രാജ്യസഭ സമിതി പിടിക്കാൻ ബി.ജെ.പി കരുനീക്കം
text_fieldsന്യൂഡൽഹി: രാജ്യസഭയിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയതിനു പിന്നാലെ നിർണായക പാർലമെൻറ് സ്റ്റാൻഡിങ് കമ്മിറ്റിയുടെ നിയന്ത്രണം പിടിക്കാൻ ബി.ജെ.പി കരുനീക്കം. പ്രധാനമന്ത്രിയുടെ ഒാഫിസ്, സി.ബി.െഎ, കേന്ദ്ര വിജിലൻസ് കമീഷൻ (സി.വി.സി) എന്നിവയുടെയും മറ്റും പ്രവർത്തനം വിലയിരുത്തുന്ന രാജ്യസഭയിലെ നിയമ, നീതിന്യായ, പൊതുപരാതി സമിതി കൈപ്പിടിയിലാക്കാനാണ് നീക്കം. 24 പാർലമെൻററി സമിതികളിൽ എട്ട് രാജ്യസഭയിലും 16 ലോക്സഭയിലുമാണ്. രാജ്യസഭയിൽ പ്രധാന സമിതികളുടെ അധ്യക്ഷ പദവി മുഖ്യപ്രതിപക്ഷ കക്ഷിക്കാണ്. അതനുസരിച്ച് ആഭ്യന്തരകാര്യം, നിയമം- നീതിന്യായകാര്യം-പൊതു പരാതി, ശാസ്ത്ര-സാേങ്കതികം-പരിസ്ഥിതി-വനം എന്നീ വകുപ്പതല സമിതികളുടെ അധ്യക്ഷ സ്ഥാനമാണ് കോൺഗ്രസിന്.
ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷൻ പി. ചിദംബരവും നിയമം- നീതിന്യായകാര്യം-പൊതു പരാതി സമിതി അധ്യക്ഷൻ ആനന്ദ് ശർമയും ശാസ്ത്ര- സാേങ്കതികം-പരിസ്ഥിതി- വനം സമിതിയുടെ അധ്യക്ഷ രേണുക ചൗധരിയുമാണ്. ബാക്കിയുള്ളതിൽ രണ്ട് സമിതികളുടെ അധ്യക്ഷ പദവി തൃണമൂൽ കോൺഗ്രസിനും ഒാരോന്ന് വീതം ജെ.ഡി-യുവിനും സമാജ്വാദി പാർട്ടിക്കുമാണ്. 245 അംഗങ്ങളുള്ള രാജ്യസഭയിൽ കോൺഗ്രസിെൻറ 65 വർഷത്തെ മേധാവിത്വത്തിന് അന്ത്യംകുറിച്ചാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. കോൺഗ്രസിന് 57ഉം ബി.ജെ.പിക്ക് 58മാണ് അംഗബലം. കക്ഷിബലത്തിെൻറ അടിസ്ഥാനത്തിലാണ് ഒാരോ പാർട്ടിക്കും പാർലമെൻററി സമിതി അധ്യക്ഷ സ്ഥാനം നൽകുന്നത്. അപ്പോഴും സർക്കാറിെൻറയും സുപ്രധാന വകുപ്പുകളുടെയും പ്രവർത്തനം അവലോകനം ചെയ്യാൻ അടക്കം അധികാരമുള്ള സമിതികളുടെ അധ്യക്ഷസ്ഥാനം പ്രതിപക്ഷ കക്ഷിക്കാണ് നൽകുന്നത്.
ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ തങ്ങൾക്ക് ഒരു സമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിക്കുമെന്ന് തിരിച്ചറിഞ്ഞ ബി.ജെ.പി അതിനുള്ള ആവശ്യം നേരത്തേ ഉയർത്തിയിരുന്നു. ഇതോടെ ശാസ്ത്ര- സാേങ്കതികം- പരിസ്ഥിതി- വനം സമിതിയുടെ അധ്യക്ഷ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചേക്കുമെന്ന സൂചനയാണ് കോൺഗ്രസിൽനിന്ന് ഉണ്ടായത്. അതേസമയം, സി.ബി.െഎ, സി.വി.സി എന്നിവയുടെ പ്രവർത്തനം അടക്കം വിലയിരുത്തുന്ന നിയമം- നീതിന്യായകാര്യം-പൊതു പരാതി സംബന്ധിച്ച് വകുപ്പുതല സമിതിയുടെ അധ്യക്ഷ സ്ഥാനത്തേക്കാണ് ബി.ജെ.പിയുടെ കണ്ണ്. സമിതിയുടെ അധ്യക്ഷ സ്ഥാനത്തിനായി പുതുതായി രാജ്യസഭാംഗമായ അമിത് ഷായെയാണ് ഉദ്ദേശിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾ, പ്രധാനമന്ത്രിയുടെ ഒാഫിസ് എന്നിവയുടെ പ്രവർത്തനം സംബന്ധിച്ച് ആേക്ഷപമുള്ള സാഹചര്യത്തിൽ ബി.ജെ.പി നീക്കത്തിന് പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
രാജ്യസഭയിൽ ദേശീയ പിന്നാക്ക വികസന കമീഷൻ നിയമത്തിൽ ബി.ജെ.പി കൊണ്ടുവന്ന ഭേദഗതി പ്രതിപക്ഷം അടുത്തിടെ തള്ളിയിരുന്നു. രാജ്യസഭ അധ്യക്ഷ സ്ഥാനം വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായതോടെ ബി.ജെ.പിക്ക് അനുകൂലമായി മാറുകയും അമിത് ഷാ സഭയിൽ എത്തുകയും ചെയ്ത സാഹചര്യത്തിൽകൂടിയാണ് സഭയുടെ പൂർണ നിയന്ത്രണത്തിനായുള്ള പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.