രാഷ്ട്രീയകാര്യ സമിതിയില്‍ ഭൂരിഭാഗവും പഴയ മുഖങ്ങള്‍
text_fieldsതിരുവനന്തപുരം: തലമുറമാറ്റമെന്ന ആവശ്യം സംസ്ഥാന കോണ്‍ഗ്രസില്‍ ശക്തമായിരിക്കെ ഹൈകമാന്‍ഡ് പ്രഖ്യാപിച്ച രാഷ്ട്രീയകാര്യസമിതിയില്‍ ഭൂരിപക്ഷവും പഴയമുഖങ്ങള്‍. പാര്‍ട്ടിയുടെ ശാപം ജംബോ കമ്മിറ്റികളാണെന്ന് വാദിച്ചവര്‍ തന്നെയാണ് പുതിയ പേരില്‍ മറ്റൊരു സമാന സമിതിക്കും രൂപം കൊടുത്തിരിക്കുന്നത്. എം.പിമാര്‍ക്ക് പ്രാമുഖ്യം നല്‍കുന്ന സമീപനം ഇതിലും തുടരുകയും ചെയ്തു.
സമിതിയില്‍ 12 മുതല്‍ 15 വരെ പേരേ ഉണ്ടാകൂവെന്നാണ് പ്രചരിക്കപ്പെട്ടിരുന്നത്. എന്നാല്‍, സമ്മര്‍ദം ശക്തമായപ്പോള്‍ ഹൈകമാന്‍ഡിനും വഴങ്ങേണ്ടി വന്നു. എന്നാല്‍, 21 അംഗങ്ങളുണ്ടായിട്ടും യുവപ്രാതിനിധ്യം പി.സി. വിഷ്ണുനാഥിലും എം. ലിജുവിലുമായും വനിതാപ്രാതിനിധ്യം ഷാനിമോള്‍ ഉസ്മാനിലും ഒതുങ്ങി. സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്നവര്‍ക്ക് പകരം ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അമിത പരിഗണന നല്‍കിയിട്ടുമുണ്ട്. ഇതില്‍ പ്രമുഖ നേതാക്കള്‍ക്ക് ഉള്‍പ്പെടെ വിയോജിപ്പുണ്ട്. ഡല്‍ഹിവഴി ഇടംകണ്ടത്തെിയ ചിലര്‍ക്കെതിരെ അവര്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ്.
നിയമസഭാ തെരഞ്ഞെടുപ്പിലെ കാലുവാരലാണ് യു.ഡി.എഫ് വിടാനുള്ള പ്രധാന കാരണമായി കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തില്‍ അവര്‍ പേരെടുത്ത് വിമര്‍ശിച്ച നേതാവും പുതിയ സമിതിയിലുണ്ട്. പത്തനംതിട്ട -ആലപ്പുഴ ജില്ലകളിലെ ചില കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ തോല്‍വിക്ക് പിന്നില്‍പോലും ഇദ്ദേഹമാണെന്ന ആരോപണവും നിലവിലുണ്ട്. ബി.ജെ.പിയുമായി അദ്ദേഹം പുലര്‍ത്തുന്ന അമിത സൗഹൃദത്തിനെതിരെയും വിമര്‍ശം നിലനില്‍ക്കുന്നു. അപ്പോഴാണ് പാര്‍ട്ടിയുടെ നയരൂപവത്കരണത്തിന് അദ്ദേഹത്തെയും നിയോഗിച്ചിരിക്കുന്നത്.
ഗ്രൂപ്പിസം ഇല്ലാതാക്കാനാണ് ഹൈകമാന്‍ഡ് സംസ്ഥാനത്ത് ഇടപെട്ടതെങ്കിലും സ്വന്തക്കാരെ പ്രതിഷ്ഠിക്കാനുള്ള മാര്‍ഗമായി അവരും അതിനെ മാറ്റുകയായിരുന്നെന്നാണ് ആക്ഷേപം. സംസ്ഥാന കോണ്‍ഗ്രസിനെ നയിക്കുന്ന ‘ത്രിമൂര്‍ത്തി’കളുടെ ഇഷ്ടക്കാരില്‍ മിക്കവരും ഇടംകണ്ടത്തെി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.