ഉലഞ്ഞ് പ്രതിപക്ഷം; കൂടുതൽ സംസ്ഥാനങ്ങൾ വട്ടമിട്ട് ബി.ജെ.പി
text_fieldsന്യൂഡൽഹി: നിതീഷ്കുമാറിെൻറ ‘ഘർവാപസി’ പ്രതിപക്ഷത്തെ ഒന്നാകെ ഉലച്ചു. അഴിമതിക്കെതിരായ യുദ്ധമല്ല, അവസരവാദരാഷ്ട്രീയമാണ് നിതീഷ്കുമാർ പുറത്തെടുത്തതെന്ന് തിരിച്ചറിയുേമ്പാൾതന്നെ, ബി.ജെ.പിയെ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നേരിടാനുള്ള ശക്തി കൈമോശം വന്ന മട്ടിലാണ് പ്രതിപക്ഷം.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിക്ക് ഉണ്ടാകാമായിരുന്ന രാഷ്ട്രീയ പ്രതിയോഗിയെ നിർവീര്യമാക്കുകയാണ് ബി.ജെ.പി ചെയ്തത്. അടുത്ത തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രിസ്ഥാനാർഥിയായി പ്രതിപക്ഷത്ത് ഉയർത്തിക്കാണിക്കപ്പെട്ട നേതാവാണ് നിതീഷ്. അദ്ദേഹം സ്വന്തം പാളയത്തിൽ വരുന്നതോടെ ബിഹാറിൽ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ ധൈര്യം വർധിക്കുകയാണ്.
കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃപാടവം പലവട്ടം ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. രണ്ടുവർഷത്തിനപ്പുറത്തെ തെരഞ്ഞെടുപ്പുചിത്രത്തിലേക്ക് പൊതുസമ്മതനായി ഉയർത്തിക്കാണിക്കാൻ പറ്റിയ നേതാവില്ലാത്ത സ്ഥിതിയിലാണ് പ്രതിപക്ഷം. അതിനുപിന്നാലെയാണ് ബി.ജെ.പി തങ്ങൾക്ക് വളയ്ക്കാൻ കെൽപുള്ള പ്രാദേശികനേതാക്കളെ വട്ടമിട്ടു പറക്കുന്നത്. പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ പ്രതിയോഗിയായി അറിയപ്പെട്ടിരുന്ന നിതീഷ്കുമാർ അതിൽ വീണുകഴിഞ്ഞു. പ്രതിപക്ഷത്തിന് മോദിയെ നേരിടാനുള്ള കെൽപ് നശിക്കുെന്നന്ന തോന്നലാണ് കീഴടങ്ങി ഭാവി സുരക്ഷിതമാക്കാൻ നിതീഷിനെ പ്രേരിപ്പിച്ചത്.
വാജ്പേയിയുടെ കാലത്തെ എൻ.ഡി.എ സഖ്യകക്ഷികളിൽ കരുത്തരായ പ്രാദേശിക പാർട്ടികളെ സ്വന്തം പാളയത്തിലേക്ക് അടുപ്പിക്കാനുള്ള പദ്ധതി ബി.ജെ.പി മുന്നോട്ടു നീക്കുകയാണ്. തമിഴ്നാട്ടിൽ എ.െഎ.എ.ഡി.എം.കെ, ഒഡിഷയിൽ ബി.ജെ.ഡി എന്നിങ്ങനെ ബി.ജെ.പിയോട് മമത പുലർത്തുന്ന വിവിധ പാർട്ടികളെ മെരുക്കാമെന്ന പ്രതീക്ഷ ബി.ജെ.പിക്കുണ്ട്. ഇക്കൂട്ടത്തിൽ വഴക്കം പ്രതീക്ഷിക്കേണ്ടാത്തത് തൃണമൂൽ കോൺഗ്രസാണ്.
പുതിയ പ്രാദേശികകക്ഷികളെ പാളയത്തിലേക്ക് അടുപ്പിച്ച് ബി.ജെ.പി ചിറക് കൂടുതൽ വിരിക്കാനൊരുങ്ങുന്ന ചുറ്റുപാടിൽ, പ്രതിപക്ഷത്ത് നായകമുഖമില്ലാത്തത് 2019ലെ തെരഞ്ഞെടുപ്പ് അനായാസം മറികടക്കാമെന്ന പ്രതീക്ഷ ബി.ജെ.പിയിൽ വർധിപ്പിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി എങ്ങനെ നേരിടാമെന്ന കാര്യത്തിൽ പ്രതിപക്ഷനിരയിൽ ആശങ്ക പെരുകുകയും ചെയ്യുന്നു. ബി.ജെ.പിക്ക് വഴങ്ങാത്ത നേതാക്കൾക്കെതിരായ കേസുകൾ മുറുകുന്ന പശ്ചാത്തലവുമുണ്ട്. ഇക്കൂട്ടത്തിൽ ഒന്നാംനമ്പർ പുള്ളിയാണ് ലാലുപ്രസാദ്. ബിഹാറിൽ സർക്കാർമാറ്റം വന്നതിന് തൊട്ടുപിന്നാലെ ലാലുവിനെതിരായ കുരുക്ക് കേന്ദ്രം മുറുക്കുകയാണ്. വിവിധ സംസ്ഥാന മുഖ്യമന്ത്രിമാർ അടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെയും കേന്ദ്ര ഏജൻസികൾ നീങ്ങുന്നു. അഴിമതിയുടെ പേരിലുള്ള വേട്ടയാടലും പ്രതിപക്ഷവീര്യം ചോർത്തുന്നു.
ബി.ജെ.പി നേതാക്കൾക്കെതിരായ കേസുകൾ അപ്രധാനമായി ചിത്രീകരിച്ച് തള്ളുേമ്പാൾതന്നെയാണ് പ്രതിപക്ഷനിരയെ ഉന്നംവെക്കുന്ന കേസുകൾ മുറുക്കുന്നത്. ലാലുപ്രസാദിെൻറ മകൻ തേജസ്വിക്കെതിരെ അഴിമതിക്കേസിൽ കുറ്റപത്രം സമർപ്പിക്കുകയല്ല, എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. അതിെൻറ പേരിൽ സംസ്ഥാന-ദേശീയ രാഷ്ട്രീയചിത്രം മാറ്റിമറിക്കാൻ സമർഥമായ നീക്കത്തിലൂടെ മോദി-അമിത്ഷാ അച്ചുതണ്ടിന് കഴിഞ്ഞു. ബാബരി മസ്ജിദ് പൊളിച്ച കേസിൽ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി വിചാരണ നേരിടുന്ന ഉമാഭാരതി കേന്ദ്രമന്ത്രിസ്ഥാനത്ത് തുടരുന്നത് വിഷയമല്ല. മധ്യപ്രദേശിൽ പെയ്ഡ് ന്യൂസ് കേസിൽ ബി.ജെ.പി മന്ത്രി കുരുങ്ങി. ഇതൊക്കെയും അപ്രധാനമായി തള്ളുകയാണ് ബി.ജെ.പി. ഒപ്പം രാഷ്ട്രീയമായ വേട്ടയാടലുകൾ, അഴിമതിക്കെതിരായ പോരാട്ടമായി മഹത്ത്വവത്കരിക്കുകയും ചെയ്യുന്നു. പ്രതിരോധശേഷി ചോർന്നുപോയ പ്രതിപക്ഷം ബി.ജെ.പിയുടെ തേരോട്ടത്തിന് കരുത്തായി മാറുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.