എല്ലാം പറഞ്ഞുതീർപ്പാക്കി; രാഹുലിന്‍റെ യാത്രയിൽ ഇന്ന് അഖിലേഷ് യാദവ് പങ്കെടുക്കും
text_fieldsലഖ്നോ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സമാജ് വാദി പാർട്ടി മേധാവി അഖിലേഷ് യാദവ് പങ്കെടുക്കും. ഇന്ന് വൈകീട്ട് ആഗ്രയിലെ പര്യടനത്തിൽ രാഹുലിനൊപ്പം അഖിലേഷും അണിചേരും. യു.പിയിൽ സീറ്റ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസും എസ്.പിയും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പറഞ്ഞുതീർത്ത പശ്ചാത്തലത്തിലാണ് അഖിലേഷ് രാഹുലിന്‍റെ യാത്രയിൽ അണിചേരുന്നത്. 'ഇൻഡ്യ' സഖ്യത്തിലെ രണ്ട് പ്രമുഖ കക്ഷികൾ രമ്യതയിലെത്തിയത് മുന്നണിക്കും ആശ്വാസമാണ്.
സീറ്റ് വിഭജനം പൂർത്തിയായ ശേഷമേ ജോഡോ യാത്രയിൽ പങ്കെടുക്കൂവെന്നായിരുന്നു അഖിലേഷ് യാദവിന്‍റെ നിലപാട്. രാഹുൽ നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര അമേത്തിയിലും റായ് ബറേലിയും എത്തിയപ്പോൾ അഖിലേഷ് വിട്ടുനിന്നു. ഇതോടെ സഖ്യ ചർച്ചകൾ വഴിമുട്ടിയെന്ന പ്രചാരണവുമുയർന്നു.
എന്നാൽ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി അഖിലേഷുമായി നടത്തിയ ചർച്ചയിലാണ് ഇരുകക്ഷികൾക്കുമിടയിലെ മഞ്ഞുരുകിയത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കോൺഗ്രസുമായി സഖ്യമുണ്ടാകുമെന്നും രാഹുൽ ഗാന്ധിയുമായി പ്രശ്നങ്ങളില്ലെന്നും ഇതിന് പിന്നാലെ സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് വ്യക്തമാക്കുകയും ചെയ്തു. യു.പിയിൽ 63 സീറ്റിൽ എസ്.പിയും 17 സീറ്റിൽ കോൺഗ്രസും മത്സരിക്കാനാണ് ധാരണയായത്.
ഇന്ന് ജോഡോ ന്യായ് യാത്ര കടന്നുപോകുന്നവയിൽ മഥുര, ഫത്തേപൂർ സിക്രി എന്നിവയിൽ കോൺഗ്രസ് മത്സരിക്കാനാണ് ധാരണ. ആഗ്ര, ഹാഥ്റസ്, എറ്റാ, അലിഗഢ് എന്നിവയിൽ എസ്.പിയും മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.