സംസ്ഥാന സര്‍ക്കാറിനെതിരെ തുടര്‍സമരങ്ങള്‍ക്ക് ബി.ജെ.പി
text_fieldsകോട്ടയം: സംസ്ഥാന സര്‍ക്കാറിനെതിരെ തുടര്‍ സമരങ്ങള്‍ക്ക് കോട്ടയത്ത് നടന്ന ബി.ജെ.പി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. റേഷന്‍ പ്രതിസന്ധി, ദലിത് പീഡനം, ഭൂമി പ്രശ്നം, അക്രമരാഷ്ട്രീയം എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിയാവും സമരങ്ങളെന്ന് സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍, ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ നിഷേധത്തിനെതിരെ ഫെബ്രുവരി ആറിന് പഞ്ചായത്ത് തലങ്ങളില്‍ 24 മണിക്കൂര്‍ പട്ടിണിസമരം നടത്തും. ‘കേന്ദ്രം നല്‍കിയ അരി തരൂ’ മുദ്രാവാക്യം ഉയര്‍ത്തിയാണ് സമരം. ഫെബ്രുവരി 13ന് യുവമോര്‍ച്ച താലൂക്ക് സപൈ്ള ഓഫിസുകള്‍ ഉപരോധിക്കും. ഫെബ്രുവരി 18ന് മഹിള മോര്‍ച്ച നിയോജകമണ്ഡലതലങ്ങളില്‍ അമ്മമാരുടെ ധര്‍ണ നടത്തും. വ്യാഴാഴ്ച മുതല്‍ 25വരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ എഫ്.സി.ഐ ഗോഡൗണുകളില്‍നിന്ന് അരി പിടിച്ചെടുക്കല്‍ സമരം നടത്തും.
സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ക്കെതിരെ പട്ടികജാതി മോര്‍ച്ച ജില്ല അധ്യക്ഷന്മാര്‍ കോളനികള്‍ കേന്ദ്രീകരിച്ച് വാഹന പ്രചാരണ ജാഥകള്‍ നടത്തും. ഫെബ്രുവരി 10 മുതല്‍ 20 വരെയാകും ജാഥകള്‍. മാര്‍ച്ച് 20ന് പട്ടികജാതി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. പിണറായി വിജയന്‍െറ ഭരണത്തിന്‍കീഴില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വ്യാപകമായി അക്രമിക്കപ്പെടുകയാണ്. ഇതിനെതിരെ ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്ത് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും. ജനുവരി 23ന് മഹിള മോര്‍ച്ച പ്രവര്‍ത്തകര്‍ ജില്ല കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. പാലക്കാട്ട് സി.പി.എമ്മുകാര്‍ ചുട്ടുകൊന്ന വിമലാദേവിയുടെ ചിതാഭസ്മവുമായി പാലക്കാടുനിന്ന് തിരുവനന്തപുരത്തേക്കും കാസര്‍കോട്ടേക്കും രണ്ട് ജാഥകള്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചു.
ഭൂ സമരങ്ങളെ ഏകോപിപ്പിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെ മുഴുവന്‍ സമരകേന്ദ്രങ്ങളും സന്ദര്‍ശിക്കും. ജനുവരി 24ന് പത്തനംതിട്ടയിലെ ഗവിയില്‍നിന്ന് യാത്ര തുടങ്ങും.
മാര്‍ച്ച് രണ്ടാംവാരം ഭൂരഹിതരുടെ വിപുല കണ്‍വെന്‍ഷന്‍ നടത്താനും കൗണ്‍സില്‍ തീരുമാനിച്ചതായി നേതാക്കള്‍ അറിയിച്ചു. സി.പി.എമ്മിനെതിരെ ശബ്ദിക്കാന്‍ തയാറുള്ള സാഹിത്യകാരന്മാരാകും സാംസ്കാരിക കൂട്ടായ്മയില്‍ പങ്കെടുക്കുക. എല്ലാവരെയും ഇതിലേക്ക് ക്ഷണിക്കുമെന്നും കുമ്മനം പറഞ്ഞു. എന്‍.ഡി.എയുടെ നയവുമായി യോജിക്കാന്‍ തയാറുള്ള ആര്‍ക്കും കടന്നുവരാം. ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ വിവിധ മതനേതാക്കളുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി കോട്ടയം ജില്ല പ്രസിഡന്‍റ് എന്‍. ഹരി, സംസ്ഥാന മീഡിയ കോഓഡിനേറ്റര്‍ ആര്‍. സന്ദീപ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.