലെ കെ.പി. ഇസ്മാഈല്‍ എന്നിവര്‍ അയോഗ്യരായവരില്‍പെടുന്നു.
ബി.ജെ.പിയുടെ ഏഴും ബി.എസ്.പിയുടെ 22ഉം എസ്.ഡി.പി.ഐയുടെ നാലും പി.ഡി.പിയുടെയും ശിവസേനയുടെയും രണ്ട് സ്ഥാനാര്‍ഥികളും അയോഗ്യരായി. പ്രധാന സ്ഥാനാര്‍ഥികളെ തോല്‍പിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ത്തിയ അപരന്മാരില്‍ പലരും അയോഗ്യരായിട്ടുണ്ട്. മൂന്ന് ഘട്ടമായാണ് കമീഷന്‍ ഉത്തരവിറക്കിയത്. 34 പേരെ 2013 മാര്‍ച്ച് 15നാണ് അയോഗ്യരാക്കിയത്. ഇവരുടെ അയോഗ്യത ഈമാസം 15ന് അവസാനിക്കും. 2014 ആഗസ്റ്റ് ഏഴിന് മറ്റ് 33 പേരെയും അയോഗ്യരാക്കി. ഇവര്‍ക്ക് 2017 ആഗസ്റ്റ് ഏഴ് വരെ അയോഗ്യതയുണ്ടാകും.
കഴിഞ്ഞ ഫെബ്രുവരി 26ന് 34 പേരെക്കൂടി അയോഗ്യരാക്കി. ഇവര്‍ക്ക് 2019 ഫെബ്രുവരി 26 വരെ അയോഗ്യത നിലനില്‍ക്കും. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള നിര്‍ദേശിച്ച പ്രകാരമാണ് ഡോ. മുരളിയെ സ്ഥാനാര്‍ഥിയാക്കിയത്. ഇദ്ദേഹം സി.പി.എമ്മിലെ ഐഷാപോറ്റിയോട് തോറ്റു.
വേങ്ങരയില്‍ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടയാളാണ് ഐ.എന്‍.എല്ലിലെ കെ.പി. ഇസ്മാഈല്‍. ഉദുമയില്‍ മത്സരിച്ച ഏഴ് പേരില്‍ നാല് പേരും അയോഗ്യരായി എന്ന പ്രത്യേകതയുമുണ്ട്. കുട്ടനാട്ടിലെ യു.ഡി.എഫിലെ ഡോ. കെ.സി. ജോസഫിന്‍െറ അപരന്‍ ജോസഫ്, ഹരിപ്പാട്ട് സി.പി.ഐയിലെ ജി. കൃഷ്ണപ്രസാദിന്‍െറ അപരന്‍ കൃഷ്ണപ്രസാദ്, കായംകുളത്ത് എം. മുരളിയുടെ അപരന്‍ മുരളി, കൂത്തുപമ്പില്‍ ഇടതുമുന്നണിയിലെ എസ്.എ.പുതിയവളപ്പിലിന്‍െറ അപരന്‍ എസ്. പൂവളപ്പില്‍, ഒറ്റപ്പാലത്ത് സി.പി.എമ്മിലെ എം. ഹംസയുടെ അപരന്മാരായ എന്‍. ഹംസ, എം. ഹംസ, അങ്കമാലിയില്‍ ജോസ് തെറ്റയിലിന്‍െറ അപരന്മാരായി പറയാവുന്ന ജോണ്‍ചാക്കോ, ജോണ്‍സണ്‍, പെരിന്തല്‍മണ്ണയില്‍ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അപരന്‍ മുഹമ്മദലി, ദേവികുളത്ത് യു.ഡി.എഫിലെ എ.കെ. മണിയുടെ അപരന്‍ പി.കെ. മണി എന്നിവര്‍ അയോഗ്യരായവരില്‍പെടുന്നു.
ബി.ജെ.പിയുടെ ഏഴുപേരാണ് അയോഗ്യരായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.