കളം കൈവിട്ടു; കളി മാറ്റി ബി.ജെ.പി
text_fieldsന്യൂഡല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്ത് ഒ. പന്നീര്‍സെല്‍വം തുടരണമെന്ന താല്‍പര്യത്തില്‍ പിന്നാമ്പുറ നീക്കം നടത്തിയ ബി.ജെ.പി കളം കൈവിട്ടപ്പോള്‍ മാവിലായിക്കാരായി. ശശികലയുടെ പാദുക പൂജയിലേക്ക് തമിഴ്നാട് ഭരണം നീങ്ങുമ്പോള്‍, തല്‍ക്കാലം കാഴ്ചക്കാര്‍ മാത്രമായി നില്‍ക്കുന്നതാണ് ബുദ്ധിയെന്ന ചിന്താഗതിയിലാണ് കേന്ദ്രനേതൃത്വം.
കാവല്‍ മുഖ്യമന്ത്രി പന്നീര്‍സെല്‍വത്തിന് പിന്തുണ സമാഹരിക്കാന്‍ പാകത്തില്‍ കേന്ദ്രസര്‍ക്കാറിന്‍െറ താല്‍പര്യപ്രകാരം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തീരുമാനങ്ങള്‍ വൈകിച്ചുവെന്ന ആക്ഷേപം ദിവസങ്ങളായി നിലനില്‍ക്കുന്നുണ്ട്. പന്നീര്‍സെല്‍വത്തിന്‍െറ രാജി ഗവര്‍ണര്‍ സ്വീകരിച്ചതില്‍ സാങ്കേതിക പിഴവ് ഗവര്‍ണര്‍ക്ക് സംഭവിച്ചുവെന്നു വരെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സൂചിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പന്നീര്‍സെല്‍വം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ല. തനിക്കനുകൂലമായി കരുനീക്കം നടത്താനോ എം.എല്‍.എമാരെ വശത്താക്കാനോ പന്നീര്‍സെല്‍വത്തിന് കഴിഞ്ഞില്ല. ശശികല ജയിലില്‍പോയ ശേഷവും അവരുടെ ക്യാമ്പിലാണ് എം.എല്‍.എമാര്‍ ബഹുഭൂരിപക്ഷവുമെന്ന നില തുടര്‍ന്നത് ബി.ജെ.പിയെ അമ്പരപ്പിച്ചു. പളനിസാമിക്ക് കസേര ഒഴിഞ്ഞുകൊടുക്കുകയല്ലാതെ പന്നീര്‍സെല്‍വത്തിന് ഗത്യന്തരമില്ളെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞു.
പുതിയ സര്‍ക്കാറുണ്ടാക്കാന്‍ ആരെ ക്ഷണിക്കണമെന്ന കാര്യത്തില്‍ കഴിഞ്ഞരാത്രി വരെ സംശയിച്ചുനിന്ന ഗവര്‍ണര്‍ വ്യാഴാഴ്ച അതിവേഗമാണ് കാര്യങ്ങള്‍ നീക്കിയത്. പഴയ ബി.ജെ.പി നേതാവുകൂടിയായ ഗവര്‍ണര്‍ക്ക് കേന്ദ്രം വ്യക്തമായ ഉപദേശം കൈമാറിയതോടെയാണ് ഇതെന്നാണ് വിവരം. തമിഴ്നാട്ടില്‍ ബി.ജെ.പിയുടെ നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന കേന്ദ്രമന്ത്രി വെങ്കയ്യനായിഡുവും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവും ആന്ധ്രപ്രദേശുകാരാണ്.
പന്നീര്‍സെല്‍വം പൂച്ചക്കുട്ടിയായി മാറിയെങ്കിലും തല്‍ക്കാലം ശശികല പക്ഷത്തോട് അകലം പാലിച്ചുനില്‍ക്കാനാണ് ബി.ജെ.പി താല്‍പര്യപ്പെടുന്നത്. പളനിസാമി മുഖ്യമന്ത്രിയായെങ്കിലും ജയിലില്‍പോയ ശശികലയോടുള്ള പൊതുവായ തമിഴ്വികാരം, പ്രത്യേകിച്ച് സ്ത്രീവികാരം രോഷമാണ്. ജയലളിതയെ വലയം ചെയ്തിരുന്ന അഴിമതിമാഫിയ സംഘം പാര്‍ട്ടിയിലും ഭരണത്തിലും പിടിമുറുക്കിയതാണ് പശ്ചാത്തലം.
ഈ സാഹചര്യത്തില്‍ വേലിപ്പുറത്തുനിന്ന് കളി കാണുകയും ഭാവിയില്‍ അവസരോചിതം പെരുമാറുകയും ചെയ്യുക എന്നതാണ് ബി.ജെ.പി ലൈന്‍. ശശികല ക്യാമ്പിനാകട്ടെ, കേന്ദ്രഭരണമുള്ള ബി.ജെ.പിയുമായി പാലമിടാതിരിക്കാന്‍ കഴിയുകയുമില്ല. ബി.ജെ.പി പന്നീര്‍സെല്‍വത്തെയാണ് പിന്താങ്ങുന്നതെന്നു കണ്ട ശശികലപക്ഷം നേരത്തെ കോണ്‍ഗ്രസിന്‍െറ സഹായം ആഗ്രഹിച്ചിരുന്നു. എന്നാല്‍, കോടതി ശിക്ഷിച്ചവര്‍ക്ക് പിന്തുണനല്‍കുന്ന പ്രസ്താവനകളില്‍നിന്ന് കരുതലോടെ ഒഴിഞ്ഞുനില്‍ക്കുകയാണ് കോണ്‍ഗ്രസും ചെയ്തത്.
പളനിസാമി മുഖ്യമന്ത്രിയായെങ്കിലും എ.ഐ.എ.ഡി.എം.കെയിലെയും തമിഴ്നാട് രാഷ്ട്രീയത്തിലെയും അനിശ്ചിതാവസ്ഥ കെട്ടടങ്ങുന്നില്ല. എന്നാല്‍, ബി.ജെ.പിക്കൊപ്പം നാമമാത്ര സാന്നിധ്യമുള്ള ദേശീയ പാര്‍ട്ടികള്‍, സ്വന്തം കരുത്തുവര്‍ധിപ്പിക്കുന്നതിന് തല്‍ക്കാലം ഒന്നും ചെയ്യാനില്ളെന്ന തിരിച്ചറിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.