കെ.എം.മാണിക്ക് പിന്തുണയുമായി എം.എല്‍.എമാരും എം.പിമാരും
text_fieldsകോട്ടയം: ബാര്‍ കോഴയടക്കം കെ.എം. മാണിക്കെതിരായ മുഴുവന്‍ വിജിലന്‍സ് കേസുകളും നിയമപരമായി നേരിടാന്‍ കേരള കോണ്‍ഗ്രസ് തീരുമാനം. കേസിന്‍െറ പേരില്‍ ഏതെങ്കിലും മുന്നണിയുമായി മമത ഉണ്ടാക്കില്ല. എന്നാല്‍, ഇരുമുന്നണിയോടും സമദൂരം പാലിക്കാനും ആറു മാസത്തിനകം വ്യക്തമായ രാഷ്ട്രീയ നിലപാടെടുക്കാനും പാര്‍ട്ടി എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗത്തില്‍ ധാരണയായി. ഒന്നിനു പിറകെ ഒന്നായി ഉയരുന്ന വിജിലന്‍സ് കേസുകള്‍ പാര്‍ട്ടിയെയും തന്നെയും കടുത്ത പ്രതിസന്ധിയിലാക്കിയ സാഹചര്യത്തില്‍ കെ.എം. മാണി മുന്‍കൈയെടുത്താണ് എം.എല്‍.എമാരുടെയും എം.പിമാരുടെയും യോഗം വിളിച്ചത്.
ദിവസങ്ങള്‍ക്ക് മുമ്പ് എം.എല്‍.എമാരുടെ യോഗം ചേര്‍ന്നെങ്കിലും വത്തിക്കാനിലായിരുന്ന എം.പിമാര്‍ കൂടി എത്തിയശേഷം മതി നിര്‍ണായക തീരുമാനമെന്ന നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നു സംയുക്ത യോഗം. കേരള കോണ്‍ഗ്രസ് മുന്നണി വിട്ടശേഷം യു.ഡി.എഫ് നേതാക്കളുടെ സമീപനം ആത്മപരിശോധനക്ക് തയാറാകുന്ന സാഹചര്യത്തിലാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇടതുമുന്നണി സമീപനത്തിനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു. കെ.എം. മാണിയെപ്പോലൊരു മുതിര്‍ന്ന നേതാവിനെ വിജിലന്‍സ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചു തകര്‍ക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ അറിവോടെയാണോയെന്ന കാര്യം നേതൃത്വം വ്യക്തമാക്കണമെന്ന അഭിപ്രായവും ഉയര്‍ന്നു.
തനിക്കെതിരായ കേസുകള്‍ അടിസ്ഥാനമില്ലാത്തതാണെന്നും ആവശ്യമായ രേഖകളും തെളിവുകളും ഉണ്ടെന്നും നിയമപരമായി നേരിടുമെന്നും വ്യക്തമാക്കിയ മാണി വിജിലന്‍സ് മേധാവി ജേക്കബ് തോമസും മുന്‍ എസ്.പി സുകേശനും നടത്തുന്നത് വ്യക്തി വിരോധവും പകപോക്കലുമാണെന്നും ആരോപിച്ചു. അതിനാല്‍ മേല്‍ക്കോടതികളെ സമീപിക്കും. ഇതോടെ മാണിക്ക് പിന്തുണ നല്‍കാന്‍ യോഗം തീരുമാനിക്കുകയായിരുന്നു. അഡ്വ. എം.കെ. ദാമോദരന്‍ കേസ് വാദിക്കുമെന്നും മാണി വെളിപ്പെടുത്തി.
പാര്‍ട്ടി പ്രവര്‍ത്തകരെ സജീവമാക്കാനും കാര്‍ഷിക പ്രശ്നങ്ങളില്‍ അടിയന്തര ഇടപെടല്‍ നടത്താനും ആവശ്യമെങ്കില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വന്‍ പ്രക്ഷോഭത്തിനു തയാറെടുക്കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അംഗീകരിക്കുന്ന മുന്നണിക്കൊപ്പം നിലകൊള്ളാനാണ് തീരുമാനമെന്ന് പ്രമുഖ നേതാക്കള്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.