സി.പി.എമ്മിന് രാഷ്ട്രീയപ്രഹരമായി ബിനോയ് വിഷയം ചൂടുപിടിക്കുന്നു
text_fieldsതിരുവനന്തപുരം: പ്രതിച്ഛായ നഷ്ടത്തിനും നിയമപ്രശ്നത്തിനുമുപരി സി.പി.എമ്മിന് രാഷ്ട്രീയമായി വലിയ പ്രഹരമേൽക്കുന്നനിലയിലേക്ക് ബിനോയ് കോടിയേരിക്കെതിരായ കേസ് മാറുന്നു. വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻതന്നെ തെരഞ്ഞെടുക്കപ്പെടാൻ സാധ്യതയുള്ളപ്പോഴാണ് കേസ് ചർച്ചാവിഷയമാകുന്നത്. തൃശൂരിൽ നടക്കാനിരിക്കുന്ന സി.പി.എം സംസ്ഥാനസമ്മേളനത്തിൽ പാര്‍ട്ടി നേതാക്കളുടെ ജീവിതശൈലിയെക്കുറിച്ചും ധാര്‍മികതയെക്കുറിച്ചും ചർച്ചക്കുള്ള അവസരം കൂടി നൽകുന്നതാണ് കേസ്. നേതാക്കളുടെയും ജനപ്രതിനിധികളുടെയും ആഢംബര ജീവിതം സംബന്ധിച്ച ചോദ്യങ്ങൾക്കും ഇത് കാരണമായേക്കും. അതിനൊപ്പം പ്രതിപക്ഷ ആരോപണങ്ങളെ പ്രതിരോധിക്കേണ്ട നിർബന്ധിതാവസ്ഥയിലും സി.പി.എം എത്തും. ബിനോയ് കോടിയേരിക്കെതിരെ സി.പി.എം നേതൃത്വത്തിന് പരാതി ലഭിച്ച ഘട്ടത്തിൽ അതിനെ താൽക്കാലികമായെങ്കിലും പ്രതിരോധിക്കാൻ സി.പി.എമ്മിന് സാധിച്ചു. എന്നാൽ, ഇപ്പോൾ ബിനോയ്ക്കെതിരെ കേസും യാത്രാ വിലക്കും നിലവിലുണ്ടെന്ന വിവരം പുറത്തുവന്നതോടെ കോടിയേരി ബാലകൃഷ്ണനും സി.പി.എമ്മും ഒരുപോലെ പ്രതിരോധത്തിലായി.
സി.പി.എം കേന്ദ്രനേതൃത്വവും ഏറക്കുറെ കൈമലർത്തിയ അവസ്ഥയാണ്. ആ സാഹചര്യത്തിൽ ഇൗ വിഷയത്തിലുയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കുകയെന്നത് കോടിയേരിയുടെ വ്യക്തിപരമായ ബാധ്യതയായും മാറിയേക്കാം. കോടിയേരി ബാലകൃഷ്ണൻ വിഷയത്തിൽ കൈക്കൊണ്ട നിലപാടും കേസില്ലെന്ന് ആവര്‍ത്തിച്ച് അവകാശപ്പെട്ടശേഷം നിയമനടപടിക്ക് വെല്ലുവിളിക്കുകകൂടി ചെയ്തതുമാണ് പരാതിക്കാര്‍ സിവില്‍ കേസ് നല്കാൻ വഴിെവച്ചതെന്നാണ് വിവരം. ആ സാഹചര്യത്തിൽ ഇതിനുപിന്നിൽ ശക്തമായ രാഷ്ട്രീയ ഇടപെടലുണ്ടായെന്നും വ്യക്തം. ഒത്തുതീർപ്പ് ശ്രമങ്ങൾ പാളിയെന്നും വ്യക്തമാവുകയാണ്.
ഇപ്പോൾ ബിനോയ്ക്കെതിരെ കേസുണ്ടെന്നനിലയിൽ കാര്യങ്ങൾ മാറിയപ്പോൾ അതിനെ എങ്ങനെ പ്രതിരോധിക്കണമെന്നതാണ് സി.പി.എം സംസ്ഥാന നേതൃത്വത്തിന് മുന്നിലുള്ള വെല്ലുവിളി. കേസുള്ള വിവരം മറച്ചുെവച്ചാണ് പരാതിയെ പ്രതിരോധിച്ചതെന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണ്. അത് വരും ദിവസങ്ങളിൽ കൂടുതൽ പ്രശ്നങ്ങളിലേക്ക് കാര്യങ്ങൾ കൊണ്ടുപോകും.
പ്രതിപക്ഷവും കോടിയേരിക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ്. കോടിയേരി സി.പി.എം സെക്രട്ടറി സ്ഥാനം രാജിെവക്കുകയാണ് വേണ്ടതെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ഇതെല്ലാം തരണം ചെയ്യുകയും സംസ്ഥാന സമ്മേളനത്തിൽ ഇത് വിശദീകരിക്കേണ്ടിയും വരുമെന്നതാണ് സി.പി.എമ്മിനും കോടിയേരിക്കും മുന്നിലുള്ള പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.