പന്നീർസെൽവം-പളനിസാമി വിഭാഗങ്ങൾ ഒരുമിക്കാൻ സാധ്യത തേടി
text_fieldsചെന്നൈ: പാർട്ടി ജനറൽ സെക്രട്ടറി ശശികലയുടെ കുടുംബം ഉൾപ്പെട്ട മന്നാർഗുഡി സംഘത്തിൽനിന്ന് അണ്ണാ ഡി.എം.കെയെ രക്ഷിക്കാൻ വിഘടിച്ചുനിൽക്കുന്ന പന്നീർസെൽവം- പളനിസാമി വിഭാഗങ്ങൾ ഒരുമിക്കാനുള്ള സാധ്യത തേടി അണിയറയിൽ രഹസ്യ ചർച്ച. എടപ്പാടി െക. പളനിസാമി മന്ത്രിസഭയിലെ മുതിർന്ന മന്ത്രിമാരും എം.എൽ.എമാരുമാണ് നാടകീയ നീക്കത്തിന് പിന്നിൽ. അണ്ണാ ഡി.എം.കെ സർക്കാറിെൻറയും പാർട്ടിയുടെയും മുന്നിലുള്ള അരക്ഷിതാവസ്ഥ തരണം ചെയ്യാനാണ് തലമുതിർന്ന അംഗങ്ങളുടെ നീക്കം. ജയിലിൽ കഴിയുന്ന ജനറൽ സെക്രട്ടറി ശശികലയും പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായ ടി.ടി.വി. ദിനകരനും അറിയാതെയാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
ശശികല പക്ഷം സ്ഥാനാർഥി ടി.ടി.വി. ദിനകരെൻറ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ചില മന്ത്രിമാർ തുടർച്ചയായി വിട്ടുനിൽക്കുന്നത് പുതിയ നീക്കങ്ങൾ സംബന്ധിച്ച സംശയങ്ങൾ ബലപ്പെടുത്തുന്നു. തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗങ്ങളിൽ ചായകുടിച്ച് പിരിയുന്നതല്ലാതെ ഇവരാരും കളത്തിലിറങ്ങുന്നില്ല. വകുപ്പു ഭരണത്തിൽ ദിനകരെൻറ ഇടപെടലുകളിലെ അസന്തുഷ്ടി മന്ത്രിമാർ മുഖ്യമന്ത്രി പളനിസാമിയെ അറിയിച്ചിട്ടുണ്ട്.
ശശികലയുടെ ഭർത്താവ് നടരാജനും മറ്റ് കുടുംബാംഗങ്ങളും ഉൾപ്പെട്ട മന്നാർഗുഡി സംഘം ഭരണത്തിലും പാർട്ടിയിലും ശക്തരായി വരികയാണ്. ഉപതെരഞ്ഞെടുപ്പിൽ ദിനകരൻ വിജയിച്ചാൽ പളനിസാമിയുടെ മുഖ്യമന്ത്രി പദവിക്കും പാർട്ടിയിലെ തലമുതിർന്ന നേതാക്കൾക്കും ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ. അതോടൊപ്പം മന്നാർഗുഡി സംഘത്തിൽനിന്നുള്ളവരെ പാർട്ടിയിലെ താക്കോൽസ്ഥാനങ്ങളിൽ തിരുകാനുള്ള നീക്കവും ശക്തമാകുമത്രെ.
ഇത് മുന്നിൽകണ്ടാണ് ഒരു മാസം മുമ്പ് ഭരണത്തിനായി ഭിന്നിച്ച് മാറിയവർ ഒന്നിക്കാൻ തയാറെടുക്കുന്നത്. ഇരുഭാഗത്തെയും മന്ത്രിമാരും എം.എൽ.എമാരും പരസ്പരം ബന്ധപ്പെടാറുണ്ടെന്നും ഇവർ വ്യക്തമാക്കി. തങ്ങളാരും പളനിസാമിക്ക് എതിരല്ലെന്നും പാർട്ടി പേരും ഇരട്ട ഇലയും നഷ്ടപ്പെടുന്നതിൽ വിഷമമുെണ്ടന്നും പന്നീർസെൽവം പക്ഷത്തിലെ ആർ.കെ നഗർ തെരഞ്ഞെടുപ്പ് കമ്മിറ്റി അംഗം ശക്തിവേൽ മുരുകൻ പറഞ്ഞു. ആർ.കെ നഗറിലെ ചില പ്രദേശങ്ങളിൽ ശശികല പക്ഷത്തിന് ജനങ്ങളിൽനിന്ന് നേരിേടണ്ടിവന്ന പ്രതിഷേധവും ഒൗദ്യോഗികപക്ഷത്തെ മുതിർന്ന അംഗങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.