മഹാരാഷ്ട്ര: ബി.ജെ.പിയുമായി ഒത്തുപോകില്ല, ഷിൻഡെ പക്ഷത്തെ 22 എം.എൽ.എമാരും ഒമ്പത് എം.പിമാരും പാർട്ടി വിടുമെന്ന് സാമ്ന
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയുമായി ഒന്നിച്ചുപോകുന്നത് അംഗീകരിക്കാൻ കഴിയാത്ത 22 എം.എൽ.എമാരും ഒമ്പത് എം.പിമാരും ശിവസേന ഷിൻഡെ വിഭാഗത്തിൽ നിന്ന് രാജിവെക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗത്തിന്‍റെ മുഖപത്രമായ സാമ്ന. ബി.ജെ.പി സഖ്യത്തിലുള്ള മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ഭരണത്തിൽ ഇവർ അസ്വസ്ഥരാണെന്നും തങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവ് വിനായക് റാവുത്ത് പറഞ്ഞു.
ഷിൻഡെ പക്ഷത്തെ മുതിർന്ന നേതാവ് ഗജാനൻ കിർതികർ ബി.ജെ.പിയോടുള്ള അനിഷ്ടം തുറന്നുപറഞ്ഞതായാണ് സാമ്നയിലെ റിപ്പോർട്ടിൽ പറയുന്നത്. തങ്ങളുടെ മണ്ഡലങ്ങളിൽ ഒരു വികസന പ്രവർത്തനങ്ങളും നടക്കുന്നില്ലെന്നാണ് ബി.ജെ.പിയെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നത്. ശിവസേനയുടെ 13 എം.പിമാർ ഇപ്പോൾ എൻ.ഡി.എയുടെ ഭാഗമാണെന്നും എന്നിട്ടും തങ്ങളുടെ ആവശ്യങ്ങളിൽ ഒരു നടപടിയുമുണ്ടാകുന്നില്ലെന്നും ഗജാനൻ കിർതികർ പറയുന്നു.
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 22 സീറ്റിൽ ശിവസേന മത്സരിക്കുമെന്നാണ് ഗജാനൻ കിർതികർ പറയുന്നത്. എന്നാൽ, ഏഴ് സീറ്റിലധികം ശിവസേനക്ക് നൽകാൻ ബി.ജെ.പിക്ക് താൽപര്യമില്ല. ആത്മാഭിമാനവും ആദരവും പണം കൊണ്ട് വാങ്ങാനാവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നുവെന്ന് കിർതികർ പറഞ്ഞതായും സാമ്ന റിപ്പോർട്ട് ചെയ്യുന്നു.
മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ ശിവസേന വിമതർ പാർട്ടി വിട്ട് ബി.ജെ.പിക്കൊപ്പം സഖ്യം ചേർന്ന് സർക്കാർ രൂപീകരിക്കുകയായിരുന്നു. ഇതോടെയാണ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യസർക്കാർ താഴെവീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.