‘ആപ്’ രാജസ്ഥാനിൽ ഭാഗ്യപരീക്ഷണത്തിന്
text_fieldsജയ്പുർ: പഞ്ചാബ്, ഗോവ തെരഞ്ഞെടുപ്പുകളിൽ നിലംപരിശായ ആം ആദ്മി പാർട്ടി വരുന്ന രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്നു. രാജസ്ഥാനിൽ പരമ്പരാഗതമായി കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. എന്നാൽ, ഇത്തവണ ആ സ്ഥിതി മാറുമെന്നാണ് ‘ആപ്’ കരുതുന്നത്. ഇതിെൻറ ഭാഗമായി ആഗസ്റ്റിൽ തന്നെ പാർട്ടി പല സ്ഥാനാർഥികളെയും പ്രഖ്യാപിക്കുകയും ചെയ്തു. 2014ലെ ലോക്സഭ െതരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 25ഒാളം മണ്ഡലങ്ങളിൽ ‘ആപ്’ സ്ഥാനാർഥികളെ നിർത്തിയിരുന്നു. എന്നാൽ, ആരും ജയിച്ചുകയറിയില്ല.
സ്ഥാനാർഥികൾ പലരും പ്രശസ്തരായിരുന്നെങ്കിലും ഭാഗ്യം തുണച്ചില്ല. ഡൽഹിയിലെ അഴിമതിവിരുദ്ധ മുന്നേറ്റത്തെ തുടർന്നാണ് ‘ആപ്’ രാജസ്ഥാനിലും പേരെടുത്തത്. ഇതിെൻറ ഭാഗമായി കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് വിവിധ തലങ്ങളിലുള്ള പ്രമുഖർ പാർട്ടിയിൽ അംഗത്വമെടുത്തിരുന്നു. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി ഇതുവരെ 63 സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ചു. പ്രകടനപത്രിക തയാറാക്കാനായി പൊതുജനങ്ങളിൽനിന്ന് നിർദേശം ക്ഷണിക്കുകയും ചെയ്തു. പത്രിക ഉടൻ പുറത്തിറക്കും. സംസ്ഥാനത്തെ മുഴുവൻ സീറ്റുകളിലും മത്സരിക്കാനാണ് പാർട്ടി തീരുമാനം. ഒക്ടോബർ 28ന് ജയ്പുർ രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സംസാരിക്കും.
ഇൗ പരിപാടിയിൽ പല അസംതൃപ്ത ബി.ജെ.പി-കോൺഗ്രസ് നേതാക്കളും ‘ആപ്പി’ൽ എത്തുമെന്ന് അഭ്യൂഹമുണ്ട്. രാജസ്ഥാനിലെ ‘ആപ്പി’െൻറ വികസന കാഴ്ചപ്പാട് അവതരിപ്പിക്കാനുള്ള വേദിയാകും റാലിയെന്ന് പാർട്ടി സംസ്ഥാന കോഒാഡിനേറ്റർ ദേവേന്ദ്ര ശാസ്ത്രി പറഞ്ഞു. ബി.ജെ.പി നേതായവും ‘കിസാൻ മഹാപഞ്ചായത്ത്’ സ്ഥാപകനുമായ രാംപൽ ജാട്ട് ഇൗയിടെ ‘ആപ്പി’െലത്തിയത് പാർട്ടിയുടെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ബി.ജെ.പി മുൻ ജനറൽ സെക്രട്ടറിയാണ്. സർക്കാർ കർഷകരെയും ഗ്രാമീണരെയും വഞ്ചിച്ചുവെന്ന് പറഞ്ഞാണ് ജാട്ട് ‘ആപ്പി’ൽ ചേർന്നത്.
കർഷകരുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ഗിരിരാജ് സിങ് ഖംഗരോട് (മാൽപുര), പാർട്ടി ദേശീയ കൗൺസിൽ അംഗം സുനിൽ അഗിവാൾ (ഭിൽവാര), ചാർേട്ടഡ് അക്കൗണ്ടൻറ് എം.പി. ഛോയൽ (ലഡ്പുര), ഡോക്ടറായ ഭരത് ഗുപ്ത (മാളവിയ നഗർ, ജയ്പുർ), ആക്ടിവിസ്റ്റ് അശോക് ജെയിൻ തുടങ്ങിയവരാണ് ഇത്തവണത്തെ ‘ആപ്’ സ്ഥാനാർഥിപ്പട്ടികയിലെ പ്രമുഖർ. ബി.ജെ.പി വിരുദ്ധ പോരാട്ടം നടത്തുന്ന ഇടതുകക്ഷികളുമായി സഖ്യമുണ്ടാക്കാനും ‘ആപ്’ പദ്ധതിയിടുന്നുണ്ട്. ഒന്നുകിൽ കോൺഗ്രസ്, അല്ലെങ്കിൽ ബി.ജെ.പി എന്ന തത്ത്വം ഇത്തവണ തകരുമെന്ന വിശ്വാസത്തിലാണ് ‘ആപ്’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.