പരീകറിന് പകരക്കാരനെ കണ്ടെത്താനാകാതെ ബി.ജെ.പി; ഗോവയിൽ രാഷ്ട്രീയ കരുനീക്കങ്ങൾ
text_fieldsമുംബൈ: ആരോഗ്യനില മോശമായ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീകര്‍ ചികിത്സയിലായതോടെ പകരക്കാരനെ കണ്ടെത്താനാവാതെ ബി.ജെ.പി പ്രതിസന്ധിയിലായി. ഭൂരിപക്ഷമില്ലാതിരുന്നിട്ടും പരീകറുടെ വ്യക്തിപ്രഭാവത്തിൽ മന്ത്രിസഭ രൂപവത്കരിച്ചതാണ് ബി.ജെ.പിക്ക് തിരിച്ചടിയാവുന്നത്. വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ തള്ളി 40 അംഗ സഭയില്‍ 14 അംഗങ്ങള്‍ മാത്രമുള്ള ബി.ജെ.പി ഭരണം നേടിയത് മറ്റു കക്ഷികളുടെയും മൂന്നു സ്വതന്ത്രരുടെയും പിന്തുണയിലാണ്. ബി.ജെ.പിക്കല്ല മറിച്ച് മനോഹര്‍ പരീകര്‍ എന്ന വ്യക്തിക്കാണ് പിന്തുണ എന്ന നിലപാടാണ് മൂന്ന് അംഗങ്ങളുള്ള വിജയ് സര്‍ദേശായിയുടെ ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി.എഫ്.പി) കോണ്‍ഗ്രസ് പിന്തുണയില്‍ ജയിച്ചിട്ടും പരീകര്‍ക്ക് പിന്തുണ നല്കിയ സ്വതന്ത്രന് രോഹന് ഖൗന്തെയും കൈക്കൊണ്ടത്. എന്‍.സി.പിയുടെ ഏക എം.എൽ.എ ചര്‍ച്ചില്‍ അെലമാവോയും ഇതേ നിലപാടുകാരനാണ്.
2017ലെ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയുമായി സഖ്യം അവസാനിപ്പിച്ച് ഒറ്റക്കു മത്സരിച്ച മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി) പരീകറുടെ പേരിലാണ് വീണ്ടും പിന്തുണ നല്‍കിയത്. ഇവരുടെ പിന്തുണ ഉറപ്പിക്കാനാണ് കേന്ദ്ര പ്രതിരോധ മന്ത്രിപദം രാജിവെച്ച് 2017 മാര്‍ച്ചില്‍ പരീകര്‍ തിരിച്ചെത്തിയത്. പരീകര്‍ എന്ന ഒറ്റക്കണ്ണിയിലാണ് ഗോവയിലെ ബി.ജെ.പി സര്‍ക്കാർ മുന്നോട്ടുപോയത്. പരീകറോളം മറ്റുള്ളവർക്ക് സ്വീകാര്യനായ ഒരു നേതാവില്ലാത്തതാണ് ബി.ജെ.പിയെ കുഴക്കുന്നത്.
അതിനിടെ, അതൃപ്തരായ ചില ബി.ജെ.പി എം.എൽ.എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടതായി എ.ഐ.സി.സി സെക്രട്ടറി എ. ചെല്ലകുമാര്‍ അവകാശപ്പെട്ടു. നിലവില്‍ ബി.ജെ.പി മന്ത്രിമാരില്‍ വിശ്വജിത് റാണ, പാണ്ഡുരംഗ് മദകൈകര്‍ എന്നിവര്‍ മുന്‍ കോണ്‍ഗ്രസുകാരാണ്. ജി.എഫ്.പി അധ്യക്ഷന്‍ വിജയ് സര്‍ദേശായി കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ച നടത്തിയതായി സൂചനയുണ്ട്. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങളും ബി.ജെ.പിയെ സമ്മർദത്തിലാക്കുന്നുണ്ട്.
നിലവിൽ പരീകറെ മുഖ്യമന്ത്രി പദത്തില്‍നിന്ന് മാറ്റരുതെന്നാണ് ബി.ജെ.പി എം.എൽ.എമാര്‍ക്കിടയിലെ അഭിപ്രായം. ഉപമുഖ്യമന്ത്രിപദം സൃഷ്ടിച്ച് താൽക്കാലിക പരിഹാരമാണ് നിര്‍ദേശിക്കപ്പെടുന്നത്. പരീകര്‍ തന്നെയാകും മുഖ്യമന്ത്രിയെന്നും മാറ്റമുണ്ടാകില്ലെന്നും ഗോവ ബി.ജെ.പി അധ്യക്ഷന്‍ വിനയ് ടെണ്ടുൽകറും പറയുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.