പാർട്ടി അപ്രസക്തമാവുന്നു; ആം ആദ്മി കൺവീനറെ മാറ്റുന്നു
text_fieldsതൃശൂർ: ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സ്ഥാനത്തുനിന്ന് സി.ആർ. നീലകണ്ഠനെ മാറ്റുമെന്ന് സൂചന. പകരം പി.സി. സിറിയക് കൺവീനറായേക്കും. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറിയാണ്, ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന സിറിയക്. ആം ആദ്മി ദേശീയ നേതൃത്വം സമീപിക്കുകയും സിറിയക് സമ്മതം അറിയിക്കുകയും ചെയ്തതായാണ് വിവരം. ജൂലൈ 31ന് കൊച്ചിയിൽ പാർട്ടി കേന്ദ്ര നിരീക്ഷകൻ സോമനാഥ് ഭാരതി തീരുമാനം പ്രഖ്യാപിച്ചേക്കും.
മുഖ്യധാരയിൽ സാന്നിധ്യം അറിയിക്കാൻ പോലും കഴിയാത്ത വിധത്തിൽ ആം ആദ്മി സംസ്ഥാനത്ത് അപ്രസക്തമാവുകയാണെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വമത്രെ. അംഗബലം വർധിപ്പിക്കാനോ ദേശീയ തലത്തിൽപോലും ശ്രദ്ധിക്കപ്പെട്ട നിരവധി വിഷയങ്ങളിൽ സജീവമായി ഇടപെടാനോ കഴിഞ്ഞിട്ടില്ല. ചെങ്ങന്നൂർ തെരഞ്ഞെടുപ്പോടെ നില പരിതാപകരമായി.
2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ 1,065 വോട്ട് കിട്ടിയപ്പോൾ ഇക്കഴിഞ്ഞ ഉപതെരെഞ്ഞടുപ്പിൽ 368 വോട്ടിലേക്ക് പതിച്ചു. ഇങ്ങനെ പോയാൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താൻപോലും കഴിയാത്ത അവസ്ഥ വരും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എറണാകുളം, തൃശൂർ, ചാലക്കുടി മണ്ഡലങ്ങളിൽ ലഭിച്ച വോട്ടിെൻറ പത്തിലൊന്നുപോലും നേടാൻ കഴിയാത്ത അവസ്ഥയിലാണ് ഇന്ന് പാർട്ടിയെന്നാണ് വിലയിരുത്തൽ. പുതിയ കൺവീനറെ നിയോഗിച്ച് സംഘടന സംവിധാനം ഉടച്ചു വാർക്കാനാണ് ശ്രമം.
അതേസമയം, സംഘടനയുെട നേതൃതലത്തിൽ ഉൾപ്പെടെ പുതിയ മുഖങ്ങൾ വരണമെന്ന് സി.ആർ. നീലകണ്ഠൻ ‘മാധ്യമ’ത്തോട് പറഞ്ഞു. പാർലമെൻറ് മണ്ഡലം കമ്മിറ്റിയിൽനിന്ന് ജില്ല കമ്മിറ്റി എന്ന ഘടനയിലേക്ക് മാറ്റാൻ ആലോചനയുണ്ട്. സംഘടന കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്ന ആളുകളും വേണം. തനിക്ക് പല തിരക്കുകളുമുണ്ട്. കൊച്ചിയിൽ അടുത്ത ദിവസങ്ങളിൽ നടക്കുന്ന വളൻറിയർമാരുടെ യോഗത്തിൽ ഇത്തരം കാര്യങ്ങളിൽ ദേശീയ നേതൃത്വം തീരുമാനം പറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി കൺവീനർ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതിെനക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ലെന്ന് പി.സി. സിറിയക് പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.