എല്ലാ കണ്ണും മായാവതിയിലേക്ക്
text_fieldsഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിന്‍െറ പ്രചാരണ കോലാഹലം കെട്ടടങ്ങാന്‍ മൂന്നു ദിവസം കൂടി ബാക്കിനില്‍ക്കെ, എല്ലാ കണ്ണും ബി.എസ്.പി നേതാവ് മായാവതിയിലേക്ക്. തെരഞ്ഞെടുപ്പ് പ്രവണതകള്‍ കണ്ട് നിരാശരായ ബി.ജെ.പി വര്‍ഗീയ ധ്രുവീകരണത്തിന് നടത്തുന്ന ശ്രമം ബി.എസ്.പിയുടെ പരമ്പരാഗത വോട്ടുകള്‍ ചോര്‍ത്തിയില്ളെങ്കില്‍, അവസാന അങ്കവും കഴിയുമ്പോള്‍ മായാവതി മുന്നിലത്തെിയെന്നിരിക്കും.
ശ്മശാനവും ഖബറിടവും, ദീപാവലിയും റമദാനുമൊക്കെ ഹൈന്ദവ ദുരഭിമാനം ഉണര്‍ത്താനുള്ള വിഷയങ്ങളായി തെരഞ്ഞെടുത്ത ബി.ജെ.പി ഭയക്കുന്നത് മായാവതി തിരിച്ചുപിടിക്കാന്‍ സാധ്യതയുള്ള വോട്ടിന്‍െറ അളവാണ്. സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം ഉദ്ദേശിച്ച നേട്ടമുണ്ടാക്കില്ളെന്ന പ്രതീതി പരന്നുകഴിഞ്ഞിട്ടുണ്ട്. ഇതുവഴി ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കാനുളള സാധ്യത കുറയുമെന്നും മുസ്ലിംകള്‍ കൂട്ടത്തോടെ ബി.എസ്.പിയെ ജയിപ്പിക്കാന്‍ വോട്ടുചെയ്യുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ 42 ശതമാനം വോട്ടുപിടിച്ച ബി.ജെ.പിക്ക് 10 ശതമാനം വോട്ടര്‍മാര്‍ ഇക്കുറി കൈവിട്ടാല്‍പോലും ജയിക്കാമെന്നാണ് കണക്കുകൂട്ടല്‍. 2012ല്‍ സമാജ്വാദി പാര്‍ട്ടി അധികാരം പിടിച്ചത് 29 ശതമാനം വോട്ടുകൊണ്ടാണ്. 2007ല്‍ ബി.എസ്.പി ജയിച്ചത് 30 ശതമാനം വോട്ടു നേടിയാണ്. 42ല്‍നിന്ന് 10 ശതമാനം നഷ്ടപ്പെട്ടാലും ജയിക്കാമെന്ന ബി.ജെ.പിയുടെ കണക്ക് ഈ ചരിത്രം മുന്‍നിര്‍ത്തിയാണ്. എന്നാല്‍, വോട്ടുചോര്‍ച്ച 15 ശതമാനം വരെ എത്തിയാല്‍ സ്ഥിതി മാറി.
ഇത്രയും വോട്ടുചോര്‍ച്ച സംഭവിക്കണമെങ്കില്‍ ബി.എസ്.പിയിലേക്ക് അത്രയും ശക്തമായി വോട്ട് തിരിച്ചൊഴുകണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയെ വിട്ട് മോദിക്കു പിന്നാലെ എത്തിയ ജാട്ടവേതര വോട്ടുകള്‍ കൈവിടുമോ എന്ന ആശങ്കയാണ് ബി.ജെ.പി നേതൃത്വത്തിന്. സമാജ്വാദി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യം വഴി മുന്നാക്ക, യാദവേതര ഒ.ബി.സി വിഭാഗങ്ങളില്‍നിന്ന് ബി.ജെ.പിക്ക് കുറേ വോട്ട് നഷ്ടപ്പെടും. അതിനൊപ്പം ബി.എസ്.പിയിലേക്ക് തിരിച്ചൊഴുക്കുകൂടി ഉണ്ടായാല്‍ വോട്ടുനഷ്ടം 15 ശതമാനത്തിലധികം വരും.
ശനിയാഴ്ച വോട്ടെടുപ്പു നടക്കുന്ന കിഴക്കന്‍ യു.പിയിലും മറ്റുമായി 2012ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കിട്ടിയത് 11 സീറ്റാണ്. എന്നാല്‍, കേന്ദ്രഭരണവും മേഖലയില്‍ ശക്തനായ യോഗി ആദിത്യനാഥിന്‍െറ സ്വാധീനവും വഴി കൂടുതല്‍ സീറ്റ് പിടിക്കാനുള്ള സാധ്യത ബി.ജെ.പി കാണുന്നുണ്ട്. അതിനെ തടഞ്ഞുനിര്‍ത്താന്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തെക്കാള്‍ മായാവതിക്കാണ് കൂടുതല്‍ കഴിയുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരാണസി ഉള്‍പ്പെടുന്ന മേഖലയിലെ അവസാനഘട്ട വോട്ടെടുപ്പിലാകട്ടെ, ബി.ജെ.പി വ്യക്തമായ തിരിച്ചടി പ്രതീക്ഷിക്കുന്നുണ്ട്.
ഇതിനെല്ലാമിടയിലും ബിഹാറിലെ മഹാസഖ്യം ബി.ജെ.പിക്കെതിരെ നേടിയ വിജയം യു.പിയില്‍ സംഭവിക്കാന്‍ പ്രയാസം. ബിഹാറില്‍നിന്ന് ഭിന്നമായി യു.പിയില്‍ നടക്കുന്ന ത്രികോണ മത്സരം ബി.ജെ.പിയിതര വോട്ടുകള്‍ ചിതറിക്കുന്നതുതന്നെ കാരണം. വാഗ്ദാനലംഘനങ്ങളോടുള്ള ജനരോഷം, ദുര്‍ബലമായ സംസ്ഥാന നേതൃത്വം, ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങള്‍ തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും ബി.ജെ.പിയുടെ വലിയ പ്രതീക്ഷയും അതുതന്നെ.
ഓരോ മണ്ഡലത്തിലും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. അതില്‍ ഏറ്റവും പ്രധാനം ജാതിപരിഗണനകള്‍തന്നെ. ജാതി സമവാക്യങ്ങളെ ലോക്സഭ തെരഞ്ഞെടുപ്പിലേതുപോലെ വര്‍ഗീയ ധ്രുവീകരണം വഴി ഹൈന്ദവ സമുദായ ഏകീകരണമാക്കി മാറ്റാന്‍ കഴിയുമോ എന്ന തീവ്രപരീക്ഷണത്തിലാണ് ബി.ജെ.പി. ന്യൂനപക്ഷവിരുദ്ധ ചിന്താഗതി വളര്‍ത്തി ഹൈന്ദവ വോട്ടുകളുടെ ബദല്‍ ഏകീകരണം നടത്താനുള്ള ശ്രമം വിജയിച്ചാല്‍ ബി.ജെ.പിയുടെ ജയസാധ്യത വര്‍ധിക്കും.
ത്രിശങ്കു സഭ വന്നാല്‍ കിങ്മേക്കറാകാന്‍ ആര്‍.എല്‍.ഡി മുതല്‍ പല ചെറുപാര്‍ട്ടികളും വട്ടംകൂട്ടുന്നുണ്ട്. ബി.ജെ.പിയുമായി തെരഞ്ഞെടുപ്പിനുശേഷം സഖ്യമില്ളെന്നും ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയില്ളെങ്കില്‍ പ്രതിപക്ഷത്തിരിക്കുമെന്നും മായാവതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, സമാജ്വാദി പാര്‍ട്ടിയില്‍ അഖിലേഷ് പക്ഷമോ മുലായം പക്ഷമോ ഇത്തരം നിലപാടുകളൊന്നും എടുത്തിട്ടില്ല. ബി.ജെ.പി അധികാരം പിടിക്കുന്നത് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് മായാവതിയെ സഹായിക്കുമോ എന്ന കാര്യവും ഈ ഘട്ടത്തില്‍ അവ്യക്തം. ത്രിശങ്കുസഭ വന്നാല്‍ വലിയ കരണംമറിച്ചിലുകള്‍ക്കുള്ള സാധ്യതയാണ് യു.പിയില്‍ നിലനില്‍ക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.