ചിഹ്നം മാത്രമല്ല, ‘നേതാജി’യും ഒപ്പമുണ്ടാകും –അഖിലേഷ്
text_fieldsലഖ്നോ: സമാജ്വാദി പാര്‍ട്ടി ചിഹ്നമായ സൈക്കിളിനൊപ്പം മുലായം സിങ്ങും കൂടെയുണ്ടാകുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ്. തെരഞ്ഞെടുപ്പ് കമീഷന്‍ സൈക്കിള്‍ ചിഹ്നം അഖിലേഷിനു തന്നെയെന്നുറപ്പിച്ച ശേഷം മുഖ്യമന്ത്രിയുടെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘എന്നോടൊപ്പം നേതാജിയും (മുലായം സിങ് യാദവ്) ഉണ്ടായിരിക്കും. അദ്ദേഹവും ഞാനുമായുള്ള ബന്ധം ആര്‍ക്കും തകര്‍ക്കാന്‍ കഴിയുന്നതല്ല. എന്നാല്‍, വീണ്ടും സമാജ്വാദി പാര്‍ട്ടിയെ അധികാരത്തിലത്തെിക്കുക എന്നതാണ് മുഖ്യ ലക്ഷ്യം. അതുകഴിഞ്ഞാല്‍, പാര്‍ട്ടി സ്ഥാപകനടക്കമുള്ള എല്ലാവരും ഒപ്പമുണ്ടാകും’’ -ഭിന്നതകള്‍ മറന്ന് പിതാവും പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവുമായി ഒന്നിക്കുമെന്ന സൂചന നല്‍കി അഖിലേഷ് നയം വ്യക്തമാക്കി.
ചിഹ്നം തനിക്കുതന്നെ കിട്ടുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നുവെന്നും സമയം കുറച്ച് നഷ്ടമായെങ്കിലും സ്ഥാനാര്‍ഥികളുടെ അന്തിമപ്പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും അഖിലേഷ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് തെരഞ്ഞെടുപ്പ് കമീഷന്‍ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവ് നയിക്കുന്ന വിഭാഗത്തിന് അനുവദിച്ച് ഉത്തരവായത്. ചിഹ്നം ലഭിച്ച ശേഷം അഖിലേഷ് തിങ്കളാഴ്ച അര്‍ധരാത്രി പിതാവിനെ നേരില്‍ കണ്ടിരുന്നു. അതിനു ശേഷം മുലായവുമായി നില്‍ക്കുന്ന, വൈകാരികത നിറഞ്ഞ മൂന്ന് ചിത്രങ്ങള്‍ അഖിലേഷ് ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ചെറുപ്പകാലത്തുള്ള ചിത്രമാണ് ഒന്ന്. മറ്റു രണ്ടു ചിത്രങ്ങളാകട്ടെ കഴിഞ്ഞ ജനുവരി ഒന്നിനു നടന്ന ദേശീയ കണ്‍വെന്‍ഷനിലേതും. ഒപ്പം ‘സൈക്കിള്‍ ചല്‍തീ ജായേഗി, ആഗേ ബഡ്തെ ജായേഗി’ (സൈക്കിള്‍ ഓടും, മുന്നോട്ടു കുതിക്കും) എന്ന സന്ദേശവും ചിത്രങ്ങള്‍ക്കൊപ്പം അഖിലേഷ് പങ്കുവെച്ചിരുന്നു. അഖിലേഷ് വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് മുദ്രാവാക്യം മുഴക്കി യുവാക്കള്‍ അദ്ദേഹത്തിന്‍െറ വസതിക്കു മുന്നില്‍ പ്രകടനം നടത്തി. അതിനിടെ, യു.പി നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഒന്നാംഘട്ട വിജ്ഞാപനം ഇറങ്ങി. ഫെബ്രുവരി 11ന് പടിഞ്ഞാറന്‍ യു.പിയിലെ 15 ജില്ലകളിലായി 73 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. പത്രിക സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24 ആണ്.
125 സീറ്റുകളില്‍ സമവാക്യം മാറും
അഖിലേഷ് യാദവും കോണ്‍ഗ്രസും കൈകോര്‍ത്ത് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത് യു.പിയില്‍ 403ല്‍ 125 സീറ്റില്‍ കാര്യമായ ചലനമുണ്ടാക്കുമെന്ന് പ്രാഥമിക നിഗമനം. പ്രധാനമായും കിഴക്കന്‍ യു.പിയിലെ സമവാക്യം മാറും.കുടുംബവഴക്കും ഭരണവിരുദ്ധ വികാരവും മൂലം സമാജ്വാദി പാര്‍ട്ടിയും ദുര്‍ബലരായ കോണ്‍ഗ്രസും ഇക്കുറി കളത്തിനു പുറത്താണെന്ന സ്ഥിതി മാറിയതോടെ, തെരഞ്ഞെടുപ്പു തന്ത്രങ്ങളില്‍ പൊളിച്ചെഴുത്തിന് ബി.ജെ.പിയും മായാവതി നയിക്കുന്ന ബി.എസ്.പിയും നിര്‍ബന്ധിതമായിരിക്കുകയാണ്. മുമ്പ് കോണ്‍ഗ്രസിനും പിന്നീട് സമാജ്വാദി പാര്‍ട്ടിക്കും പിന്തുണ നല്‍കിപ്പോന്ന മുസ്ലിംകള്‍ സംസ്ഥാന ജനസംഖ്യയില്‍ 20 ശതമാനം വരും. അഖിലേഷ്-കോണ്‍ഗ്രസ് സഖ്യം വരുന്ന സാഹചര്യത്തില്‍ മായാവതിക്ക് കിട്ടുന്ന മുസ്ലിം വോട്ടുകള്‍ പരിമിതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.