ഉരുക്കു കോട്ടയിൽ ബലാബലം
text_fieldsപ്രൗഢി അസ്തമിച്ച നാടാണ് ബെള്ളാരി. കീർത്തി മാത്രമേയുള്ളൂ, വികസനമില്ല. ഖനികളിൽ നിന്നുള്ള ഭാരവാഹനങ്ങൾ തകർത്ത റോഡുകളാണെങ്ങും. വേനലിൽ ആഴ്ചയിലൊരിക്കലെത്തുന്ന കുടിവെള്ളം. തൊഴിലില്ലാതെ മുംബൈയിലേക്കും ഹൈദരാബാദിലേക്കും ബംഗളൂരുവിലേക്കും ചേക്കേറുകയാണ് ബെള്ളാരിക്കാർ. അനധികൃത ഖനനംകൊണ്ട് സാധാരണക്കാർ മുതൽ ജനാർദന റെഡ്ഡിയെ പോലെയുള്ള ഭീമന്മാർ വരെ കോടികൾ സമ്പാദിച്ച് ഉഴുതുമറിച്ച മണ്ണ്.
ബെള്ളാരി ശ്രദ്ധാകേന്ദ്രമാവുന്നതു വികസന വായ്ത്താരികൾ കൊണ്ടൊന്നുമല്ല. മറിച്ച്, ഖനി ഭീമന്മാരായ റെഡ്ഡി സഹോദരന്മാർ കർണാടക രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവിനു വഴിയൊരുക്കുന്നതു കൊണ്ടാണത്. തെരഞ്ഞെടുപ്പു കമീഷെൻറ കർശന നിരീക്ഷണത്തിലുള്ള മണ്ഡലത്തിലേക്കുള്ള യാത്രയിൽ നിറയെ തോക്കേന്തിയ പട്ടാളക്കാർ നിരന്ന തെരഞ്ഞെടുപ്പു ചെക്ക്പോസ്റ്റുകളാണ്. ചെറുതും വലുതുമായി നിരവധി ഖനികളും ഉരുക്കു ഫാക്ടറികളുമുണ്ടായിരുന്ന ബെള്ളാരിയിൽ ഇപ്പോൾ ജിൻഡാലിനെ പോലുള്ള എണ്ണം പറഞ്ഞ ചില ഫാക്ടറികളേ പ്രവർത്തിക്കുന്നുള്ളൂ. ബഹുഭൂരിഭാഗം ആളുകളും പിരിയൻ മുളകും പരുത്തിയും നെല്ലും ചാവലും കൃഷി ചെയ്തു വരുമാനം കണ്ടെത്തുകയാണ്.
അഴിമതി വീരന്മാരായ റെഡ്ഡി സഹോദരന്മാരുമായുള്ള ബന്ധത്തിെൻറ പേരിൽ കേൾക്കുന്ന വിമർശനങ്ങളൊക്കെയും ബി.ജെ.പി ഒരു ചെവിയിൽ കേട്ടു മറ്റേ ചെവിയിലൂടെ പുറത്തേക്കു വിടുകയാണ്. മഹാ ചരിത്ര പാരമ്പര്യമുള്ള ബെള്ളാരിയെ കൊള്ളക്കാരുടെ നാടായി കോൺഗ്രസ് ചിത്രീകരിക്കുകയാണ് എന്നായിരുന്നു ഇവിടെ പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദി പറഞ്ഞത്. 2008 ലെ തെരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടു സീറ്റും നേടിയ ബി.ജെ.പി റെഡ്ഡിയില്ലാത്ത 2013 ലെ തെരഞ്ഞെടുപ്പിൽ ഒറ്റ സീറ്റിൽ ഒതുങ്ങി. ഇത്തവണ റെഡ്ഡിമാർ മുന്നിൽനിന്ന് നയിക്കുമ്പോൾ ചുരുങ്ങിയത് ബെള്ളാരിയിലെ അഞ്ച് സീറ്റിലെങ്കിലും ബി.ജെ.പി ജയിക്കുമെന്നാണ് കണക്കുകൂട്ടൽ. ബെള്ളാരിയിലെ ഏറ്റവും ശ്രദ്ധേയ പോരാട്ടം നടക്കുന്നത് ബെള്ളാരി സിറ്റി മണ്ഡലത്തിലാണ്. ബി.ജെ.പി ടിക്കറ്റിൽ ജനാർദന റെഡ്ഡിയുടെ മൂത്ത സഹോദരൻ ജി. സോമശേഖര റെഡ്ഡിയും കോൺഗ്രസ് ടിക്കറ്റിൽ സിറ്റിങ് എം.എൽ.എ അനിൽ ലാഡും മത്സരിക്കുന്ന മണ്ഡലം.
2008ൽ സോമശേഖര റെഡ്ഡിയും 2013 ൽ അനിൽ ലാഡും പരസ്പരം വിജയം കണ്ട മണ്ഡലം. ഇത്തവണ ബലാബലമാണ് മത്സരം. ആര് ജയിക്കുമെന്ന് ചോദിച്ചപ്പോൾ, പ്രകാശ് എന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞ മറുപടിയിലുണ്ട് സത്യം. ‘അനിൽ ലാഡ് 100 കൊടുക്കുമ്പോൾ സോമശേഖര 500 കൊടുക്കുന്നു. ഒന്നും പറയാനാവില്ല സാർ...’ വിളിച്ചാൽ കിട്ടാത്ത എം.എൽ.എ എന്ന പരാതിയുണ്ട് അനിൽ ലാഡിനെ കുറിച്ച്. സോമശേഖരയാവട്ടെ അടിത്തട്ടിലെ പ്രചാരണത്തിൽപോലും സജീവമാണ്. റെഡ്ഡി സഹോദരന്മാരെ കുറിച്ച് ചോദിച്ചപ്പോൾ അവർ സ്ട്രീറ്റ് ടൈഗേഴ്സ് അല്ല മീഡിയ ടൈഗേഴ്സ് ആണെന്നായിരുന്നു അനിൽ ലാഡിെൻറ മറുപടി. അനിൽ ലാഡ് മണ്ഡലത്തിലെ എം.എൽ.എ ആണെന്ന് ആർക്കുമറിയില്ലെന്ന് സോമശേഖരയും പറഞ്ഞു.
കനത്ത വെയിലിൽപോലും പ്രചാരണം കൊഴുക്കുകയാണ്. ബെള്ളാരി സിറ്റി മണ്ഡലത്തിൽ മാത്രം ഔദ്യോഗിക രാഷ്ട്രീയപാർട്ടികളുടെ പേരിൽ 15 പേരും സ്വതന്ത്രരായി 13 പേരും മത്സരരംഗത്തുണ്ട്. 45 ഡിഗ്രി വരെ കത്തിക്കയറുന്ന വെയിലിനേക്കാളും ചൂടുണ്ട് ബെള്ളാരിയിലെ തെരഞ്ഞെടുപ്പിന്. ബെള്ളാരി സിറ്റിയിൽ സോമശേഖര ജയിച്ചാൽ അതു ബി.ജെ.പി യുടെ വിജയം മാത്രമാവില്ല; ഖനി ഭീമൻ ജനാർദന റെഡ്ഡിയുടെ രണ്ടാംവരവ് കൂടിയാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.