ഹരിയാനയിൽ ബി.ജെ.പിക്ക് അഗ്നിപരീക്ഷ
text_fieldsകേവല ഭൂരിപക്ഷം നഷ്ടമായിട്ടും ഗവർണറുടെ താങ്ങിൽ ഭരണം പൂർത്തിയാക്കിയ ബി.ജെ.പി, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ നേരിടുന്നത് അഗ്നിപരീക്ഷ. ഭരണവിരുദ്ധ വികാരം, കർഷക പ്രക്ഷോഭം, ഗുസ്തി താരങ്ങളുടെ സമരം, അഗ്നിവീർ പദ്ധതി, തൊഴിലില്ലായ്മ, വിലക്കയറ്റം, ആഭ്യന്തര കലഹം, ജാതി രാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലുണ്ടായ പ്രതിസന്ധി ബി.ജെ.പി സർക്കാറിന്റെ തുടർഭരണ പ്രതീക്ഷക്ക് മങ്ങലേൽപിക്കുന്നു.
2019ൽ കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന ബി.ജെ.പി ദുഷ്യന്ത് ചൗതാലയുടെ ‘ജനനായക് ജനതാ പാർട്ടി’ (ജെ.ജെ.പി)യെയും സ്വതന്ത്രരെയും കൂട്ടുപിടിച്ചാണ് ഭരണം നിലനിർത്തിയത്. എന്നാൽ, ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജെ.ജെ.പി തെറ്റിപ്പിരിഞ്ഞു. സ്വതന്ത്രരും പിന്തുണ പിൻവലിച്ചു. ഇതോടെ നിയമസഭ വിളിച്ചുചേർക്കാതെ ഗവർണറുടെ സഹായത്തോടെ രണ്ടാം എൻ.ഡി.എ സർക്കാർ ഭരണം പൂർത്തിയാക്കുകയാണുണ്ടായത്.
ഭരണവിരുദ്ധ വികാരം ശമിപ്പിക്കാനും ഒ.ബി.സി വോട്ടുകളിൽ കണ്ണുവെച്ചും ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മനോഹർ ലാൽ ഖട്ടറിനെ മാറ്റി നായിബ് സൈനിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി അപ്രതീക്ഷിതമായി കൊണ്ടുവന്നത്. എന്നാൽ, മുഖ്യമന്ത്രി മാറ്റം നേട്ടമാകുന്നതിനുപകരം ആഭ്യന്തര കലഹത്തിലേക്കാണ് വഴിവെച്ചതെന്ന് ബി.ജെ.പി റോഹ്തക് ഓഫിസിലുള്ള പ്രാദേശിക നേതാക്കൾ തുറന്നുസമ്മതിക്കുന്നു.
മുതിർന്ന നേതാവും മന്ത്രിയുമായ അനിൽ വിജ്, കേന്ദ്ര മന്ത്രി റാവു ഇന്ദ്രജീത് സിങ് എന്നിവർ എതിർപ്പ് പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നുണ്ട്. ഭരണവിരുദ്ധ വികാരത്തെത്തുടർന്ന് രണ്ട് മന്ത്രിമാരുൾപ്പെടെ 15 സിറ്റിങ് എം.എൽ.എമാരെ മാറ്റിയാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചത്. എന്നാൽ, മാറ്റപ്പെട്ടവരെല്ലാം വിമതരോ സ്വതന്ത്ര സ്ഥാനാർഥികളോ ആയതും വിജയ പ്രതീക്ഷക്ക് മങ്ങലേൽപിക്കും.
കേന്ദ്ര സർക്കാറിനെതിരെയുള്ള ജനരോഷം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചിരുന്നു. പൊതുതെരഞ്ഞെടുപ്പിൽ എപ്പോഴും ബി.ജെ.പി അനുകൂല നിലപാട് സ്വീകരിച്ചിരുന്ന സംസ്ഥാനത്ത് 10ൽ അഞ്ച് സീറ്റ് നേടാനായെങ്കിലും വോട്ടുവിഹിതം കുത്തനെ കുറഞ്ഞു. നിയമസഭ മണ്ഡലാടിസ്ഥാനത്തിൽ കോൺഗ്രസിന് വലിയ മുൻതൂക്കം ലഭിക്കുകയുണ്ടായി.
കർഷക വോട്ട്, അഗ്നിപഥ് പദ്ധതിക്കെതിരെ യുവാക്കളിലുണ്ടായ വികാരം, ഗുസ്തി താരങ്ങൾക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിൽ സ്ത്രീകളിലുണ്ടായ രോഷം എന്നിവയാണ് ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണം. ഈ വിഷയങ്ങൾ ഇപ്പോഴും സംസ്ഥാനത്ത് കത്തി നിൽക്കുന്നു. ഇത് മറികടക്കാൻ അഗ്നിവീറുകൾക്ക് സർക്കാർ ജോലി ഉറപ്പാക്കുമെന്നും 24 നാണ്യവിളകള്ക്ക് താങ്ങുവില പ്രഖ്യാപിക്കുമെന്നും സ്ത്രീകൾക്ക് പ്രതിമാസം 2,100 രൂപയും 500 രൂപക്ക് ഗ്യാസ് സിലിണ്ടറും നൽകുമെന്നും പ്രകടന പത്രികയിൽ ബി.ജെ.പി വാഗ്ദാനം ചെയ്യുന്നുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഭരണത്തിലുള്ള സംസ്ഥാനം നഷ്ടപ്പെട്ടാൽ ദേശീയതലത്തിലും അത് ബി.ജെ.പിക്ക് വലിയ തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.