തീരദേശവാസികളോടുള്ള ശത്രുതാപരമായ നിലപാട് സർക്കാർ ഉപേക്ഷിക്കണമെന്ന് ബി.രാജീവൻ
text_fieldsകോഴിക്കോട് : നിലനിൽപ്പിനു വേണ്ടി പൊരുതുന്ന നിരാലംബരായ വിഴിഞ്ഞത്തെ തീരദേശവാസികളോടുള്ള ശത്രുതാപരമായ നിലപാട് സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്ന് സാമൂഹിക ചിന്തകൻ പ്രഫ. ബി.രാജീവൻ.
തുടക്കം മുതൽ തന്നെ വിഴിഞ്ഞം തുറമുഖ നിർമ്മാണം കാരണം കടുത്ത ദുരിതത്തിലായിരിക്കുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ തികഞ്ഞ അവഗണനയോടെയാണ് സർക്കാർ സമീപിക്കുന്നത്. അവർ നേരിടുന്ന കടുത്ത ജീവിത പ്രശ്നങ്ങളെ യാഥാർഥ്യബോധത്തോടെയും സഹതാപത്തോടേയും പരിഹരിക്കാൻ ഒരു ശ്രമവും സർക്കാർ ഇതുവരെ നടത്തിയിട്ടില്ലെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
ലോകമെങ്ങും പുതിയ ഇടതുപക്ഷ ശക്തികൾ കോർപ്പറേറ്റ് കൊള്ളകൾക്കെതിരായ കീഴാള സമരങ്ങളെ പിന്തുണക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം കോർപ്പറേറ്റ് ദാസന്മാരായ ബി.ജെ.പി യോടൊപ്പം ചേർന്ന് നിലനിൽപ്പിനു വേണ്ടിയുള്ള കീഴാള സമരങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നത് എന്തിന്റെ സൂചനയാണെന്ന് രാജീവൻ ചോദിക്കുന്നു.
ഒരുവശത്ത്, ഭരണകക്ഷിയും മത്സ്യത്തൊഴിലാളികളോട് മതവൈരം മൂത്ത ബി.ജെ.പിയും ഒത്തുചേർന്ന് തട്ടിക്കൂട്ടിയ മത്സ്യത്തൊഴിലാളി സമര വിരുദ്ധ കൂട്ടായ്മ സൃഷ്ടിക്കുന്ന സംഘർഷാന്തരീക്ഷം; മറുവശത്ത് മത്സ്യത്തൊഴിലാളികളെ അനിയന്ത്രിതമായ പ്രകോപനത്തിലേക്ക് തള്ളിവീഴ്ത്താൻ വേണ്ടി ആർച്ചു ബിഷപ്പടക്കമുള്ള പുരോഹിതന്മാരെ പ്രതികളാക്കി ക്രിമിനൽ കേസ് ചാർജ്ജ് ചെയ്യുകയും നിരപരാധികളെ അറസ്റ്റ് ചെയ്യുകയും അടക്കമുള്ള പോലീസ് നടപടികൾ- മത്സ്യത്തൊഴിലാളികളെ പ്രകോപിതരാക്കാനുള്ള ഈ തന്ത്രം ഫലിക്കുക തന്നെ ചെയ്തു.
മുതലാളിത്ത പൗരസമൂഹത്തിലെ ഒറ്റപ്പെട്ട വ്യക്തികളെന്നതിനേക്കാൾ ഗോത്ര സമാനമായ സാമുദായിക ജീവിതത്തിൻെറ ശക്തികളെ ആശ്രയിച്ചു ജീവിക്കുന്ന മത്സ്യത്തൊഴിലാളികളെ അല്പസമയത്തേക്കെങ്കിലും അനിയന്ത്രിതമായ ഒരു പൊട്ടിത്തെറിയിലേക്കെത്തിക്കാൻ അവരെ കടൽപ്പുറത്തുനിന്നു തുരത്താൻ തക്കം പാർത്തു നിൽക്കുന്നവർക്ക് കഴിഞ്ഞു.
അങ്ങനെ തുടക്കത്തിൽ വികസന വിരുദ്ധരായ പ്രാകൃതർ എന്ന് മുദ്രകുത്തപ്പെട്ട മത്സ്യത്തൊഴിലാളികളെ , അവർ വിഴിഞ്ഞത്തെ പോലീസ് സ്റ്റേഷനെ തൊട്ടതോടെ കേരളീയ മാന്യ പൗരസമൂഹത്തിൻെറ ശാന്ത സുന്ദര ജീവിതത്തിനും അതിനെ താങ്ങി നിർത്തുന്ന പരിപാവനമായ നിയമവ്യവസ്ഥക്കും എതിരെ പ്രവർത്തിക്കുന്ന ഒരു മഹാ ഭീകര ശക്തിയായി ഉയർത്തിക്കാട്ടാമെന്നായി. ഒരു ദിവസം കൊണ്ട് കേരളീയ പൊതു പൗര സമൂഹവും ഭരണകൂട സ്ഥാപനങ്ങളും മാദ്ധ്യമങ്ങളുമെല്ലാം ഒറ്റക്കെട്ടായി അവർക്കെതിരെ തിരിഞ്ഞു.
ഈ വിധം ഒരു ദുർബല കീഴാള ജനവിഭാഗത്തെ ഭീകര മുദ്രകുത്തി നാലുവശത്തുനിന്നും വളഞ്ഞ് ഒറ്റപ്പെടുത്തി വിപ്ലവത്തിന്റെയും വികസനത്ൻറന്റെയും പേരിൽ ആഘോഷപൂർവം തല്ലിക്കൊല്ലുന്നതിനെ ശ്ലാഘിക്കുന്ന ഒരു മാനസികാവസ്ഥയിലേക്ക് മലയാളിയുടെ പ്രബുദ്ധത ഒരു പടികൂടി ഉയർത്തപ്പെട്ടിരിക്കുന്നു. കോർപ്പറേറ്റ് വികസന ഭീകരതയുടെ ഇരകൾ ലോകമെമ്പാടും ഇല്ലാതാക്കപ്പെടുന്നതിൻറെ ഒരു കേരളീയ മാതൃകയാണിതെന്നും രാജീവൻ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.