പ്രായ പരിധി 75: എസ്.ആർ.പി അടക്കം ഒഴിയും കേന്ദ്ര കമ്മിറ്റി തീരുമാനം സി.പി.എം നടപ്പാക്കും
text_fieldsതിരുവനന്തപുരം: പി.ബി മുതൽ ജില്ല കമ്മിറ്റി തലം വരെ ഘടകങ്ങളിലെ അംഗങ്ങൾക്കുള്ള ഉയർന്ന പ്രായപരിധി 75 എന്നത് കർശനമായി നടപ്പാക്കാൻ സി.പി.എം നേതൃത്വം. നേരത്തേ, കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തീരുമാനം പി.ബിയംഗം കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. ഇതോടെ, കേരളത്തിലും സി.പി.എമ്മിൽ വലിയ തോതിൽ തലമുറ മാറ്റമുണ്ടാകുമെന്നുറപ്പായി. കണ്ണൂരിൽ നടക്കുന്ന 23ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സമ്മേളനങ്ങളോടെ ഇത് നടപ്പാകും.
പോളിറ്റ് ബ്യൂറോയിൽ എസ്. രാമചന്ദ്രൻ പിള്ള, ഹനൻമുല്ല, ബിമൻബസു, പിണറായി വിജയൻ എന്നിവരാണ് 75 വയസ്സിന് മുകളിലുള്ളവർ. ഇവരിൽ മുഖ്യമന്ത്രി പദവി വഹിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പിണറായിക്ക് മാത്രം ഇളവ് ലഭിക്കും. കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ തന്നെ 80 കഴിഞ്ഞ എസ്.ആർ.പി ഒഴിയാൻ താൽപര്യം കാണിച്ചെങ്കിലും പി.ബിയുടെ അഭ്യർഥന പ്രകാരം നിലനിർത്തുകയായിരുന്നു. എസ്.ആർ.പിയുടെ പി.ബി പ്രാതിനിധ്യം കേന്ദ്ര സെൻററിൽ നിന്നായതിനാൽ പകരം കേരളത്തിൽനിന്ന് ആർക്കെങ്കിലും സ്ഥാനക്കയറ്റം ലഭിക്കുമെന്ന് പറയാനാവില്ല.
കേന്ദ്ര കമ്മിറ്റിയിൽ കേരളത്തിൽനിന്നുള്ള പി. കരുണാകരനും വൈക്കം വിശ്വനുമാണ് ഒഴിയുക. സംസ്ഥാന സെക്രേട്ടറിയറ്റിൽനിന്ന് അഞ്ചുപേരാണ് ഒഴിയുക- പി. കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, എം.എം. മണി, കെ.ജെ. തോമസ് എന്നിവർ. സംസ്ഥാന സമിതിയിൽ 88 അംഗങ്ങളും എട്ട് പ്രത്യേക ക്ഷണിതാക്കളുമുൾപ്പെടെ ആകെ 96 അംഗങ്ങളാണുള്ളത്. ഇതിൽ 20ൽ അധികം പേർ 75 വയസ്സ് എന്ന പരിധി കടന്നവരാണ്. ഇവർ എറണാകുളം സംസ്ഥാന സമ്മേളനത്തോടെ സംസ്ഥാന സമിതിക്ക് പുറത്താകും. പി. കരുണാകരൻ, വൈക്കം വിശ്വൻ, ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ, കെ.പി. സഹദേവൻ, പി.പി. വാസുദേവൻ, സി.പി. നാരായണൻ, എം.എം. മണി, കോലിയക്കോട് കൃഷ്ണൻനായർ, കെ.ജെ. തോമസ് എന്നിവരെല്ലാം പ്രായപിരിധിക്ക് പുറത്താണ്. വി.എസ്. അച്യുതാനന്ദൻ, പാലോളി മുഹമ്മദ് കുട്ടി അടക്കമുള്ള പ്രത്യേക ക്ഷണിതാക്കളിൽ എത്ര പേരെ നിലനിർത്തണമെന്നത് കേന്ദ്ര നേതൃത്വവുമായുള്ള കൂടിയാലോചനക്ക് ശേഷമാകും തീരുമാനിക്കുക.
കെ.എൻ. ഗണേശ് സി.പി.എം സംസ്ഥാന സമിതിയിൽ
തിരുവനന്തപുരം: പ്രമുഖ ചരിത്രകാരനും ഇടത് സഹയാത്രികനുമായ പ്രഫ. കെ.എൻ. ഗണേശിനെ സി.പി.എം സംസ്ഥാന സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഉൾപ്പെടുത്തി. ഒന്നാം പിണറായി സർക്കാറിെൻറ കാലം മുതൽ സി.പി.എമ്മിനും സർക്കാറിനും ശക്തമായ പിന്തുണയാണ് ഗണേശ് നൽകുന്നത്. മുൻ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥിനെയും സമാനമായാണ് ഉൾപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.