ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് കെ.എൻ ബാലഗോപാൽ
text_fieldsന്യൂഡൽഹി: ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി കെ.എൻ. ബാലഗോപാൽ. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. സംസ്ഥാനം സാമ്പത്തിക ഞെരുക്കത്തിലാണെന്നും അതിനാൽ സംസ്ഥാനങ്ങൾക്ക് നൽകിവരുന്ന ജി.എസ്.ടി നഷ്ടപരിഹാരം നീട്ടണമെന്നുമാണ് ആവശ്യപ്പെട്ടത്.
വരുന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലും ജി.എസ്.ടി കൗൺസിലിലും ഈ ആവശ്യം കേരളം ഉന്നയിക്കുമെന്നും കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോൾ ധനമന്ത്രി പറഞ്ഞു. യു.ജി.സി അധ്യാപകരുടെ ശമ്പള പരിഷ്കരണത്തിൽ മുഴുവൻ അധ്യാപകരുടെയും ശമ്പള വിതരണത്തിനുള്ള പണവും കേന്ദ്രസര്‍ക്കാര്‍ നൽകാമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാനം ഇതിനായി പണം നൽകുകയും ചെയ്തു.
ഈ ഇനത്തിൽ ചെലവായ 750 കോടിയോളം രൂപ ഇതുവരെ കേന്ദ്രം സംസ്ഥാനത്തിന് തന്നിട്ടില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയമുണ്ടോ എന്നറിയില്ലെന്നും ധനമന്ത്രി പറഞ്ഞു. എന്നാൽ, ആവശ്യമില്ലാത്ത നിയന്ത്രണത്തിന് ശ്രമിക്കുന്നുവെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. അതേസമയം, രാജ്ഭവനിൽ ദന്തൽ ക്ലിനിക്ക് സ്ഥാപിക്കാൻ പണം അനുവദിക്കണമെന്ന ഗവര്‍ണറുടെ ഓഫിസിന്റെ ആവശ്യം ധനവകുപ്പ് തള്ളിയതിനെക്കുറിച്ച് പ്രതികരിക്കാൻ മന്ത്രി തയാറായില്ല.
കുഫോസ് വി.സിയുടെ നിയമനം റദ്ദാക്കിയതിലെ നിയമപരമായ വശങ്ങൾ പരിശോധിക്കും. ഒരു സർവകലാശാലയുടെ മാത്രം കാര്യമാണ് ഹൈകോടതി പരിഗണിച്ചത്. ഗവർണർ വി.സിമാരുടെ രാജി ആവശ്യപ്പെടുന്നത് പൊതുവായിട്ടാണ്. അതിന് ഇപ്പോഴത്തെ നടപടിയുമായി ബന്ധമില്ലെന്നും ബാലഗോപാൽ പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.