ലക്ഷ്യം നേടിയില്ളെങ്കിലും സ്വാശ്രയ സമരം മുന്നണിക്ക് കരുത്തായെന്ന് യു.ഡി.എഫ്
text_fieldsതിരുവനന്തപുരം: ലക്ഷ്യം നേടിയില്ളെങ്കിലും ഏഴ് ദിവസം നിയമസഭയില്‍ നടത്തിയ സ്വാശ്രയ സമരം കടുത്ത പ്രതിസന്ധി നേരിടുകയായിരുന്ന മുന്നണിക്ക് ഗുണം ചെയ്തെന്ന വിലയിരുത്തലില്‍ യു.ഡി.എഫ്. തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയമേറ്റുവാങ്ങിയ മുന്നണിയെ ശക്തിപ്പെടുത്താനായതും മാണിയുടെ മുന്നണിവിടല്‍ ഭീഷണിയായില്ളെന്ന് തെളിയിക്കാനായതും നേട്ടമാണെന്നാണ് വിലയിരുത്തല്‍. ഇതുകൂടാതെ, പ്രധാന പ്രതിപക്ഷമാകാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് അതിന് അവസരം നല്‍കാതിരിക്കാനും കഴിഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍െറ പ്രതിച്ഛായക്ക് മങ്ങലേല്‍പിക്കാനായതും അംഗബലം കുറവാണെങ്കിലും നിയമസഭയില്‍ ശക്തമായ സാന്നിധ്യമാകാന്‍ കഴിഞ്ഞതും നേട്ടമായി അവര്‍ കണക്കാക്കുന്നു. എന്നാല്‍, സമരം അനാവശ്യമായിരുന്നെന്ന് വിലയിരുത്തുന്ന നേതാക്കളുമുണ്ട്. കുറെക്കൂടി നല്ലനിലയില്‍ സമരം അവസാനിപ്പിക്കാന്‍ അവസരം ഒരുങ്ങിയിട്ടും അതു പ്രയോജനപ്പെടുത്തിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണം, പരിയാരം സംബന്ധിച്ച ഉറപ്പ് എന്നിവ കിട്ടിയ ഘട്ടത്തില്‍ സമരം തീര്‍ക്കാമായിരുന്നു. മുന്നൊരുക്കമില്ലാതെയാണ് യൂത്ത്കോണ്‍ഗ്രസ് സമരത്തിനിറങ്ങിയതെന്നും അവസാനം നടത്തേണ്ട നിരാഹാരം ആദ്യം ആരംഭിച്ചത് തിരിച്ചടിയായെന്നും വിമര്‍ശമുണ്ട്.
പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വന്ന രമേശ് ചെന്നിത്തലക്ക് തന്‍െറ സ്ഥാനമുറപ്പിക്കാന്‍ സ്വാശ്രയ സമരം വഴിയൊരുക്കി. സ്വാശ്രയ ഫീസ് കുറയ്ക്കാനോ പരിയാരത്തെ ഫീസിലെങ്കിലും മാറ്റം വരുത്താനോ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല. സഭ 11 ദിവസം ചേരാതിരിക്കുമ്പോള്‍ പ്രക്ഷോഭവുമായി മുന്നോട്ടു പോകല്‍ വെല്ലുവിളിയാണ്. ഈ മാസം ഏഴിന് പ്രവേശ നടപടികള്‍ പൂര്‍ത്തിയാകുമെന്നതും സര്‍ക്കാറുമായി കരാര്‍ ഉണ്ടാക്കാത്ത കെ.എം.സി.ടി.ഇ കോളജിന് 10 ലക്ഷം ഫീസ് വാങ്ങാന്‍ സുപ്രീംകോടതിയില്‍നിന്ന് അനുമതി ലഭിച്ചതും തുടര്‍സമരത്തിന് തിരിച്ചടിയാകും.
സഭ തുടങ്ങുമ്പോള്‍ പ്രതിപക്ഷം പല തട്ടുകളിലായിരുന്നു. സ്വാശ്രയ പ്രശ്നം വന്നപ്പോള്‍ സ്ഥിതിയാകെ മാറി. മാണി പോലും യു.ഡി.എഫിനെ പരോക്ഷമായി സഹായിക്കുന്ന നിലപാട് എടുത്തു. ഇതാണ് സഭയില്‍ സ്വാശ്രയം വലിയ വിഷയമാക്കിയെടുക്കാന്‍ യു.ഡി.എഫിനെ സഹായിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.