എ.െഎ.സി.സി പിൻവാതിൽ നിയമന വിവാദം കൊഴുക്കുന്നു
text_fieldsന്യൂഡൽഹി: മലയാളിയായ കെ. ശ്രീനിവാസൻ അധികമാരും അറിയാതെ എ.െഎ.സി.സി സെക്രട്ടറിയായതിനെ ചൊല്ലി കോൺഗ്രസിൽ വിവാദം കൊഴുക്കുന്നു. ‘ആരാണ് ശ്രീനിവാസൻ’ എന്ന ചോദ്യം പരസ്യമായി ഉന്നയിച്ച് കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ കഴിഞ്ഞ ദിവസം രംഗത്തുവന്നതിനു പിന്നാലെയാണിത്. അതേസമയം, റോബർട്ട് വാദ്രയുമായുള്ള ബിസിനസ് ബന്ധങ്ങളാണ് ശ്രീനിവാസന് പ്രധാന പാർട്ടിപദവി ലഭിക്കാൻ കാരണമെന്ന വിമർശനങ്ങൾ എ.െഎ.സി.സി തള്ളി. തെലങ്കാനയുടെ ചുമതല നൽകി കഴിഞ്ഞ ദിവസമാണ് ശ്രീനിവാസനെ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി എ.െഎ.സി.സി സെക്രട്ടറിയായി നിയമിച്ചത്. കേരളത്തിൽ പാർട്ടിയുടെ കൊടി പിടിക്കാൻ ശ്രീനിവാസനെ ആരും കണ്ടിട്ടില്ലെന്നാണ് മുതിർന്ന നേതാക്കളുടെ പരാതി. അവർ ആരും ഇത്തരമൊരു നാമനിർദേശം ഹൈകമാൻഡിനു നൽകിയിട്ടില്ല.
കോൺഗ്രസിെൻറ പ്രഫഷനൽ വിഭാഗത്തെ നിയന്ത്രിച്ച് കൊച്ചിയിൽ പ്രവർത്തിക്കുന്ന 54കാരനായ കെ. ശ്രീനിവാസന് മുതിർന്ന നേതാവ് കെ. കരുണാകരനുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹം കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഒാഫിസർ ഒാൺ സ്പെഷൽ ഡ്യൂട്ടിയായിരുന്നു ശ്രീനിവാസൻ. തൃശൂർ പൂങ്കുന്നം സ്വദേശി. നേരേത്ത ഇന്ത്യൻ ഇൻഫർമേഷൻ സർവിസിലായിരുന്നു. ദൂരദർശനിൽ ന്യൂസ് എഡിറ്ററായി. 20 വർഷം മുമ്പ് െഎ.െഎ.എസ് വിട്ടു.
കരുണാകരെൻറ അടുത്ത സഹായിയായിരുന്നതുവഴി സോണിയ ഗാന്ധിയുടെ ഒാഫിസിലെ വിൻസൻറ് േജാർജ്, വിജയചന്ദ്രൻ പിള്ള, മാധവൻ തുടങ്ങിയ മലയാളി ബന്ധങ്ങളിലൂടെ ശ്രീനിവാസെൻറ ബന്ധം വളർന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ഉറ്റബന്ധം സ്ഥാപിച്ചു. കരുണാകരൻ നാട്ടിലേക്കു മടങ്ങിയശേഷവും ഡൽഹിയിൽ തുടർന്നു. പാർട്ടി പരിപാടികളിൽ സഹകരിച്ചു. ശശി തരൂരുമായും നല്ല ബന്ധം. അതിനേക്കാൾ, റോബർട്ട് വാദ്രയുടെ ബിസിനസിൽ കണ്ണിയായി പ്രവർത്തിച്ചുവെന്നും, രാഹുൽ പാർട്ടി അധ്യക്ഷനായപ്പോൾ ആരോരുമറിയാതെ എ.െഎ.സി.സി സെക്രട്ടറിയായെന്നുമുള്ള വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. കേരളത്തിലെ പാർട്ടിക്കാർ അമർഷം ഉള്ളിൽ പുകക്കുകയാണ്.
വർഷങ്ങളായി പാർട്ടിയിൽ പ്രവർത്തിക്കുന്നവർക്കുള്ള അവസരം നിഷേധിച്ചാണ് പിൻവാതിൽ നിയമനം നടന്നതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, തെലങ്കാനയിൽ ഏതാനും വർഷമായി പ്രവർത്തിച്ചുവന്ന തന്നെ, അവിടത്തെ നേതാക്കളുടെ നിർബന്ധത്തെ തുടർന്നാണ് എ.െഎ.സി.സി സെക്രട്ടറിയാക്കിയതെന്ന വിശദീകരണം ശ്രീനിവാസനുണ്ട്. റോബർട്ട് വാദ്രയുമായി ശ്രീനിവാസന് ബിസിനസ് ബന്ധമുണ്ടെന്ന വ്യാഖ്യാനങ്ങൾ മാധ്യമസൃഷ്ടി മാത്രമാണെന്ന് കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. എ.െഎ.സി.സി മാധ്യമ വിഭാഗത്തിൽ ഉണ്ടായിരുന്ന ശ്രീനിവാസൻ കേരളത്തിലെ മുൻ മുഖ്യമന്ത്രിക്കും കെ.പി.സി.സി മുൻ പ്രസിഡൻറിനുമൊപ്പം ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ശ്രീനിവാസെൻറ നിയമനത്തിനെതിരെ വി.എം. സുധീരൻ നടത്തിയ പരാമർശങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും സുർജേവാല പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.