നിയമസഭാ തെരഞ്ഞെടുപ്പിനെ ലോക്സഭാ ലഹരിയിലേക്കുയര്‍ത്തി എന്‍.ഡി.എ
text_fieldsതൃശൂര്‍: നാളെ തെരഞ്ഞെടുപ്പ് നടക്കുന്നത് നിയമസഭയിലേക്കോ ലോക്സഭയിലേക്കോ?. മൂന്നാം ശക്തിയായി അവകാശപ്പെട്ട് രംഗത്തിറങ്ങിയ ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ ആദ്യ തെരഞ്ഞെടുപ്പില്‍ത്തന്നെ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ പ്രതീതി ജനിപ്പിച്ചു. മന്ത്രിസഭാ യോഗം നടത്താവുന്ന തരത്തിലായിരുന്നു ദിവസങ്ങളായി സംസ്ഥാനത്ത് കേന്ദ്രമന്ത്രിമാരുടെ പ്രകടനം.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഒരുദിവസം മാത്രമാണ് പ്രചാരണത്തിന് എത്തിയത്. പ്രസംഗിച്ചത് തൃശൂരിലും തിരുവനന്തപുരത്തും മാത്രം. രണ്ടു ദിവസത്തെ പ്രചാരണം നിശ്ചയിച്ചെങ്കിലും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പനി മൂലം വന്നതേയില്ല. ഇടതു മുന്നണിക്കു വേണ്ടി സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രകാശ് കാരാട്ടും മണിക് സര്‍ക്കാറും ഉള്‍പ്പെടെ പോളിറ്റ് ബ്യൂറോ അംഗങ്ങളും സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢിയും വന്നെങ്കിലും പല ജില്ലകളിലും എത്തിയില്ല. പങ്കെടുത്തത് പരിമിതമായ പ്രചാരണ റാലികളില്‍.
രണ്ടര മാസം മുമ്പ് ബി.ജെ.പി തൃശൂരില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത് പാര്‍ട്ടിയുടെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അവസാന ഘട്ടത്തോടടുത്തപ്പോള്‍ അടുത്തടുത്ത മൂന്ന് ദിവസങ്ങളിലാണ് വോട്ടുപിടിക്കാന്‍ എത്തി. സംസ്ഥാനത്ത് എത്താത്ത കേന്ദ്രമന്ത്രിമാര്‍ കുറവാണ്. പരസ്യ പ്രചാരണം അവസാനിച്ച ശനിയാഴ്ചയും നിതിന്‍ ഗഡ്കരി, പീയൂഷ് ഗോയല്‍ തുടങ്ങി ചില മന്ത്രിമാര്‍ കേരളത്തിലുണ്ടായിരുന്നു. കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി ഇവിടെ തമ്പടിച്ചിരിക്കുകയാണ്.
യു.പി.എ കാലത്തിന് വ്യത്യസ്തമായി പ്രചാരണത്തിന്‍െറ പേരില്‍ ഇത്ര കോലാഹലം കേരളത്തില്‍ ആദ്യമാണ്. പ്രധാനമന്ത്രിതന്നെ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിവാദങ്ങള്‍ പറഞ്ഞ് ചര്‍ച്ച എന്‍.ഡി.എയിലേക്ക് കേന്ദ്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോള്‍ മുന്നണിയുടെ ഭാഗമായവര്‍ക്കും ലഹരി പിടിച്ചു. സംസ്ഥാനം ഇതുവരെ കാണാത്ത ‘ഹെലികോപ്ടര്‍ പ്രകടന’ത്തിനും വഴിയൊരുക്കിയത് ബി.ജെ.പി കേന്ദ്ര നേതൃത്വമാണ്. 90 പിന്നിട്ട പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും 70 കഴിഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമൊക്കെ ട്രെയിനിലും കാറിലുമായി കേരളമാകെ സഞ്ചരിച്ച് പ്രചാരണം നടത്തിയപ്പോള്‍ ഹെലികോപ്ടറില്‍ പറന്നിറങ്ങിയ വെള്ളാപ്പള്ളി നടേശനും രാജ്യസഭ എം.പി സുരേഷ് ഗോപിയും കൗതുകമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.