'പതിറ്റാണ്ടുകൾക്കു ശേഷം കോൺഗ്രസ് നടത്തിയ ഒരു രാഷ്ട്രീയപ്രവർത്തനം'; ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് എം.എ. ബേബി
text_fieldsകോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി. പതിറ്റാണ്ടുകൾക്കു ശേഷം കോൺഗ്രസ് ഇന്ത്യയിൽ നടത്തിയ ഒരു രാഷ്ട്രീയപ്രവർത്തനമാണിത്. ആർ.എസ്.എസിന്റെ ആശയാടിത്തറയെത്തന്നെ ചോദ്യം ചെയ്തും ദേശീയ ഐക്യത്തിന്റെ സന്ദേശം നല്കിയും രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടത്തിയ കാൽനട ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു -എം.എ. ബേബി പറഞ്ഞു. അതേസമയം, കോൺഗ്രസിനെ പരിഷ്കരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിഞ്ഞില്ലെങ്കിൽ ഭാരത് ജോഡോ യാത്ര, ഒരു ഉല്ലാസയാത്രയായോ അതല്ലെങ്കിൽ ഒരു വൃഥാവ്യായാമമായോ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്നും ബേബി ചൂണ്ടിക്കാട്ടി.
അധികാരത്തിന്റെ ഉപജാപങ്ങൾ അല്ലാതെ മറ്റൊരു പ്രവർത്തനവും ഇല്ലാതെ കോൺഗ്രസ് ജീർണിച്ചു കടപുഴകി വീണിരിക്കുകയായിരുന്നു. ആർ.എസ്.എസിന്റെ രാഷ്ട്രീയ പാർട്ടി അഴിച്ചുവിട്ട മതരാഷ്ട്രീയ ആക്രമണത്തിൽ കോൺഗ്രസ് അടിപതറുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആർ.എസ്.എസിന്റെ ആശയാടിത്തറയെത്തന്നെ ചോദ്യം ചെയ്തും ദേശീയ ഐക്യത്തിന്റെ സന്ദേശം നല്കിയും രാഹുൽ ഗാന്ധി കന്യാകുമാരി മുതൽ ശ്രീനഗർ വരെ നടത്തിയ കാൽനട ആത്മാർഥമായ അഭിനന്ദനം അർഹിക്കുന്നു. ആർ.എസ്.എസ് രാജ്യത്ത് പടർത്തിക്കൊണ്ടിരിക്കുന്ന വെറുപ്പിന്റെ ഇരുൾ നീക്കാൻ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം അദ്ദേഹം ഇന്ത്യ മുഴുവനും പറഞ്ഞു.
പക്ഷേ, കോൺഗ്രസ് അതിന്‍റെ നയങ്ങളിൽ അടിസ്ഥാനപരമായ പുനരാലോചന നടത്താതെ ഈ രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ടുപോകാം എന്നു കരുതുന്നത് യാഥാർഥ്യബോധത്തോടെയുള്ള കാര്യമല്ല. കോൺഗ്രസിൽ നിന്ന് പഴുത്ത കുലയിൽ നിന്ന് പഴങ്ങൾ ഉതിർന്നു വീഴും പോലെ നേതാക്കൾ ബി.ജെ.പിയിൽ ചേരുന്നത് എന്തുകൊണ്ടാണ്? നേതാക്കളുടെ സ്വാർഥത എന്നുമാത്രം അതിനെ എഴുതിത്തള്ളാനാവില്ല. കോൺഗ്രസും ബി.ജെ.പിയും ഒരേ പുത്തൻ മുതലാളിത്ത- ഫ്യൂഡൽ രാഷ്ട്രീയ -സാമൂഹ്യ വീക്ഷണം പുലർത്തുന്നു എന്നതാണ് അതിനു കാരണം.
അദാനി അംബാനിമാരുടെ നടത്തിപ്പുകാർ എന്ന കാര്യത്തിലോ മേൽജാതി മേധാവിത്വത്തിന്റെ സംസ്ഥാപകർ എന്ന കാര്യത്തിലോ ഇന്ത്യയാകെ ആർ.എസ്.എസ് ശാഖകളിൽ പോകുന്നവർക്കും കോൺഗ്രസ് ഓഫിസിൽ പോകുന്നവർക്കും തമ്മിൽ വലിയവ്യത്യാസം ഒന്നുമില്ല. അതുകൊണ്ടാണ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും പട്യാല രാജാവ് അമരീന്ദർ സിങിനും ഒരു ദിവസം കോൺഗ്രസ് ഓഫിസിൽ നിന്ന് ഇറങ്ങി പിറ്റേന്ന് ബി.ജെ.പി മന്ത്രിമാരാകാൻ കഴിയുന്നത്. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും സമാനമനസ്ക്കരായ കോൺഗ്രസ്സ് നേതാക്കളും ബി.ജെ.പി ഒരു സാധ്യതയായി നിലനിറുത്താൻ ശ്രമിക്കുന്നതും ഇതുകൊണ്ടു തന്നെയാണ്. കേന്ദ്രവും മഹാഭൂരിപക്ഷം സംസ്ഥാനങ്ങളും ഭരിക്കുന്ന പാർട്ടിയെന്നനിലയിൽ പലപാർട്ടികളിൽനിന്നും, സാമദാനഭേദദണ്ഡമുറകൾ ഉപയോഗിച്ച് ചിലരെ ബി.ജെ.പി കൈവശപ്പെടുത്തുന്നുണ്ട് എന്നു നമുക്കറിയാം. എന്നാൽ കോൺഗ്രസ്സിന്റെ കാര്യം അതല്ലല്ലോ. ഇപ്പോൾ പാർലമെന്റിലെ ബി.ജെ.പി അംഗങ്ങളിൽ 100ൽ അധികം പേർ മുൻ കോൺഗ്രസ്സ് നേതാക്കളോ കോൺഗ്രസ്സിന്റെ ജനപ്രതിനിധികളായിരുന്നവരോ ആണ് എന്ന വസ്തുത നൽകുന്ന സന്ദേശം എന്താണ്?
കോൺഗ്രസിനെ ഈ മുതലാളി പ്രീണന- ജാതി മേധാവിത്വ കക്ഷി എന്നതിൽ നിന്ന് പരിഷ്കരിക്കാൻ രാഹുൽ ഗാന്ധിക്ക് കഴിയുമോ എന്നതാണ് വെല്ലുവിളി. അതിനാവുന്നില്ല എങ്കിൽ ഭാരത് ജോഡോ യാത്ര, കുറച്ചു സാഹസികമായ ഒരു ഉല്ലാസയാത്രയായോ അതല്ലെങ്കിൽ ഒരു വൃഥാവ്യായാമമായോ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും -എം.എ. ബേബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.