പൂഞ്ഞാര്‍, കുട്ടനാട് സീറ്റില്‍ അവകാശവാദം അരുതെന്ന് കേരള കോണ്‍ഗ്രസിനോട് കോണ്‍ഗ്രസ്
text_fieldsകോട്ടയം: പൂഞ്ഞാര്‍, കുട്ടനാട് സീറ്റുകളില്‍ അവകാശവാദം ഉന്നയിക്കരുതെന്ന കോണ്‍ഗ്രസ് നിലപാടില്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പൂഞ്ഞാറില്‍ പി.സി. ജോര്‍ജും കുട്ടനാട്ടില്‍ ഡോ. കെ.സി. ജോസഫും കേരള കോണ്‍ഗ്രസ് വിട്ട സാഹചര്യത്തില്‍ ഒരുകാരണവശാലും സീറ്റ് വിട്ടുതരാനാവില്ളെന്ന് യു.ഡി.എഫ് സീറ്റ് വിഭജന ചര്‍ച്ചയില്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ മൂന്നുസീറ്റ് അധികം വേണമെന്ന കേരള കോണ്‍ഗ്രസിന്‍െറ ആവശ്യവും അപ്രസക്തമായി. കഴിഞ്ഞതവണ മത്സരിച്ച 15 സീറ്റുകള്‍ക്ക് പുറമെ മൂന്നെണ്ണം കൂടി അധികമായി നല്‍കണമെന്നായിരുന്നു മാണിയുടെ ആവശ്യം.കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് ഓരോ സീറ്റുകൂടി കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. എന്നാല്‍, പാര്‍ട്ടിയിലെ ഒന്നിലധികം പിളര്‍പ്പുകളും നേതാക്കളുടെ കൊഴിഞ്ഞുപോക്കും തിരിച്ചടിയായ കേരള കോണ്‍ഗ്രസിന് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ശക്തമായ നിലപാടെടുക്കാനും കഴിയുന്നില്ല. പുതിയ സംഭവവികാസങ്ങളില്‍ മാണിയടക്കമുള്ള പ്രമുഖ നേതാക്കളും അസ്വസ്ഥരാണെന്നാണ് റിപ്പോര്‍ട്ട്.
ഇത്തവണ പൂഞ്ഞാറിലും കുട്ടനാട്ടിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുമെന്നു ഉഭയകക്ഷി ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയതോടെ സമ്മര്‍ദം പോലും ചെലുത്താനാവാതെ കേരള കോണ്‍ഗ്രസ് പ്രതിസന്ധിയിലായതായി പാര്‍ട്ടി വൃത്തങ്ങള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. കോട്ടയത്തും പിന്നീട് തിരുവനന്തപുരത്തും നടന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നിലപാട് ആവര്‍ത്തിച്ചതും മാണിയെ വെട്ടിലാക്കി. ചര്‍ച്ചയില്‍ തൃപ്തനല്ളെന്ന് മാണി പരസ്യമായി പറഞ്ഞെങ്കിലും ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.
മധ്യതിരുവിതാംകൂറില്‍ പിടിമുറുക്കാതെ തെരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉണ്ടാകില്ളെന്ന് ബോധ്യപ്പെട്ട ഇടതുമുന്നണി ഇവിടെ ശക്തമായ സ്വാധീനം ഉറപ്പിക്കാന്‍ പുതിയ രാഷ്ട്രീയ തന്ത്രങ്ങള്‍ മെനയുന്നതിനാല്‍ സീറ്റിന്‍െറ പേരില്‍ തര്‍ക്കം സൃഷ്ടിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വം മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. ഇടുക്കി ലോക്സഭാ സീറ്റ് മാതൃകയില്‍ വീണ്ടും പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇടത് നേതൃത്വം. ഇത് യു.ഡി.എഫിന് തിരിച്ചടിയാവുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഇക്കാര്യം കേരള കോണ്‍ഗ്രസിനെ ബോധ്യപ്പെടുത്തിയിട്ടുമുണ്ട്.
മാത്രമല്ല കേരള കോണ്‍ഗ്രസിനെതിരെ മധ്യതിരുവിതാംകൂറിലെ ക്രൈസ്തവ സഭകള്‍ക്കിടയിലും കര്‍ഷകരിലും കര്‍ഷക സംഘടനകളിലും അതൃപ്തി വ്യാപകമായതായി ബോധ്യപ്പെട്ടതും നിലപാട് ശക്തമാക്കാന്‍ കോണ്‍ഗ്രസിന് പ്രേരകമായി. കേരള കോണ്‍ഗ്രസ് വിട്ട ഫ്രാന്‍സിസ് ജോര്‍ജിന്‍െറ പുതിയ പാര്‍ട്ടിയുമായി സഭാ നേതൃത്വത്തിനുള്ള അടുപ്പവും കര്‍ഷകരുടെ പിന്തുണയും യു.ഡി.എഫിന് തിരിച്ചടിയാകുമെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ ചില മണ്ഡലങ്ങളില്‍ ഇത്തവണ പിടിമുറുക്കാനാണ് കോണ്‍ഗ്രസിന്‍െറ തീരുമാനം.
ഇടുക്കി-കാഞ്ഞിരപ്പള്ളി രൂപത, കര്‍ഷക സംഘടനകള്‍ എന്നിവരുടെ ഹിതമനുസരിച്ചാണ് പുതിയ ജനാധിപത്യ കേരള കോണ്‍ഗ്രസ് മുന്നോട്ടുപോകുന്നത്. ഇത്തവണ പുതിയ പാര്‍ട്ടിയുടെ ബാനറില്‍ ഇടത് സ്ഥാനാര്‍ഥിയായി ഡോ. കെ.സി. ജോസഫും ഫ്രാന്‍സിസ് ജോര്‍ജും പി.സി. ജോസഫും സഭകളുടെ പിന്തുണയോടെ മത്സരിക്കാനൊരുങ്ങുന്നതും മാണി ഗ്രൂപ്പില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.