'മനഃപായസം ഉണ്ണേണ്ട, കാര്യങ്ങൾ ഞങ്ങൾ തീരുമാനിച്ചോളാം' -മുന്നറിയിപ്പുമായി ബി.ജെ.പി ദേശീയ നേതൃത്വം
text_fieldsതിരുവനന്തപുരം: കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളിൽ സ്ഥാനാർഥിത്വം ലക്ഷ്യമിട്ട് ആരും മനഃപായസം ഉണ്ണേണ്ടെന്നും കാര്യങ്ങൾ തങ്ങൾ തീരുമാനിച്ചോളാമെന്നുമുള്ള നിലപാടിൽ ബി.ജെ.പി ദേശീയ നേതൃത്വം. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വിജയസാധ്യതയുണ്ടെന്ന് കണക്കാക്കുന്ന ആറു മണ്ഡലങ്ങളിലെ സ്ഥാനാർഥികളാകാനാണ് ചരടുവലി തുടങ്ങിയത്. ചില മണ്ഡലങ്ങളിൽ സ്ഥിരമായി ചിലർ സ്ഥാനാർഥിയാകുന്നത് ഇനി നടക്കില്ലെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേകറുടെ നേതൃത്വത്തിൽ കേരള ബി.ജെ.പിയിൽ സമൂലമായ മാറ്റമാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന നേതൃത്വംപോലും അറിയാതെ സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റിയിലെത്തിയത് അതിന്‍റെ ഭാഗമാണ്. സംസ്ഥാന ബി.ജെ.പിക്കുള്ളിൽ ഈ വിഷയത്തിൽ അതൃപ്തിയുണ്ട്. എന്നാൽ, ദേശീയ നേതൃത്വം സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി നേരത്തേ ചർച്ച നടത്തിയപ്പോൾ സുരേഷ് ഗോപി പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരണമെന്ന് പലരും നിർദേശിച്ചിരുന്നു.
ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള തിരുവനന്തപുരം, തൃശൂർ, പാലക്കാട് ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യം ദേശീയ നേതൃത്വം നേരിട്ട് തീരുമാനിക്കും. തിരുവനന്തപുരം മണ്ഡലം പ്രതീക്ഷിച്ചിരുന്ന മുതിർന്ന നേതാവിന്‍റെ ഓഫിസ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൂട്ടിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പിനു മുമ്പ് സംസ്ഥാന നേതൃത്വത്തിൽ ചിലരെ പുതുതായി ഉൾക്കൊള്ളിക്കാനും കോർകമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം കുറക്കാനും നീക്കമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിൽ തുടർഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പി ദക്ഷിണേന്ത്യയിൽ വേരോട്ടം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് വിമതനീക്കങ്ങൾ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ദേശീയ നേതൃത്വം. നേതൃതലത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.