ബെന്നി ബഹനാൻ യു.ഡി.എഫ് കൺവീനർ
text_fieldsതിരുവനന്തപുരം: ഐക്യജനാധിപത്യ മുന്നണിയുടെ പുതിയ കൺവീനറായി മുതിർന്ന കോൺഗ്രസ് നേതാവ് ബെന്നി ബഹനാനെ തെരഞ്ഞെടുത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിവരം മാധ്യമങ്ങളെ അറിയിച്ചത്. യു.ഡി.എഫ് ഘടകകക്ഷികളോട് അഭിപ്രായം ആരാഞ്ഞ ശേഷമാണ് തീരുമാനമെന്ന് ചെന്നിത്തല പറഞ്ഞു.
ബുധനാഴ്ച പുതിയ കെ.പി.സി.സി അധ്യക്ഷന്‍റെയും ഉപാധ്യക്ഷന്മാരുടെയും പേരുകൾ കോൺഗ്രസ് ഹൈക്കമാൻഡ് പുറപ്പെടുവിച്ചപ്പോൾ തന്നെ യു.ഡി.എഫ് കൺവീനർ സ്ഥാനത്തേക്ക് ബെന്നി ബഹനാന്‍റെ പേര് ധാരണയിൽ എത്തിയിരുന്നു. എന്നാൽ, മുന്നണി സംവിധാനമാണെന്നിരിക്കേ, ഇതുസംബന്ധിച്ച ഒൗപചാരിക പ്രഖ്യാപനം കേരളത്തിൽ നടത്താൻ തീരുമാനിച്ചത്.
ആന്ധ്രപ്രദേശ് ദൗത്യവുമായി എ.െഎ.സി.സി ജനറൽ സെക്രട്ടറിയാക്കിയ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനാണ് യു.ഡി.എഫ് കൺവീനർ സ്ഥാനത്തെത്തിയ ബെന്നി ബഹനാൻ. നിലവിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗമായ ബെന്നി ബഹനാൻ തൃക്കാക്കര മുൻ എം.എൽ.എയാണ്.
2008ലെ മണ്ഡല പുനർനിർണയത്തിന് ശേഷമാണ് എറണാകുളം ജില്ലയിലെ തൃക്കാക്കര മണ്ഡലം നിലവിൽ വന്നത്. 2011ൽ നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ബെന്നി ബഹനാന്‍ 22406 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിറ്റിങ് എം.എൽ.എയായിരിക്കെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് പി.ടി. തോമസിന് വേണ്ടി തൃക്കാക്കര സീറ്റ് അദ്ദേഹം വിട്ടു നൽകുകയായിരുന്നു.
നീണ്ട കാത്തിരിപ്പിനൊടുവിൽ ബുധനാഴ്ച രാത്രിയാണ് മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡൻറായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നിയമിച്ച് പ്രഖ്യാപനം നടത്തിയത്. കൂടാതെ, എം.െഎ. ഷാനവാസ്, കെ. സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണ് വർക്കിങ് പ്രസിഡൻറുമാരായും കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയർമാനായും നിയമിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.