അയോധ്യ: ബി.ജെ.പിയെ തള്ളിപ്പറഞ്ഞ് സഖ്യകക്ഷികൾ
text_fieldsന്യൂഡൽഹി: സുപ്രീംകോടതിയുടെ തീർപ്പിന് കാത്തിരിക്കാതെ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിന് പാർലമെൻറിൽ പ്രത്യേക ബില്ലോ അതല്ലെങ്കിൽ ഒാർഡിനൻസോ കൊണ്ടുവരാനുള്ള നീക്കത്തിൽ എൻ.ഡി.എ സഖ്യത്തിൽ ഭിന്നത. ശിവസേന ഒഴികെ, ബി.ജെ.പിക്ക് ഒറ്റ സഖ്യകക്ഷിയുടെയും പിന്തുണയില്ല. ബി.ജെ.പിയും ഇക്കാര്യത്തിൽ ഒറ്റക്കെട്ടല്ല.
രാമക്ഷേത്രം തങ്ങളുടെ അജണ്ടയല്ലെന്ന് ബി.ജെ.പിയുടെ പ്രധാന സഖ്യകക്ഷിയായ ജനതാദൾ-യു, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ നയിക്കുന്ന ലോക്ജനശക്തി പാർട്ടി എന്നിവ വ്യക്തമാക്കി. പഞ്ചാബിലെ ശിരോമണി അകാലിദളും ഒപ്പമില്ല. നാലര വർഷമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൊമ്പുകോർക്കുന്ന ശിവസേനയാകെട്ട, രാമക്ഷേത്ര പ്രശ്നത്തിലൂടെ ബി.ജെ.പിയെ വെട്ടിലാക്കാനാണ് ശ്രമിക്കുന്നത്.
ഇൗ സാഹചര്യത്തിൽ ശീതകാല പാർലമെൻറിൽ രാമക്ഷേത്ര ബിൽ കൊണ്ടുവരാനോ, അതിനു കഴിഞ്ഞില്ലെങ്കിൽ ഒാർഡിനൻസ് ഇറക്കാനോ ഉള്ള തീരുമാനം ബി.ജെ.പിയെ പാർലമെൻറിലും പുറത്തും ഒറ്റപ്പെടുത്തും. ഇൗ മുന്നറിയിപ്പ്് മുതിർന്ന ബി.ജെ.പി നേതാക്കൾ പങ്കുവെക്കുന്നുവെന്നാണ് വിവരം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്നത് ബി.ജെ.പിയാണെന്നിരിക്കേ, പാർലമെൻറിനെയും സുപ്രീംകോടതിയേയും അവമതിച്ചു മുന്നോട്ടു പോകുന്നതിന് ഭരണഘടനാപരമായ പരിമിതിയുണ്ട്.
രാമക്ഷേത്രം പണിതിട്ട് മോദിയുടെ ഭരണത്തുടർച്ചയെക്കുറിച്ച് ചിന്തിക്കാമെന്നാണ് അയോധ്യയിൽ ശിവസേന ഉയർത്തിയ മുദ്രാവാക്യം. സംഘ്പരിവാറിനെ കടത്തിവെട്ടി മഹാരാഷ്ട്രയിൽ ഹിന്ദുത്വ വോട്ടുപിടിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംഘ്പരിവാറിനുള്ളിൽ വെട്ടിലാക്കാനും ഇരുതല മൂർച്ചയുള്ള വാളാണ് ശിവസേന ഉയർത്തുന്നത്.
വി.എച്ച്.പി കലാപക്കൊടിയുമായി ഇറങ്ങിയെങ്കിലും പ്രതീക്ഷിച്ച ആവേശവും പ്രതികരണവും ഉണ്ടാക്കാൻ അേയാധ്യയിൽ നടത്തിയ ധർമസഭക്ക് കഴിഞ്ഞില്ല. മൂന്നു ലക്ഷത്തോളം പേർ പെങ്കടുക്കുമെന്ന് പ്രഖ്യാപിച്ച റാലിയിൽ മൂന്നിലൊന്നു പേർ പോലും എത്തിയില്ല. സമാധാനാന്തരീക്ഷം തകർത്ത് ഉറക്കം കെടുത്തുന്നതിനോട് അയോധ്യവാസികൾക്കും യോജിപ്പില്ല. ഇൗ സാഹചര്യങ്ങൾക്കിടയിൽ രാമക്ഷേത്ര വിഷയത്തിൽ മോദിസർക്കാർ എത്രത്തോളം മുന്നോട്ടു പോകുമെന്നാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ബില്ലും ഒാർഡിനൻസും വഴി, കോൺഗ്രസ് അടക്കമുള്ള പാർട്ടികൾക്ക് ഹിന്ദു സമുദായത്തോടുള്ള കൂറില്ലായ്മ ഉയർത്തിക്കാട്ടൻ ഉദ്ദേശിക്കുന്ന ബി.ജെ.പിക്ക് സ്വന്തം പാളയത്തിലെ വൈരുധ്യങ്ങൾ പുറത്തുവരുന്നതിനെയും ഭയക്കണം.
തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് രാമക്ഷേത്ര വിഷയം ഉയർത്തി രാജസ്ഥാനിലും മധ്യപ്രദേശിലും വോട്ടിനെ സ്വാധീനിക്കാനുള്ള ശ്രമം കൂടിയാണ് കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. തോൽവി ഏറ്റവും കൂടുതൽ ഭയക്കുന്ന രാജസ്ഥാനിൽ പ്രധാനമന്ത്രി തന്നെ വിഷയം എടുത്തിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.