ഗെയിൽ: യു.ഡി.എഫ് ത്രിശങ്കുവിൽ; നേതാക്കൾക്കിടയിൽ ഭിന്നത
text_fieldsകോഴിക്കോട്: ഗെയിൽ സമരത്തിൽ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയിൽ യു.ഡി.എഫ്. തങ്ങൾ സമരക്കാർക്കൊപ്പമാണെന്ന് പറയുേമ്പാൾതന്നെ സമരം ഏറ്റെടുക്കാനില്ലെന്ന നിലപാടിലാണ് നേതാക്കൾ. പ്രാദേശികമായി അണികൾ സമരരംഗത്തുള്ളപ്പോൾ പ്രക്ഷോഭത്തിൽനിന്ന് മാറിനിൽക്കാനാകാത്ത സാഹചര്യത്തിൽ, പുറത്തുനിന്ന് പിന്തുണച്ചാൽ മതിയെന്നാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ അഭിപ്രായം. അതേസമയം, പ്രശ്നം ഏറ്റെടുത്ത് സമരക്കാർക്കൊപ്പം നിൽക്കണമെന്നാണ് വി.എം. സുധീരനും എം.െഎ. ഷാനവാസുമുൾെപ്പടെയുള്ളവരുടെ നിലപാട്. പൊലീസിെൻറ നരനായാട്ട് ഉൾപ്പെടെ ഗൗരവപ്രശ്നങ്ങളുണ്ടായിട്ടും കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസനും മറ്റും പ്രദേശത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
തെൻറ പിന്തുണയോടെ നടപ്പാക്കിയ പദ്ധതിയായതിനാൽ, ഏതു പ്രശ്നത്തിലും ചാടിവീഴുന്ന ഉമ്മൻ ചാണ്ടിയും മൗനിയാണ്. മുസ്ലിം ലീഗിൽ ഭൂരിഭാഗം നേതാക്കളും സമരത്തിന് അനുകൂലമാണെങ്കിലും ഒറ്റക്ക് ഏറ്റെടുക്കേണ്ടതില്ലെന്ന സമീപനത്തിനാണ് അവിടെ മുൻതൂക്കം. സമരക്കാർക്കുനേരെയുള്ള പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നപ്പോൾ പി.കെ. കുഞ്ഞാലിക്കുട്ടിയും വി.എം. സുധീരനും സമരഭൂമി സന്ദർശിച്ചത് ഇരകൾക്ക് പ്രതീക്ഷയുണ്ടാക്കിയിരുന്നു. പ്രദേശത്തെ എം.പിയെന്ന നിലയിൽ എം.െഎ. ഷാനവാസ് സമരത്തിന് ശക്തമായ പിന്തുണ നൽകുന്നുണ്ട്.
നേതാക്കളുടെ നിലപാടുകൾ സമരം യു.ഡി.എഫ് ഏറ്റെടുക്കുമെന്ന പ്രതീതിയുണ്ടാക്കിയപ്പോൾ അതിെൻറ ആവശ്യമില്ലെന്നാണ് ‘പടയൊരുക്കം’ യാത്രാനായകൻ രമേശ് ചെന്നിത്തല പ്രസ്താവിച്ചത്. യാത്രക്കിടെ ചെന്നിത്തല ഇത് ആവർത്തിച്ചുകൊണ്ടിരിക്കെ ചൊവ്വാഴ്ച നിലപാട് കടുപ്പിച്ച് വി.എം. സുധീരൻ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച സുധീരൻ സമരേത്താടൊപ്പം നിൽക്കുന്നതിൽനിന്ന് ആർക്കും പിന്മാറാനാകില്ലെന്ന് അഭിപ്രായപ്പെട്ടു. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ മുഖംതിരിഞ്ഞുനിന്നാൽ മറ്റു കക്ഷികൾ സമരം ഏറ്റെടുക്കുമെന്ന വിമർശനത്തിൽ കഴമ്പുണ്ടെന്നും സുധീരൻ വ്യക്തമാക്കി.
സമരത്തിൽ തീവ്രവാദം ആരോപിക്കപ്പെടുന്ന സംഘടനകളുണ്ടെന്നാണ് യു.ഡി.എഫ് സമരം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാട് എടുക്കുന്നവർ ഉന്നയിക്കുന്ന ഒരു ന്യായം. വികസനവിരോധികൾ എന്ന പേരുദോഷമുണ്ടാക്കാൻ സമരം ഏറ്റെടുക്കുന്നത് ഇടയാക്കുമെന്നതാണ് രണ്ടാമത്തെ ന്യായം. എന്നാൽ, ഇത് രണ്ടും സി.പി.എമ്മും സർക്കാറും ഒരുക്കിയ കെണിയിൽ വീഴലാണെന്ന മറുവാദമാണ് സമരം ഏറ്റെടുക്കണമെന്ന പക്ഷക്കാർ ചൂണ്ടിക്കാട്ടുന്നത്. ഗെയിലും സർക്കാറും ചേർന്ന് ക്രൂരമായ പൗരാവകാശ, മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുേമ്പാൾ ഇരകൾക്കൊപ്പം നിൽക്കുന്നതിന് പകരം മുടന്തൻ ന്യായങ്ങൾ ഉയർത്തി വിട്ടുനിൽക്കുന്നത് യു.ഡി.എഫിലുള്ള വിശ്വാസ്യത തകർക്കുമെന്നും സമരാനുകൂല നേതാക്കൾ വ്യക്തമാക്കുന്നു.
അതിനിെട, യു.ഡി.എഫ് പ്രതിസന്ധി മുതലെടുത്ത് സമരക്കാർക്കിടയിൽ ഭിന്നതയുണ്ടാക്കി പൈപ്പിടൽ പ്രവൃത്തിയുമായി മുന്നോട്ടുപോകാമെന്ന പ്രതീക്ഷയിലാണ് സർക്കാറും ഗെയിലും. അതേസമയം, മലപ്പുറം ജില്ലയിൽ പൈപ്പിടൽ പ്രവൃത്തി ആരംഭിക്കുന്നതോടെ പ്രശ്നത്തിൽ ഇടപെടുന്നതിൽനിന്ന് മുസ്ലിം ലീഗിന് മാറിനിൽക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.