അന്നും വെച്ചു ഇതേ ഓഫർ, മൗര്യ വീണില്ല; ഇന്ന് വീണ്ടും അഖിലേഷിന്‍റെ 'മൺസൂൺ ഓഫർ'
text_fieldsലഖ്നോ: നൂറ് എം.എൽ.എമാരുമായി വന്നാൽ സർക്കാറുണ്ടാക്കാമെന്ന വാഗ്ദാനം അഖിലേഷ് യാദവ് മുന്നോട്ടുവെച്ചത് ആദ്യമായല്ല. രണ്ട് വർഷം മുമ്പും അഖിലേഷ് ഇതേ വാഗ്ദാനം നടത്തിയിരുന്നു, യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട്. എന്നാൽ, അന്ന് അഖിലേഷിന്‍റെ വാഗ്ദാനം തള്ളുകയാണ് മൗര്യ ചെയ്തത്. രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇന്ന്, യു.പി ബി.ജെ.പിയിൽ ചേരിപ്പോര് രൂക്ഷമായിരിക്കെ അഖിലേഷ് 'മൺസൂൺ ഓഫറെ'ന്ന പേരിൽ പഴയ വാഗ്ദാനം വീണ്ടുമെടുത്തപ്പോൾ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി യോഗിയെ വിമർശിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ തന്നെ.
2022 ആഗസ്റ്റിലാണ് ബിഹാറിൽ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാർ എൻ.ഡി.എ സഖ്യം വിട്ടത്. എൻ.ഡി.എ മുഖ്യമന്ത്രിയായിരുന്ന നിതീഷ് രാജിവെച്ച് ആർ.ജെ.ഡിയും കോൺഗ്രസും ഇടതുകക്ഷികളും ചേർന്ന് രൂപീകരിച്ച മഹാഗഡ്ബന്ധന്‍റെ ഭാഗമായി വീണ്ടും മുഖ്യമന്ത്രിയായി. ഇതിന് പിന്നാലെയായിരുന്നു യു.പിയിൽ കേശവ് പ്രസാദ് മൗര്യക്ക് അഖിലേഷിന്‍റെ ആദ്യ ഓഫർ. ബിഹാറിലെ മാതൃക അവലംബിച്ച് മറുകണ്ടം ചാടാനായിരുന്നു അഖിലേഷിന്‍റെ ക്ഷണം. 100 എം.എൽ.എമാരുമായി വന്നാൽ മുഖ്യമന്ത്രിയാക്കാം എന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
എന്നാൽ, അന്ന് അഖിലേഷിനെ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തുകയാണ് ഉപമുഖ്യമന്ത്രിയായിരുന്ന കേശവ് പ്രസാദ് മൗര്യ ചെയ്തത്. 'അധികാരത്തിൽ നിന്ന് പുറത്തായതോടെ കരയിൽ വീണ മീനിനെ പോലെയാണ് അഖിലേഷ്' എന്നാണ് മൗര്യ പറഞ്ഞത്. വാർത്തയുണ്ടാക്കുകയാണ് ഇത്തരം പ്രസ്താവനകളുടെ ലക്ഷ്യം. എസ്.പിയുടെ 100 എം.എൽ.എമാർ ബി.ജെ.പിയിൽ ചേരാൻ തയാറായി നിൽക്കുകയാണെന്നും മൗര്യ പറഞ്ഞിരുന്നു.
രണ്ട് വർഷത്തിന് ശേഷം ഇതേ വാഗ്ദാനം 'മൺസൂൺ ഓഫർ' എന്ന വിശേഷണത്തോടെ അഖിലേഷ് യാദവ് മുന്നിൽ വെക്കുമ്പോൾ ലക്ഷ്യമാക്കുന്നത് കേശവ് പ്രസാദ് മൗര്യയെ തന്നെ. ലോക്സഭ തെരഞ്ഞെടുപ്പിലെ തോൽവിയോടെ കനത്ത ക്ഷീണം നേരിട്ട ബി.ജെ.പിയിൽ തമ്മിലടി രൂക്ഷമാണെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ബി.ജെ.പിയുടെ ഒ.ബി.സി മുഖം കൂടിയാണ് കേശവ് പ്രസാദ് മൗര്യ. തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിയിൽ ശക്തമായ വിമർശനം ഉന്നയിച്ചയാളുമാണ്. തോൽവിയുടെ കാരണം വിലയിരുത്താൻ ഞായറാഴ്ച ലഖ്നോവിൽ ചേർന്ന ബി.ജെ.പി യു.പി നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മൗര്യ രൂക്ഷമായി വിമർശിച്ചതായാണ് റിപ്പോർട്ടുകൾ. പാർട്ടി സർക്കാറിനെക്കാൾ വലുതാണെന്ന് യോഗിയെ കേശവ് പ്രസാദ് മൗര്യ ഒാർമിപ്പിക്കുകയും ചെയ്തിരുന്നു.
ഈ പശ്ചാത്തലത്തിൽ കൂടിയാണ് അഖിലേഷിന്‍റെ 'മൺസൂർ ഓഫർ'. ഇതിനോട് കേശവ് പ്രസാദ് മൗര്യ എങ്ങനെ പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. നിലവിൽ യു.പിയിലെ 403 അംഗ നിയമസഭയിൽ എൻ.ഡി.എക്ക് 283 അംഗങ്ങളാണുള്ളത്. ഇൻഡ്യ മുന്നണിക്ക് 107ഉം. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.