സമരങ്ങൾ മുഴുവൻ ഗ്രൂപ് പോരിനുള്ള വേദിയായ വേവലാതിയിൽ ബി.ജെ.പി
text_fieldsപാലക്കാട്: സംസ്ഥാന സർക്കാറിനും കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾക്കുമെതിരെ ജനവികാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള സമരങ്ങൾ ഗ്രൂപ് പോരിൽ അമർന്ന വേവലാതിയിൽ ബി.ജെ.പി. വി. മുരളീധരന് ലഭിച്ച എം.പി സ്ഥാനമാണ് പുതിയ പ്രശ്നങ്ങളുടെ കാതൽ. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖർ രണ്ടായി തിരിഞ്ഞ് പ്രവർത്തിച്ച് തുടങ്ങിയതോടെ ആർ.എസ്.എസിെൻറ പ്രത്യേക താൽപര്യത്തിൽ സംസ്ഥാന പ്രസിഡൻറായ കുമ്മനം രാജശേഖരനാണ് ‘ത്രിശങ്കു’വിലായത്. സംസ്ഥാന നേതൃത്വത്തെ ‘ബൈപാസ്’ ചെയ്യുന്ന രീതിയിലാണ് മുരളീധരൻ പ്രവർത്തിക്കുന്നതെന്നാണ് കൃഷ്ണദാസ് വിഭാഗത്തിെൻറ പ്രധാന ആക്ഷേപം. തീരുമാനങ്ങൾ എടുക്കും മുമ്പ് മുരളീധരൻ അടുപ്പക്കാരുമായി മാത്രമേ ചർച്ച ചെയ്യുന്നുള്ളൂ എന്ന ആരോപണം ഉയർന്നിട്ടുണ്ട്. പാർലമെൻറ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം തിരുവനന്തപുരത്ത് നടത്തിയ ഉപവാസ സമരം ഗ്രൂപ് തിരിഞ്ഞുള്ള സമര ബഹിഷ്കരണത്തിന് ഉത്തമ ഉദാഹരണമായി. ഉപവാസ സമരത്തിൽ എം.പിമാരായ വി. മുരളീധരനും സുരേഷ് ഗോപിയും പങ്കെടുത്തപ്പോൾ പി.കെ. കൃഷ്ണദാസ് ചേരിയിലെ പ്രമുഖരാരും സമരത്തിനെത്തിയില്ല.
സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കാമായിരുന്ന കീഴാറ്റൂരിലെ കർഷക സമരം പി.കെ. കൃഷ്ണദാസിേൻറത് മാത്രമായി മാറി. മുരളീധരെൻറ അനുയായികളാരും സമരത്തിനെത്തിയില്ല. വരാപ്പുഴയിലെ കസ്റ്റഡി മരണത്തിലെ പ്രതിഷേധ പരിപാടികൾ പാർട്ടി ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണേൻറത് മാത്രമായി. മുൻ സംസ്ഥാന പ്രസിഡൻറ് പി.കെ. കൃഷ്ണദാസിെൻറ പിന്തുണയും എ.എൻ. രാധാകൃഷ്ണൻ നേതൃത്വം നൽകിയ സമരത്തിനുണ്ടായിരുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലും അടുത്തവർഷം നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച പ്രകടനം പുറത്തെടുക്കണമെന്ന കേന്ദ്ര നേതൃത്വത്തിെൻറ നിർദേശം നിലനിൽക്കെയാണ് അതിനെ മറികടന്നുള്ള നേതാക്കളുടെ ഗ്രൂപ്പുകളി. ഗ്രൂപ് പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ എല്ലാവരേയും ഒന്നിപ്പിച്ച് കൊണ്ടുപോകാനുള്ള ശ്രമം ആർ.എസ്.എസ് നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നാണ് അറിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.