'നൂറു പേരെ കൊണ്ടുവരൂ, സർക്കാർ ഉണ്ടാക്കാം'; 'മൺസൂൺ ഓഫറു'മായി അഖിലേഷ്, ലക്ഷ്യം കേശവ് പ്രസാദ് മൗര്യയെയോ?
text_fieldsലഖ്നോ: വൻ രാഷ്ട്രീയ കോളിളക്കൾക്കാണ് യു.പി വേദിയാകുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ ബി.ജെ.പിയിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാളയത്തിൽ പട ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. അതിനിടെ, 'മൺസൂൺ ഓഫർ' എന്ന വിശേഷണത്തോടെ എസ്.പി നേതാവ് അഖിലേഷ് യാദവ് പങ്കുവെച്ച ട്വീറ്റ് കൂടുതൽ അഭ്യൂഹങ്ങൾക്ക് വഴിമരുന്നിടുകയാണ്.
'മൺസൂൺ ഓഫർ; നൂറുപേരെ കൊണ്ടുവരൂ, സർക്കാറുണ്ടാക്കാം' എന്നാണ് യു.പി മുൻ മുഖ്യമന്ത്രി കൂടിയായ അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തത്. ബി.ജെ.പി സഖ്യത്തിൽ നിന്ന് കക്ഷികളെ അടർത്തിമാറ്റി സർക്കാറുണ്ടാക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണോയെന്ന സംശയമാണ് ഇതിന് പിന്നാലെ ഉയരുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ അഖിലേഷ് യാദവിന് കരുത്തും ജനപിന്തുണയും വർധിച്ചിരിക്കുകയാണ്. ആകെ 80 സീറ്റിൽ 43 സീറ്റിലാണ് ഇൻഡ്യ സഖ്യം വിജയിച്ചത്. 30 സീറ്റുകൾ നഷ്ടമായ എൻ.ഡി.എ ഇത്തവണ വെറും 36 സീറ്റിൽ ഒതുങ്ങി. ഹിന്ദുത്വയുടെ ഏറ്റവും വലിയ പരീക്ഷണശാലയിൽ ഏറ്റ തിരിച്ചടി ബി.ജെ.പിക്ക് വൻ പ്രഹരമായിരുന്നു.
തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാർട്ടിയുടെ ഒ.ബി.സി മുഖമായ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ശക്തമായ വിമർശനമുന്നിയിച്ചിരിക്കുകയാണ്. ഇതിനു പിന്നാലെ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പാർട്ടിയുടെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിസന്നദ്ധത അറിയിക്കുകയും ചെയ്തു. തോൽവിയുടെ കാരണം വിലയിരുത്താൻ ഞായറാഴ്ച ലഖ്നോവിൽ ചേർന്ന ബി.ജെ.പി യു.പി നിർവാഹക സമിതിയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും തമ്മിലാരംഭിച്ച വിഴുപ്പലക്കലാണ് ഇപ്പോൾ തുടരുന്നത്. പാർട്ടി സർക്കാറിനെക്കാൾ വലുതാണെന്ന് യോഗിയോട് കേശവ് പ്രസാദ് മൗര്യ തുറന്നടിച്ചിരുന്നു.
രണ്ട് വർഷം മുമ്പും അഖിലേഷ് യാദവ് കേശവ് പ്രസാദ് മൗര്യക്ക് മുന്നിൽ ഇതേ 'ഓഫർ' വെച്ചിരുന്നുവെന്ന് അറിയുമ്പോഴാണ് ഇന്നത്തെ ട്വീറ്റിന് പ്രസക്തിയേറുന്നത്. നൂറ് എം.എൽ.എമാരുമായി വന്നാൽ സർക്കാർ രൂപീകരിക്കാമെന്നും കേശവ് പ്രസാദ് മൗര്യയെ മുഖ്യമന്ത്രിയാക്കാമെന്നുമായിരുന്നു അഖിലേഷിന്‍റെ അന്നത്തെ വാഗ്ദാനം. ബിഹാറിൽ നിതീഷ് കുമാർ എൻ.ഡി.എ മുന്നണി വിട്ട് മഹാഗഡ്ബന്ധന്‍റെ ഭാഗമായപ്പോഴായിരുന്നു ഇത്. എന്നാൽ, ഈ വാഗ്ദാനത്തെ തള്ളുകയാണ് അന്ന് മൗര്യ ചെയ്തത്.
നിലവിൽ യു.പിയിലെ 403 അംഗ നിയമസഭയിൽ എൻ.ഡി.എക്ക് 283 അംഗങ്ങളാണുള്ളത്. 202 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.