എന്‍.ഡി.എ വികസനം ആദ്യ അജണ്ട; പ്രതീക്ഷ മാണിയില്‍
text_fieldsകോഴിക്കോട്: 2019ല്‍ എം.പിമാരെ നല്‍കുക, 21ല്‍ സംസ്ഥാന ഭരണം പിടിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും കേരള ബി.ജെ.പിക്ക് നിശ്ചയിച്ചുകൊടുത്ത ടാര്‍ഗറ്റാണിത്. ദേശീയ കൗണ്‍സിലിന്‍െറ ആവേശം ഒടുങ്ങുംമുമ്പ് അതിന്‍െറ മുന്നൊരുക്കങ്ങള്‍ തുടങ്ങുകയാണ് കുമ്മനവും ടീമും. ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റി ഉടനെ ചേര്‍ന്ന് എന്‍.ഡി.എ വികസനം ചര്‍ച്ച ചെയ്യും. എന്‍.ഡി.എ യോഗം ഇന്ന് രാവിലെ ഒമ്പതിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ കടവ് റിസോര്‍ട്ടില്‍ നടക്കുന്നുണ്ട്.
നിലവില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസും സി.കെ. ജാനുവിന്‍െറ ജനാധിപത്യ രാഷ്ട്രീയ സഭയും രാജന്‍ ബാബുവിന്‍െറ ജെ.എസ്.എസും പി.സി. തോമസിന്‍െറ കേരള കോണ്‍ഗ്രസുമാണ് എന്‍.ഡി.എയിലുള്ളത്. ജനകീയാടിത്തറയുള്ള പാര്‍ട്ടികളെ മുന്നണിയില്‍ കൊണ്ടുവരണമെന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍െറ ആഗ്രഹം. യു.ഡി.എഫ് വിട്ടുവന്ന കെ.എം. മാണി ഏറെ പ്രതികൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും തിരിച്ചുപോകാതിരിക്കുന്നതു വെറുതെയല്ല. ക്രിസ്ത്യന്‍ സഭകളുമായി സൗഹൃദം സ്ഥാപിച്ചശേഷം മാണിയെ മുന്നണിയില്‍ എത്തിക്കണമെന്നാണ് ബി.ജെ.പി നേതാക്കളുടെ ആഗ്രഹം. ഗാഡ്ഗില്‍, കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളാണ് അതിനു തുറുപ്പുശീട്ടായുള്ളത്.
പശ്ചിമഘട്ട സംരക്ഷണത്തിന് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയേ പറ്റൂ എന്നായിരുന്നു ബി.ജെ.പിയുടെ പ്രഖ്യാപിത നിലപാട്. ഗാഡ്ഗില്‍ ശിപാര്‍ശകളില്‍ ഇളവുനല്‍കിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ പാര്‍ട്ടി അനുകൂലിച്ചിരുന്നില്ല. ഇരു റിപ്പോര്‍ട്ടുകളോടും കടുത്ത എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് ക്രിസ്ത്യന്‍ സഭകളാണ്. സഭകളുമായി ആരോഗ്യകരമായ കൂടിക്കാഴ്ച നടത്തി നിയന്ത്രണങ്ങളില്‍ അയവു വരുത്തണമെന്ന നിലപാടിലേക്ക് സംസ്ഥാന ബി.ജെ.പി നേതൃത്വം എത്തിക്കഴിഞ്ഞതായാണ് സൂചന. കോഴിക്കോട്ട് പ്രധാനമന്ത്രിയെ ബിഷപ്പുമാര്‍ സന്ദര്‍ശിച്ചതു ബി.ജെ.പി നേതാക്കളുടെ പ്രത്യേക താല്‍പര്യ പ്രകാരമായിരുന്നു എന്നതുകൂടി കൂട്ടി വായിക്കുമ്പോള്‍ ചിത്രം വ്യക്തമാകും.
കേന്ദ്ര ഭരണത്തിന്‍െറ ആനുകൂല്യങ്ങള്‍ കേരള നേതാക്കള്‍ക്ക് ലഭിക്കുന്നില്ല എന്ന പരാതിക്ക് ദേശീയ നേതൃത്വം വൈകാതെ പരിഹാരം കാണുമെന്ന പ്രതീക്ഷ സംസ്ഥാന നേതൃത്വം പ്രകടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തെ കേന്ദ്ര സ്ഥാപനങ്ങളില്‍ ചെയര്‍മാന്‍ പദവും ഡയറക്ടര്‍ പദവും കാത്തിരിക്കുന്ന നേതാക്കള്‍ കുറച്ചൊന്നുമല്ല. അത് തട്ടിയെടുക്കാന്‍ ബി.ഡി.ജെ.എസ് ശ്രമിക്കുന്നതാണ് എന്‍.ഡി.എ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിലൊന്ന്. വെള്ളാപ്പള്ളി നടേശന്‍െറ ലിസ്റ്റ് പ്രകാരം സ്ഥാനങ്ങള്‍ നല്‍കിയാല്‍ ബി.ജെ.പി നേതാക്കളെല്ലാം പുറത്താകുമെന്നതാണ് അവസ്ഥ. പാര്‍ട്ടി പദവികളില്‍നിന്ന് പൂര്‍ണമായി മാറ്റിനിര്‍ത്തപ്പെട്ട കേരളത്തിന് അര്‍ഹിക്കുന്ന പദവി നല്‍കണമെന്ന ആവശ്യവും ഉടനെ അംഗീകരിക്കപ്പെട്ടേക്കാം. ദേശീയ നേതൃത്വത്തില്‍ ഒരാള്‍പോലുമില്ലാത്ത സ്ഥിതിയാണിപ്പോള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.