ബിഹാറിലെ മഹാസഖ്യം ദേശീയതലത്തിലേക്കും
text_fieldsന്യൂഡൽഹി: ജനതാദൾ-യുനൈറ്റഡിലെ പിളർപ്പ് പൂർണമാക്കി, മുതിർന്ന നേതാവ് ശരദ് യാദവിനെ പിന്തുണക്കുന്ന വിഭാഗം ബിഹാറിൽ കോൺഗ്രസും ആർ.ജെ.ഡിയുമായുള്ള മഹാസഖ്യം തുടരാനും ഇൗ മാതൃക ദേശീയതലത്തിൽ വ്യാപിപ്പിക്കാനും തീരുമാനിച്ചു. യാദവിനെ പിന്തുണക്കുന്ന ദേശീയ നിർവാഹക സമിതി അംഗങ്ങളും സംസ്ഥാന പ്രസിഡൻറുമാരും ജില്ല പ്രസിഡൻറുമാരും അടക്കമുള്ള പ്രതിനിധികൾ പെങ്കടുത്ത ദേശീയ കൗൺസിൽ യോഗത്തിലാണ് തീരുമാനം. കേരളത്തിലെ ജെ.ഡി-യു പാർലമെൻറ് അംഗം എം.പി. വീരേന്ദ്രകുമാർ പെങ്കടുത്തത് ശരദ് യാദവ് വിഭാഗത്തിന് നേട്ടമായി.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എടുത്ത എല്ലാ സംഘടന നടപടികളും റദ്ദുചെയ്ത യോഗം ആറു മാസത്തിനകം സംഘടന തെരഞ്ഞെടുപ്പ് നടത്തി പുതിയ ദേശീയ പ്രസിഡൻറിെന തെരഞ്ഞെടുക്കാനുള്ള തീരുമാനത്തിനും പൂർണ അംഗീകാരം നൽകി. ഇതോടെ പാർട്ടിയുടെ പേരിനും ചിഹ്നത്തിനും വേണ്ടി നിതീഷ് -ശരദ് യാദവ് വിഭാഗങ്ങളുടെ പോരാട്ടം നിയമ, രാഷ്ട്രീയ തലങ്ങളിൽ രൂക്ഷമാവുമെന്ന് ഉറപ്പായി.
മോദി സർക്കാറിനും നിതീഷ് കുമാറിനുമെതിരെ രൂക്ഷ വിമർശനം അടങ്ങുന്ന രാഷ്ട്രീയ പ്രമേയമാണ് കൗൺസിൽ അംഗീകരിച്ചത്. ഇതിനുപുറമെ വൈകീട്ട് ദേശീയ കൗൺസിലിനെ ശരദ് യാദവ് അഭിസംബോധന ചെയ്തപ്പോഴും ഇതേ സ്വരമാണ് തുടർന്നത്. ബിഹാറിലെ ജനങ്ങൾ മഹാസഖ്യത്തിനാണ് വോട്ട് ചെയ്തതെന്നും അത് തെൻറ നേതൃത്വത്തിൽ തുടരുമെന്നും ശരദ് യാദവ് പ്രഖ്യാപിച്ചു. മഹാസഖ്യം രാജ്യം മുഴുവൻ വ്യാപിപ്പിക്കും. എൻ.ഡി.എയിൽതന്നെ കേന്ദ്ര സർക്കാറിന് എതിരെ അപസ്വരം ഉയരുകയാണ്. രാജ്യത്തെ നിലവിലെ സമ്മിശ്ര സംസ്കാരം അപകടത്തിലായി. രാജ്യസംവിധാനംതന്നെ അപകടത്തിലായെന്നാണ് ഇതിനർഥം.
ഘർവാപസിയെക്കുറിച്ച് ഹിന്ദുമതത്തിൽ എവിടെയാണ് പറഞ്ഞത്? മതവിശ്വാസം എന്നാൽ ആന്തരിക യാത്രയാണ്. പ്രണയത്തിനുമേൽ എന്തിനാണ് അക്രമണം നടത്തുന്നത്. ആഹാരം കഴിക്കുന്നതിൽ, വസ്ത്രം ധരിക്കുന്നതിൽ ഒക്കെ ആക്രമണം നടക്കുകയാണ്. പുതിയ ഇന്ത്യ കെട്ടിപ്പടുക്കാൻ എല്ലാ പാർട്ടികളുമായി ഒത്തുചേർന്ന് പ്രവർത്തിക്കണം -അദ്ദേഹം പറഞ്ഞു.
ദേശീയ നേതാക്കളായ അൻവർ അലി എം.പി, താൽക്കാലിക ദേശീയ പ്രസിഡൻറ് ചോട്ടുഭായ് ബസവ എം.എൽ.എ, അരുൺ കുമാർ ശ്രീവാസ്തവ, ആർ.ജെ.ഡി എം.പി ജയപ്രകാശ് നാരായൺ യാദവ് എന്നിവരും സംബന്ധിച്ചു. കേരളത്തിൽനിന്ന് ജനതാദൾ-യു സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാറിെൻറ നേതൃത്വത്തിൽ 20 പേർ പെങ്കടുത്തുവെന്ന് നേതാക്കൾ പറഞ്ഞു. 34 പേരാണ് പെങ്കടുക്കേണ്ടത്. ഏഴ് ജില്ല പ്രസിഡൻറുമാരും പെങ്കടുത്തതായും അവർ അവകാശപ്പെട്ടു. മുതിർന്ന നേതാക്കളായ വർഗീസ് ജോർജ്, കെ.പി. മോഹനൻ, എം.വി. ശ്രേയാംസ് കുമാർ എം.എൽ.എ, ഷേക്ക് പി. ഹാരിസ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.