പന്ത് ഗവർണറുടെ കോർട്ടിൽ
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റു നേടിയ പാർട്ടിയെയാണോ കേവല ഭൂരിപക്ഷം അവകാശപ്പെടുന്ന സഖ്യത്തെയാണോ മന്ത്രിസഭ രൂപവത്കരിക്കാൻ ഗവർണർ ക്ഷണിക്കേണ്ടത്? ഗവർണർ ഇക്കാര്യത്തിൽ പ്രയോഗിക്കുന്ന വിവേചനാധികാരം നിർണായകമാവും.
മന്ത്രിസഭ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്ന ജെ.ഡി.എസ് നേതാവ് കുമാരസ്വാമിക്ക് കോൺഗ്രസ് പിന്തുണയിൽ കേവല ഭൂരിപക്ഷം അവകാശപ്പെടാനാവും. എന്നാൽ, അത് ബോധ്യപ്പെട്ടതായി ഗവർണർ സമ്മതിക്കണമെന്നില്ല. അത്രയും പേരെ നേരിട്ട് ഹാജരാക്കുകയോ, കൈയൊപ്പ് നൽകുകയോ ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിയിൽതന്നെ അവർ ഉറച്ചു നിൽക്കുന്നുവോ എന്ന് വ്യക്തമല്ലെന്നും ഗവർണർക്ക് ന്യായീകരിക്കാം.
കോൺഗ്രസ്-ജെ.ഡി.എസ് സഖ്യം തെരഞ്ഞെടുപ്പിനു മുമ്പുള്ളതല്ല. ഫലപ്രഖ്യാപനത്തിനുശേഷം ഉണ്ടായതാണ്. ആ നിലക്ക്, തെരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടികളിൽ ഏറ്റവും കൂടുതൽ സീറ്റു നേടിയ പാർട്ടിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിക്കണമെന്ന് ബി.ജെ.പിക്ക് വാദിക്കാം. കേവല ഭൂരിപക്ഷം സഭയിൽ തെളിയിക്കാമെന്ന ഉറപ്പുനൽകുകയും ചെയ്യാം. അത് കണക്കിലെടുക്കണമോ എന്നതും ഗവർണറുടെ വിവേചനാധികാരത്തിൽപെടും.
എന്നാൽ, കർണാടകയിലെ ചിത്രത്തിൽ ബി.ജെ.പിയുടെ വാദമുഖം ദുർബലമാണ്. മത്സരിച്ചതും സീറ്റു നേടിയതും മൂന്നു പാർട്ടികൾ മാത്രം. സ്വതന്ത്രരായി മത്സരിച്ച മൂന്നുപേരും ജയിച്ചു. കേവല ഭൂരിപക്ഷത്തിന് 112 സീറ്റു വേണം. ബി.ജെ.പിക്ക് 104. പോരാതെ വരുന്ന എട്ടു സീറ്റു തികക്കണമെങ്കിൽ സ്വതന്ത്രരെ കൂട്ടുപിടിച്ചാൽ മതിയാവില്ല. കോൺഗ്രസിൽനിന്നോ ജെ.ഡി.എസിൽനിന്നോ ചോർച്ച ഉണ്ടാകണം. കൂറുമാറ്റവും കുതിരക്കച്ചവടവും കൂടാതെ അതിനു കഴിയില്ല. ഗവർണർക്ക് അത്തരത്തിലൊരു നിഗമനത്തിലെത്താം.
പാർട്ടി ചിഹ്നത്തിൽ മത്സരിച്ചവർ ബി.ജെ.പിക്കൊപ്പം ചേർന്നാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാവും. അവർ അയോഗ്യരാകും. അതറിഞ്ഞുകൊണ്ടുതന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ മന്ത്രിസഭയുണ്ടാക്കാൻ ക്ഷണിച്ചാൽ ഗവർണർ പ്രതിക്കൂട്ടിലാകും. എന്നാൽ, മത്സരിച്ചു ജയിച്ചശേഷം, എം.എൽ.എ സ്ഥാനം നഷ്ടപ്പെടുത്താൻ തയാറായി മറുകണ്ടം ചാടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കർണാടകയിലെ പുതിയ സാഹചര്യങ്ങളിൽ, ഇങ്ങനെ കൂറുമാറ്റം സാധ്യമാക്കാനും അവരെയെല്ലാം വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ച് ജയിപ്പിക്കാനും ബി.ജെ.പിക്ക് കഴിയില്ല. കോൺഗ്രസും ജെ.ഡി.എസും സഖ്യത്തിലായതിനാൽ ഇനിയൊരു തെരഞ്ഞെടുപ്പു നടന്നാൽ തോൽവി സാധ്യത കൂടുതൽ ബി.ജെ.പിക്കാണ്.
അത്തരമൊരു ‘ആത്മഹത്യ’ക്ക് എട്ട്-പത്ത് എം.എൽ.എമാർ തയാറാകാൻ ഇടയില്ല. പണത്തിനും ജാതിക്കും മറ്റു സ്വാധീനങ്ങൾക്കും മേലെ പറക്കാത്ത പരുന്തുകളായി അവരെ മാറ്റാൻ ബി.ജെ.പിക്ക് എത്രത്തോളം കഴിയുമെന്ന് കണ്ടറിയണം. ആര് അധികാരം പിടിച്ചാലും കർണാടക രാഷ്ട്രീയത്തിൽ അനിശ്ചിതത്വം വട്ടമിട്ടു പറക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.