വിജിലന്‍സ് നടപടി ബാബുവിന് കുരുക്കാകും
text_fieldsകൊച്ചി: മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അതീവ രഹസ്യമായി വിജിലന്‍സ് സമര്‍പ്പിച്ച പ്രഥമ വിവര റിപ്പോര്‍ട്ടിലുള്ളത് മുന്‍ മന്ത്രി കെ. ബാബു സമ്പാദിച്ച സ്വത്തുവകകളുടെ നീണ്ട പട്ടിക. അങ്കമാലിയിലെ പാവപ്പെട്ട കുടുംബത്തില്‍ ജനിക്കുകയും രാഷ്ട്രീയമല്ലാതെ മറ്റ് ഉപജീവനമാര്‍ഗമൊന്നും ഇല്ലാതിരിക്കുകയും ചെയ്ത കെ. ബാബുവിന്‍െറ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ വളര്‍ച്ച വിസ്മയാവഹമായിരുന്നു എന്നാണ് അന്വേഷണസംഘത്തിന്‍െറ വിലയിരുത്തല്‍. 2011 മുതല്‍ അഞ്ചുവര്‍ഷം എക്സൈസ് മന്ത്രിയായിരുന്ന കാലത്താണ് സ്വത്തുക്കള്‍ സമ്പാദിച്ച് കൂട്ടിയതെന്നും ആഗസ്റ്റ് 31ന് സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ പറയുന്നു.
പോളക്കുളം ഗ്രൂപ്പിന്‍െറ ഉടമസ്ഥതയിലുള്ള പാലാരിവട്ടത്തെ റിനൈ മെഡിസിറ്റി ആശുപത്രിയില്‍ ഓഹരി പങ്കാളിത്തം, തൃപ്പൂണിത്തുറ പള്ളിപ്പറമ്പുകാവ് സ്വദേശി മോഹനന്‍െറ റോയല്‍ ബേക്കറിയില്‍ പങ്കാളിത്തം, തൊടുപുഴയിലെ മൂത്തമകളുടെ ഭര്‍തൃപിതാവ് നടത്തുന്ന ഇന്‍റര്‍ലോക് ബ്രിക്സ് യൂനിറ്റില്‍ പങ്കാളിത്തം, കുമ്പളം സ്വദേശി ബാബുറാം, പി.ഡി. ശ്രീകുമാര്‍, തോപ്പില്‍ ജോജി എന്നിവരുമായി റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍, തൃപ്പൂണിത്തുറ എരൂര്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഇംപാക്ട് സ്റ്റീല്‍ കമ്പനിയില്‍ ഓഹരി പങ്കാളിത്തം... ഇങ്ങനെ പോകുന്നു ബാബുവിന്‍െറ ബിസിനസ് സംരംഭങ്ങള്‍ എന്നാണ് എഫ്.ഐ.ആറിലെ ആരോപണങ്ങള്‍. ഇതുകൂടാതെയാണ് മക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വാങ്ങിയ വസ്തുക്കള്‍, ആഡംബര വാഹനങ്ങള്‍ എന്നിവ.
2012ല്‍ മകള്‍ ആതിരയുടെ വിവാഹത്തിന് അദ്ദേഹം 45 ലക്ഷം രൂപ വിലയുള്ള കെ.എല്‍ 38 ഡി 6005 നമ്പര്‍ രജിസ്ട്രേഷനുള്ള ബെന്‍സ് കാര്‍ ഭാര്‍തൃപിതാവ് രവീന്ദ്രന്‍െറ പേരില്‍ വാങ്ങിക്കൊടുത്തുവെന്നും ബാര്‍ കോഴ ആരോപണം ശക്തമായപ്പോള്‍ ഇത് ജാസ്മിന്‍ എന്നയാള്‍ക്ക് മറിച്ചുവിറ്റുവെന്നും വിശദീകരിക്കുന്നുണ്ട്. ആതിരയുടെ പേരില്‍ നിസ്സാന്‍ മൈക്ര എക്സ് പി പ്രീമിയം ബി.എസ് 4 കാറും വാങ്ങിനല്‍കി. ബാബുവിന്‍െറ പേരില്‍ ഒമ്പത് ലക്ഷം രൂപ വിലവരുന്ന ടൊയോട്ട ഇന്നോവ കാറാണുള്ളത്. സ്വന്തം വീട് ലക്ഷങ്ങള്‍ മുടക്കി മോടിപിടിപ്പിക്കുകയും ചെയ്തു. മകള്‍ ഐശ്വര്യയുടെ വിവാഹം ആഡംബരപൂര്‍വം കലൂരിലെ ഗോകുലം കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തുകയും ചെയ്തു. ഈ കാലത്തുതന്നെ തമിഴ്നാട്ടിലെ തേനിയില്‍ 120 ഏക്കര്‍ ഭൂമി വാങ്ങുകയും ചെയ്തു.
മന്ത്രി എന്ന നിലയില്‍ അവിഹിതമായി സമ്പാദിച്ച പണം ഉപയോഗിച്ചാണ് മൂന്നാം പ്രതി മോഹനനുമായി ചേര്‍ന്ന് തൃപ്പൂണിത്തുറയില്‍ റോയല്‍ ബേക്കേഴ്സ് എന്ന പേരില്‍ ബിനാമി ബിസിനസ് തുടങ്ങിയതെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ബിനാമികളായ മോഹനന്‍, ബാബുറാം എന്നിവര്‍ സ്വന്തമായി വരുമാനമാര്‍ഗമില്ലാത്തവരാണ്. എന്നാല്‍, ഇവര്‍ ബി.എം.ഡബ്ള്യൂ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളാണ് ഉപയോഗിക്കുന്നത്. ഇവര്‍ കൈകാര്യം ചെയ്യുന്ന സ്വത്തുക്കള്‍ ബാബുവിന്‍േറതാണെന്ന സംശയവും വിജിലന്‍സ് ഉന്നയിക്കുന്നുണ്ട്.
മന്ത്രി എന്ന നിലയില്‍ ലഭിക്കുന്ന ശമ്പളം മാത്രമായിരുന്നു ബാബുവിന്‍െറ വരുമാനം. ഇത്രയധികം സ്വത്ത് വാങ്ങുന്നതിനും വീട് മോടിപിടിപ്പിക്കുന്നതിനും മകളുടെ വിവാഹം നടത്തുന്നതിനുമൊന്നും ബാങ്ക് വായ്പയോ മറ്റ് വരുമാന മാര്‍ഗങ്ങളോ തരപ്പെടുത്തിയതായും വിവരം ലഭിച്ചിട്ടില്ളെന്നും എഫ്.ഐ.ആറില്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തില്‍ 1988ലെ അഴിമതി തടയല്‍ നിയമത്തിലെ 13(1- ഡി, ഇ), 13(2), ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 34ാം വകുപ്പ് എന്നിവയുടെ അടിസ്ഥാനത്തില്‍ വിശദ അന്വേഷണം ആവശ്യമാണെന്നാണ് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.