ഒളിയുദ്ധം കഴിഞ്ഞു, ഇനി മുഖാമുഖം
text_fieldsതിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തയാറെടുപ്പിനിടെ കോണ്‍ഗ്രസില്‍ കരുണ എസ്റ്റേറ്റ് വിഷയം നീറിപ്പുകയുന്നു. ഭരണ-പാര്‍ട്ടി നേതൃത്വങ്ങളുടെ തുറന്ന പോര് യു.ഡി.എഫിലും സ്ഥാനാര്‍ഥിമോഹികളിലും ആശങ്കയും ഉയര്‍ത്തുന്നു. ഇതുവരെ നടന്ന ഒളിയുദ്ധം കെ.പി.സി.സി നേതൃയോഗങ്ങള്‍ കഴിഞ്ഞതോടെ കരുണയുടെ മറവില്‍ മുഖാമുഖത്തിലത്തെി. എന്നാല്‍ വിഷയത്തില്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ ഭിന്നതയുള്ളതിനാല്‍ ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയുന്നുമില്ല. അതേസമയം, കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍െറ നിലപാടിലുള്ള അതൃപ്തി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. മന്ത്രി അടൂര്‍ പ്രകാശിനെ പൂര്‍ണമായി പിന്തുണച്ച അദ്ദേഹം, ഏതെങ്കിലും മന്ത്രിക്കെതിരെ പരാതിയുണ്ടെങ്കില്‍ തന്നോടാണ് പറയേണ്ടതെന്നും പ്രതികരിച്ചു. അതിനൊപ്പം, ടി.എന്‍. പ്രതാപന്‍ എം.എല്‍.എ സുധീരനെ അനുകൂലിച്ചും മന്ത്രി അടൂര്‍ പ്രകാശിനെ പേരെടുത്തു പറയാതെ രൂക്ഷമായി കുറ്റപ്പെടുത്തിയും ഫേസ്ബുക്കിലൂടെയും രംഗത്തുവന്നിട്ടുണ്ട്.
പാര്‍ട്ടി നേതൃയോഗങ്ങള്‍ കഴിഞ്ഞതോടെയാണ് കരുണ എസ്റ്റേറ്റ് വിഷയത്തില്‍ പാര്‍ട്ടിയും സര്‍ക്കാറും തമ്മില്‍ തര്‍ക്കം രൂക്ഷമായത്. അടൂര്‍ പ്രകാശിനെതിരെ സുധീരന്‍ രംഗത്തുവന്നതിനുപിന്നാലെ അദ്ദേഹത്തിനെതിരെ പാര്‍ട്ടി ഗ്രൂപ്പുകള്‍ തിരിഞ്ഞിരിക്കുകയാണ്. എന്നാല്‍ ഒൗദ്യോഗികമായി ഹൈകമാന്‍ഡിനെ സമീപിക്കാന്‍ ഇപ്പോള്‍ അവര്‍ തയാറല്ല. അതേസമയം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ ചില നേതാക്കള്‍ പരാതി അറിയിച്ചിട്ടുണ്ട്. എന്നാല്‍ സുധീരന്‍െറ അഭിപ്രായങ്ങള്‍ ഭരണത്തുടര്‍ച്ചക്ക് മങ്ങല്‍ ഉണ്ടാക്കിയെന്ന രീതിയില്‍ ഒരു പരാതിയും താന്‍ മുകുള്‍ വാസ്നിക്കിനോട് പറഞ്ഞിട്ടില്ളെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കരുണ വിഷയത്തില്‍ സംസ്ഥാന കോണ്‍ഗ്രസ് ഇപ്പോള്‍ രണ്ടുതട്ടിലാണ്. സര്‍ക്കാര്‍ നിലപാടിനെ എതിര്‍ക്കുന്നവര്‍ ഗ്രൂപ്പുകള്‍ക്കതീതമായി സുധീരനെ അനുകൂലിക്കുന്നു. മറ്റുള്ളവര്‍ സര്‍ക്കാറിനെ പിന്തുണച്ച് മറുവശത്തും. ഭരണത്തിന്‍െറ അവസാനസമയത്ത് അനാവശ്യവിവാദത്തിന് വഴിയൊരുക്കിയെന്നാണ് സുധീരനെ പിന്തുണക്കുന്നവര്‍ കുറ്റപ്പെടുത്തുന്നത്. വന്‍കിടക്കാരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി പാര്‍ട്ടിയും സര്‍ക്കാറും അപമാനിക്കപ്പെടുമ്പോള്‍ അതിനെതിരെ പ്രതികരിക്കാന്‍ ഒരാള്‍ ഉണ്ടായതില്‍ പല നേതാക്കളും സന്തോഷത്തിലാണ്. അതിനാല്‍തന്നെ സുധീരന് ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണയുമുണ്ട്. അതാണ് സുധീരനെതിരെ നീങ്ങാന്‍ ഗ്രൂപ്പുകള്‍ക്കുള്ള തടസ്സവും.
ഭരണത്തില്‍ നടക്കുന്നത് കൊള്ളയാണെന്ന കടുത്ത ആരോപണമാണ് പാര്‍ട്ടി യോഗത്തില്‍ സുധീരന്‍ ഉന്നയിച്ചത്. പാര്‍ട്ടി നിര്‍ദേശം അനുസരിക്കാതെ അടൂര്‍ പ്രകാശ് പാര്‍ട്ടിയെ അപമാനിച്ചെന്ന കുറ്റപത്രവും അദ്ദേഹം ചാര്‍ത്തിനല്‍കി. റവന്യൂവകുപ്പില്‍നിന്ന് തുടരെ വിവാദ ഉത്തരവുകള്‍ വരുന്നത് പരിശോധിക്കുമെന്നും അതിന് ഉത്തരവാദിയായവരുടെ കാര്യം സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ വേണ്ടപോലെ കൈകാര്യം ചെയ്യുമെന്നുമുള്ള മുന്നറിയിപ്പാണ് സുധീരന്‍ നല്‍കിയിരിക്കുന്നത്. ഈ വിമര്‍ശശരങ്ങള്‍ സര്‍ക്കാറിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് ലഭിച്ച മികച്ച ആയുധമായി. സുധീരനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നതും ഇതാണ്. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകള്‍ നഷ്ടപ്പെടുത്താനിതിടയാക്കിയെന്ന കുറ്റപ്പെടുത്തലുമുണ്ട്. ഹൈകമാന്‍ഡ്തന്നെ ഇടപെട്ട് പരിഹാരമുണ്ടാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ ഘടകകക്ഷികളും അസ്വസ്ഥരാണ്. സ്ഥാനാര്‍ഥി നിര്‍ണയംപോലും നേരാംവിധം നടത്താന്‍ സാധിക്കാതെ സി.പി.എം ബുദ്ധിമുട്ടുന്ന ഘട്ടത്തില്‍ അവസരം മുതലെടുക്കുന്നതിനുപകരം പരസ്പരം പോര്‍വിളിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ അവസരം കളഞ്ഞുകുളിക്കുന്നെന്നാണ് അവരുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.