തള്ളിയ പട്ടികയെച്ചൊല്ലി ബി.ജെ.പിയില്‍ ഗ്രൂപ് കലഹം
text_fieldsന്യൂഡല്‍ഹി: സ്ഥാനാര്‍ഥി സാധ്യതാപട്ടിക കേന്ദ്രഘടകം തള്ളിയതോടെ ഒരു സംസ്ഥാന കമ്മിറ്റിക്കും ഉണ്ടാകാത്ത നാണക്കേട് ഏറ്റുവാങ്ങിയ കേരള ബി.ജെ.പിയില്‍ ഗ്രൂപ്പിസം മുറുകി. ഇരുഗ്രൂപ്പുകള്‍ക്കും മുകളിലൂടെ കുമ്മനം രാജശേഖരനെ നൂലില്‍ കെട്ടിയിറക്കി ഗ്രൂപ്പിസത്തിന് തടയിടാമെന്ന കേന്ദ്രനേതൃത്വത്തിന്‍െറ കണക്കുകൂട്ടലാണ് പിഴച്ചത്.
തെരഞ്ഞെടുപ്പിനുമുമ്പേ ബി.ജെ.പിക്കേറ്റ തിരിച്ചടിയായി സ്ഥാനാര്‍ഥിനിര്‍ണയം മാറിയിരിക്കുകയാണ്. ഗ്രൂപ്പുകളി തെരഞ്ഞെടുപ്പില്‍ പരസ്പരം കുതികാല്‍വെട്ടിലേക്കുവരെ എത്തിയേക്കാമെന്നാണ് ഇരുഗ്രൂപ്പുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. കുമ്മനം രാജശേഖരന്‍ പ്രസിഡന്‍റായശേഷവും സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ മേല്‍ക്കൈ കാണിച്ച മുന്‍ പ്രസിഡന്‍റ് വി. മുരളീധരനെതിരായ പടപ്പുറപ്പാടിന് കിട്ടിയ അവസരം ഉപയോഗിക്കുകയാണ് എതിര്‍പക്ഷം. ബി.ജെ.പിക്കുള്ളിലെ ഗ്രൂപ്പുകളിയെക്കുറിച്ച് ഗ്രാഹ്യമില്ലാത്ത സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരനെ തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറായ വി. മുരളീധരന്‍ സ്വാധീനിച്ചുവെന്നും ഇതിന് ദേശീയ അധ്യക്ഷന്‍െറ ചീത്ത കേള്‍ക്കേണ്ടിവന്നത് കുമ്മനമാണെന്നും എതിര്‍പക്ഷം പറയുന്നു.
ഏതായാലും, പുതിയ സാധ്യതാപട്ടിക സമര്‍പ്പിക്കാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കില്ളെന്നാണ് കേരളത്തിന്‍െറ ചുമതലയുള്ള ബി.ജെ.പി കേന്ദ്രനേതാക്കളുടെ നിലപാട്. കേരളഘടകം സമര്‍പ്പിച്ച സ്ഥാനാര്‍ഥിപ്പട്ടിക കേന്ദ്രഘടകം തള്ളിയതോടെ നാണക്കേടിലായ ബി.ജെ.പി സംസ്ഥാനനേതൃത്വത്തെ പരിഹസിച്ച് ശിവസേനയും രംഗത്തത്തി.
കേരളത്തില്‍ ബി.ജെ.പി മുന്നണിയില്‍ എടുക്കാത്തതിനെ തുടര്‍ന്ന് ചില മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിക്കുകയാണ് ശിവസേന.നിയമസഭാ തെരഞ്ഞെടുപ്പില്‍ എങ്ങനെയെങ്കിലും ജയിച്ച് എം.എല്‍.എമാരാകണമെന്ന അടങ്ങാത്ത ആഗ്രഹംമൂലം ജയസാധ്യതയുള്ളതെന്ന് നേതാക്കള്‍ കരുതുന്ന സീറ്റുകള്‍ അവര്‍തന്നെ പങ്കിട്ടെടുത്തതിനേറ്റ തിരിച്ചടിയാണിതെന്ന് ശിവസേന പരിഹസിച്ചു. ബി.ജെ.പി സംസ്ഥാനനേതൃത്വം രാജിവെക്കണമെന്ന് ശിവസേന രാഷ്ട്രീയകാര്യ സമിതി അധ്യക്ഷന്‍ ടി.ആര്‍. ദേവന്‍ ആവശ്യപ്പെട്ടു.
സ്വന്തംനാട്ടില്‍ അണികളോ അംഗീകാരമോ ഇല്ലാത്ത നേതാക്കള്‍ കണ്ണൂരില്‍നിന്നും പാലക്കാട്ടുനിന്നും തിരുവനന്തപുരത്തേക്കും മറ്റു ജില്ലകളിലേക്കും കുടിയേറുകയാണ്. അധികാരമോഹം തലക്കുപിടിച്ച നേതാക്കള്‍ വിജ്ഞാപനം വരും മുമ്പെ പട്ടിക തയാറാക്കി സിനിമാതാരം സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം, പി.പി. മുകുന്ദന്‍ തുടങ്ങിയ പ്രമുഖരെ വെട്ടിനിരത്തുകയായിരുന്നുവെന്നും ദേവന്‍ കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.