കാന്‍ഷിറാമിന്‍െറ നാട്ടില്‍ വേരറ്റ് ബി.എസ്.പി
text_fieldsഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദലിതരുള്ളത് പഞ്ചാബിലാണ്; സംസ്ഥാന ജനസംഖ്യയുടെ 32 ശതമാനം. ദലിതുകളുടെ ഏറ്റവും വലിയ നേതാവായി വാഴ്ത്തപ്പെടുന്ന കാന്‍ഷിറാമിന്‍െറ ജന്മനാടും പഞ്ചാബ് തന്നെ. പക്ഷേ, കാന്‍ഷിറാമിന്‍െറ പാര്‍ട്ടി ബി.എസ്.പിയുടെ അവസ്ഥ ഉപ്പുവെച്ച കലം പോലെയാണ്. ഓരോ തെരഞ്ഞെടുപ്പ് കഴിയുന്തോറും ശോഷിച്ച് ശോഷിച്ച് ഇല്ലാതാവുകയാണ്.
മണ്ഡല്‍ കമീഷന്‍ ഉത്തരേന്ത്യന്‍ രാഷ്ട്രീയം ഉഴുതുമറിച്ചപ്പോള്‍ ബി.എസ്.പി പഞ്ചാബിലും മോശമല്ലാത്ത വേരോട്ടം നേടിയിരുന്നു. 92ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ഒമ്പത് എം.എല്‍.എമാരെ ജയിപ്പിക്കാനായി. 16.32 ശതമാനമായിരുന്നു വോട്ടുവിഹിതം. പിന്നീടിങ്ങോട്ട് തകര്‍ച്ചയായിരുന്നു.
97ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ മാത്രമാണ് ജയിച്ചത്. വോട്ടുവിഹിതം 6.37 ആയി കുറഞ്ഞു. അതിനുശേഷം ഇതുവരെ പഞ്ചാബ് നിയമസഭയില്‍ ബി.എസ്.പിയുടെ എം.എല്‍.എ ഉണ്ടായിട്ടില്ല. 2002ല്‍ വോട്ടുവിഹിതം 5.69ഉം 2012ല്‍ 4.29 ആയും കുറഞ്ഞു. കഴിഞ്ഞ മൂന്നു നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നൂറിലേറെ മണ്ഡലങ്ങളില്‍ മത്സരിച്ച ബി.എസ്.പി സ്ഥാനാര്‍ഥികളില്‍ ഒന്നോ രണ്ടോ പേര്‍ക്കൊഴികെ എല്ലാവര്‍ക്കും കെട്ടിവെച്ച കാശ് പോയി.
പഞ്ചാബിലെ രൂപ്നഗര്‍ ജില്ലയില്‍ കവാസ്പൂരിലാണ് കാന്‍ഷിറാമിന്‍െറ ജനനം. ബി.എസ്.പിയുടെ ആദ്യരൂപമായ ദലിത് രോഷിത് സമാജ് സംഘര്‍ഷ് സമിതിക്ക് കാന്‍ഷിറാം തുടക്കമിട്ടതും ഈ മണ്ണില്‍ നിന്നുതന്നെ. കാന്‍ഷിറാമിന്‍െറ പാര്‍ട്ടി അയല്‍ സംസ്ഥാനമായ യു.പിയില്‍ അധികാരം പിടിക്കുന്നിടത്തോളം വളര്‍ന്നപ്പോള്‍ പഞ്ചാബില്‍ എന്തുകൊണ്ട് വേരറ്റുപോകുന്നു? പാര്‍ട്ടി അണികളും പ്രദേശിക നേതാക്കളും വിരല്‍ ചൂണ്ടുന്നത് ബി.എസ്.പി അധ്യക്ഷ മായാവതിയിലേക്കാണ്. യു.പിക്ക് അപ്പുറം പാര്‍ട്ടി വളര്‍ത്താനോ മറ്റൊരു ദലിത് നേതാവ് ദേശീയരാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരാനോ മായാവതി ആഗ്രഹിക്കുന്നില്ളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
കാന്‍ഷിറാമിന്‍െറ ജന്മഗ്രാമത്തില്‍ അദ്ദേഹത്തിന് സ്മാരകമുണ്ട്. സഹോദരി സ്വരണ്‍ കൗറാണ് അത് പരിപാലിക്കുന്നത്. ആദര്‍ശം കൈവിട്ടും പാര്‍ട്ടിയെ അഴിമതിയില്‍ മുക്കിയും മായാവതി എല്ലാം നശിപ്പിച്ചുവെന്നാണ് സ്വരണ്‍ കൗറിന്‍െറ പരാതി. ബി.എസ്.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സത്നാം സിങ് ഇപ്പോള്‍ ഭാംഗ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്‍െറ സ്ഥാനാര്‍ഥിയാണ്. മായാവതിയുടെ അവഗണനയില്‍ നേതാക്കളെല്ലാം മറ്റു പാര്‍ട്ടികളിലേക്ക് കൂടുമാറി. കോണ്‍ഗ്രസിനും അകാലിദളിനും ബദലായി കെജ്രിവാളിന്‍െറ ആം ആദ്മിയുടെ ഉയര്‍ച്ചയാണ് ഇക്കുറി പഞ്ചാബ് തെരഞ്ഞെടുപ്പിന്‍െറ പ്രത്യേകത. ആം ആദ്മി ദലിത് വോട്ടുബാങ്കിലേക്കാണ് കടന്നുകയറുന്നത്. അതോടെ ബി.എസ്.പിയുടെ നില ഇക്കുറി കൂടുതല്‍ ദയനീയമാകാനാണ് സാധ്യത. അതേസമയം, ഇക്കുറി ബി.എസ്.പിയുടെ തിരിച്ചുവരവാണ് എന്നാണ് സംസ്ഥാന പ്രസിഡന്‍റ് അവതാര്‍ സിങ് കരിംപുരിയുടെ അവകാശവാദം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.