പ്രചാരണം ശക്തമാക്കി അജിത് ജോഗിയും മായാവതിയും
text_fieldsറായ്പുർ: ഛത്തിസ്ഗഢ് നിയമസഭ തെരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി മാറുമെന്ന് പ്രതീക്ഷിക്കുന്ന അജിത് ജോഗിയുടെ ജനത കോൺഗ്രസ് ഛത്തിസ്ഗഢും (ജെ.സി.സി) മായാവതിയുടെ ബി.എസ്.പിയും പ്രചാരണരംഗത്ത് സജീവം.
വരുന്നത് തൂക്കുസഭയാണെങ്കിൽ ഇരുവരുടെയും തീരുമാനം സർക്കാർ രൂപവത്കരണത്തിൽ നിർണായകമാകും. രാജ്യത്ത് ഏറ്റവും ശക്തമായ നക്സൽ പ്രവർത്തനങ്ങൾ നടക്കുന്ന ബസ്തർ മേഖലയിലാണ് നേതാക്കൾ ഇപ്പോൾ പ്രചാരണം നടത്തുന്നത്.
പ്രധാനമന്ത്രിയാകാൻ മായാവതി എന്തുകൊണ്ടും യോഗ്യയാണെന്നും േജാഗി വിശദീകരിക്കുന്നു. റാലികൾ സംഘടിപ്പിച്ച് വോട്ടർമാരെ മുഖാമുഖം കണ്ട് വികസനമെന്ന അജണ്ട സമർപ്പിച്ചാണ് നേതാക്കളുടെ പ്രയാണം. കർഷകരുടെ വായ്പകൾ എഴുതിത്തള്ളുമെന്നും യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഇവർ വാഗ്ദാനം ചെയ്യുന്നു.
അതിനിടെ, ഇൗമാസം 12ന് ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പ്രചാരണം കൊഴുപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് പ്രസിഡൻറ് രാഹുൽ ഗാന്ധിയും ബസ്തർ മേഖലയിൽ എത്തും. നക്സൽ പ്രവർത്തകരുടെ ആക്രമണങ്ങൾ നടക്കുന്ന മേഖലയാണിത്. ബിജാപുർ, ദന്താവാദെ, കോണ്ഡ, ചിത്രകോട്ട്, ബസ്തർ, നാരായൺപുർ, കൊണ്ടഗൗൺ, കെശ്കൽ, കാങ്കർ, ഭാനുപ്രതപുർ, അന്തഗഢ്, ജദൽപുർ എന്നീ മണ്ഡലങ്ങളാണ് ബസ്തർ മേഖലയിലുള്ളത്. ഇതിൽ എട്ട് മണ്ഡലങ്ങൾ നിലവിൽ കോൺഗ്രസിെൻറയും നാല് മണ്ഡലങ്ങൾ ബി.ജെ.പിയുടെയും കൈയിലാണ്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുന്ന 90 മണ്ഡലങ്ങളിൽ 18 സീറ്റുകളിൽ നവംബർ 12നും അവശേഷിക്കുന്ന 72 സീറ്റുകളിൽ നവംബർ 20നുമാണ് തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.