'ഈയൊരു മാർഗം സ്വീകരിക്കാതെ ബി.ജെ.പിയെ പരാജയപ്പെടുത്താനാകില്ല' -പ്രശാന്ത് കിഷോർ
text_fieldsന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ വെറുതെ ഒന്നിച്ചതുകൊണ്ട് മാത്രം 2024ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്താനാകില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പ്രതിപക്ഷ കൂട്ടായ്മക്ക് സ്ഥിരതയില്ലെന്നും ആശയപരമായ വ്യത്യാസങ്ങളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ബി.ജെ.പിയെ നിങ്ങൾക്ക് വെല്ലുവിളിക്കണമെങ്കിൽ ആദ്യം അതിന്‍റെ ശക്തി എന്താണെന്ന് മനസിലാക്കണം. ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം -ഇത് മൂന്നുമാണ് ബി.ജെ.പിയുടെ നിലനിൽപ്പിന്‍റെ തൂണുകൾ. ഇതിൽ രണ്ടെണ്ണമെങ്കിലും തകർക്കാനായാൽ മാത്രമേ അവരെ തോൽപ്പിക്കാനാവൂ' -പ്രശാന്ത് കിഷോർ പറഞ്ഞു.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ ഒരു യോജിപ്പ് ഉണ്ടാകണം. ഗാന്ധിവാദം, അംബേദ്കർവാദം, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ... പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്, പക്ഷേ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അന്ധമായി വിശ്വസിക്കാൻ കഴിയില്ല.
പാർട്ടികളുടെയോ നേതാക്കളുടെയോ ഒത്തുചേരലിനെയാണ് മാധ്യമങ്ങൾ പ്രതിപക്ഷ സഖ്യമായി കാണുന്നത്. ആര് ആരുടെ കൂടെ ഭക്ഷണം കഴിക്കുന്നു, ചായക്ക് ക്ഷണിക്കുന്നു എന്നൊക്കെ. എന്നാൽ ഞാൻ ഒരു പ്രത്യയശാസ്ത്രത്തിന്‍റെ രൂപീകരണത്തെയാണ് നിരീക്ഷിക്കുന്നത്. ഇതുവരെ അത്തരമൊരു പ്രത്യശാസ്ത്രാധിഷ്ഠിത സഖ്യം ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ബി.ജെ.പിയെ പരാജയപ്പെടുത്താനുള്ള സഖ്യവും ആയിട്ടില്ല -പ്രശാന്ത് കിഷോർ പറഞ്ഞു.
കോൺഗ്രസിനെ നവീകരിക്കാനുള്ള പദ്ധതികൾ മുന്നോട്ടുവെച്ച ശേഷം ഗാന്ധി കുടുംബവുമായി പിണങ്ങിയതിനെ കുറിച്ചും പ്രശാന്ത് കിഷോർ പറയുന്നു. എന്‍റെ ലക്ഷ്യം കോൺഗ്രസിന്‍റെ പുനരുജ്ജീവനമായിരുന്നു. എന്നാൽ അവരുടേത് തെരഞ്ഞെടുപ്പ് വിജയവും. പദ്ധതികൾ എങ്ങനെ നടപ്പാക്കണമെന്നുള്ള അവരുടെ തീരുമാനങ്ങളുമായി യോജിച്ചുപോകാനായില്ല -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.