ലക്ഷ്യവും മാര്‍ഗവും തെറ്റി ബി.ജെ.പി ജാഥകള്‍
text_fieldsതിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധിക്കാനും സംസ്ഥാന സര്‍ക്കാറിനെയും സി.പി.എമ്മിനെയും രാഷ്ട്രീയമായി ആക്രമിക്കാനും നടത്തിയ മേഖല ജാഥകളുടെ ലക്ഷ്യവും മാര്‍ഗവും തെറ്റിയതായി ബി.ജെ.പിക്കുള്ളില്‍ വിമര്‍ശം. സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ ഒരു ഗ്രൂപ്പിന്‍െറ വക്താവായി മാറിയെന്നും ആക്ഷേപം. സംസ്ഥാന കോര്‍ കമ്മിറ്റിയും ഭാരവാഹിയോഗവും തിങ്കളാഴ്ച കോട്ടയത്ത് ചേരുന്നതിനിടെയാണ് ഗ്രൂപ് പോര് മൂര്‍ച്ഛിക്കുന്നത്. സഹകരണ മേഖലയെ സംരക്ഷിക്കുക, റേഷന്‍ പുന$സ്ഥാപിക്കുക, കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യം ഉയര്‍ത്തി സംഘടിപ്പിച്ച നാല് മേഖല ജാഥകളുടെ ലക്ഷ്യവും മാര്‍ഗവും മാറിയെന്നാണ് ആക്ഷേപം.
കോഴിക്കോട് മേഖല ജാഥ നയിച്ച എ.എന്‍. രാധാകൃഷ്ണന്‍ എം.ടി. വാസുദേവന്‍ നായരെയും സംവിധായകന്‍ കമലിനെയും ആക്ഷേപിച്ചതോടെ ജാഥയുടെ ഉദ്ദേശ്യലക്ഷ്യം മാറി പാര്‍ട്ടി പ്രതിക്കൂട്ടിലായെന്ന വിമര്‍ശമാണ് നേതൃത്വത്തില്‍ ഭൂരിഭാഗത്തിനും. മുന്‍ സംസ്ഥാന പ്രസിഡന്‍റ് സി.കെ. പത്മനാഭനും രൂക്ഷമായി രാധാകൃഷ്ണനെ വിമര്‍ശിച്ചു. കമല്‍ പാകിസ്താനിലേക്ക് പോകണമെന്ന ആക്ഷേപം രാധാകൃഷ്ണന്‍േറത് മാത്രമെന്ന് കുമ്മനം രാജശേഖരന് പ്രസ്താവിക്കേണ്ടിവന്നത് ഈ സാഹചര്യത്തിലാണ്.
ഉത്തരേന്ത്യന്‍ മാതൃകയിലെ തീവ്രവര്‍ഗീയത കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന്. പി.കെ. കൃഷ്ണദാസ് പക്ഷത്ത് എം.ടി. രമേശുമായി മത്സരിക്കുന്ന എ.എന്‍. രാധാകൃഷ്ണന്‍ തീവ്രഹിന്ദുത്വം പറഞ്ഞ് ഗ്രൂപ്പിനുള്ളില്‍ മേല്‍ക്കോയ്മ നേടാന്‍ ശ്രമിക്കുന്നെന്നും ചൂണ്ടിക്കാട്ടുന്നു. കമല്‍ പ്രധാനമന്ത്രിയെയും സുരേഷ് ഗോപിയെയും വിമര്‍ശിക്കുന്ന വിഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുമ്മനം കോര്‍ കമ്മിറ്റി യോഗത്തിന്‍െറ തലേദിവസം രാധാകൃഷ്ണന് അനുകൂലമായി നിലപാടെടുത്തു.
കുമ്മനം ഇപ്പോള്‍ ഒരു ഗ്രൂപ്പിന്‍െറ വക്താവായി മാറിയെന്ന ആക്ഷേപമാണ് ശക്തമാവുന്നത്. പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ എന്നിവരുടെ വക്താവായി കുമ്മനം മാറിയെന്നാണ് ആക്ഷേപം. സി.കെ. പത്മനാഭന്‍െറ പ്രതികരണം ഇക്കാര്യത്തിലെ അതൃപ്തിയാണെന്നും സൂചനയുണ്ട്.
കോര്‍ കമ്മിറ്റിയിലും ഭാരവാഹിയോഗത്തിലും ആരെങ്കിലും ഉന്നയിച്ചാല്‍ മാത്രം രാധാകൃഷ്ണന്‍െറ വിവാദ പ്രസ്താവന ചര്‍ച്ചയാവും. നേതൃത്വം രാധാകൃഷ്ണന്‍െറ ഒപ്പമെന്ന സന്ദേശം നല്‍കുകയാണ് കുമ്മനത്തിന്‍െറ ലക്ഷ്യമെന്നും വിലയിരുത്തുന്നു. യു.പി ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ തര്‍ക്കങ്ങളില്‍ ഇടപെടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.