നടൻ ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷി ബി.ജെ.പിയോടടുക്കുന്നു; നോട്ടം കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങൾ
text_fieldsചെന്നൈ: തമിഴ് നടൻ ശരത് കുമാറിന്‍റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി എൻ.ഡി.എ സഖ്യത്തിലേക്കെന്ന് റിപ്പോർട്ടുകൾ. ലോക്സഭ തെരഞ്ഞെടുപ്പിൽ കന്യാകുമാരി, തിരുനെൽവേലി മണ്ഡലങ്ങൾ തങ്ങൾക്ക് നൽകണമെന്ന് ബി.ജെ.പിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. തിരുനെൽവേലി, കന്യാകുമാരി, തെങ്കാശി ജില്ലകൾ പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളാണ്. നേരത്തെ, തെങ്കാശിയിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു ശരത് കുമാർ. എന്നാൽ, ഒരു സീറ്റ് നൽകാമെന്നാണ് ബി.ജെ.പി മുന്നോട്ടുവെച്ചിരിക്കുന്ന നിർദേശം.
ശരത് കുമാർ ബി.ജെ.പിയുമായി സഖ്യചർച്ചകൾ നടത്തുകയാണെന്ന് നേരത്തെ തന്നെ അഭ്യൂഹമുണ്ടായിരുന്നു. മോദിയെ പ്രകീർത്തിച്ച് അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. 'ലോകം ഇന്ന് ഇന്ത്യയെ കൂടുതൽ പ്രാധാന്യത്തോടെ കാണുന്നതിന് കാരണക്കാരൻ മോദിയാണ്. ലോകത്തിന് മുന്നിൽ പുതിയ ഇന്ത്യയെ സൃഷ്ടിച്ചത് മോദിയാണ്' എന്നായിരുന്നു വാക്കുകൾ.
2007ലാണ് ശരത് കുമാർ എ.ഐ.എ.ഡി.എം.കെ വിട്ട് ഓൾ ഇന്ത്യ സമത്വ മക്കൾ കക്ഷി രൂപീകരിക്കുന്നത്. 1996ൽ ഡി.എം.കെയിലൂടെയാണ് നടന്‍റെ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം. 1998ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഡി.എം.കെ സ്ഥാനാർഥിയായി തിരുനെൽവേലി മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അതിനുശേഷം 2001ൽ ഡി.എം.കെയുടെ രാജ്യസഭാംഗമായി. 2006ൽ ശരത്കുമാർ ഡി.എം.കെ വിട്ട് എ.ഐ.എ.ഡി.എം.കെയിൽ ചേർന്നു. ഭാര്യ രാധികയെ എ.ഐ.എ.ഡി.എം.കെയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ 2007ൽ പാർട്ടി വിട്ട് സമത്വ മക്കൾ കക്ഷി രൂപീകരിക്കുകയായിരുന്നു.
2011ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെങ്കാശിയിൽ നിന്ന് മത്സരിച്ച് നിയമസഭയിലെത്തി. 2021ലെ തെരഞ്ഞെടുപ്പിൽ നടൻ കമൽഹാസന്‍റെ മക്കൾ നീതി മയ്യത്തോടൊപ്പം മത്സരിച്ചെങ്കിലും വിജയിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.