ബുധ്നിയിലും ഇക്കുറി പൊടിപാറും
text_fieldsകേന്ദ്ര വിദേശമന്ത്രി സുഷമ സ്വരാജിെൻറയും മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെയും മുഖ്യമന്ത്രിയാകും മുമ്പ് ശിവരാജ് സിങ് ചൗഹാെൻറതന്നെയും ലോക്സഭ മണ്ഡലമായ വിദിഷയിൽപ്പെടുന്നതാണ് മധ്യപ്രദേശ് തെരഞ്ഞെടുപ്പിെൻറ കേന്ദ്രബിന്ദുവായി മാറിയ ബുധ്നി. ജനസംഘത്തിെൻറ കാലംതൊട്ടേ സംഘ്പരിവാറിെൻറ വി.ഐ.പി മണ്ഡലം. നാമനിർദേശ പത്രിക കൊടുത്താൽ വോട്ടുചെയ്യുന്ന ദിവസമല്ലാതെ മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രിയെപോലെ തന്നെയാണ് വികസനവും. കേരളത്തിലെ ഏതെങ്കിലും പട്ടണത്തിെൻറ മൂന്നു പതിറ്റാണ്ടെങ്കിലും മുമ്പുള്ള ചിത്രമെന്ന് തോന്നിക്കുന്ന നഗരം. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തുമ്പോൾ ഒരുപറ്റം പ്രാദേശിക നേതാക്കൾ സംസാരിച്ചിരിക്കുന്നുണ്ട്.
മുഖ്യമന്ത്രി മണ്ഡലത്തിൽ വരാനുള്ള സാധ്യത ആരാഞ്ഞപ്പോൾ വോട്ട് ചെയ്യാനല്ലാതെ ഇനി വരില്ലെന്നും വരേണ്ട ആവശ്യമില്ലെന്നും പറഞ്ഞത് മണ്ഡലത്തിെൻറ ചുമതലയുള്ള പ്രഭാരി ലളിത് ശർമയാണ്. മുഖ്യമന്ത്രിയായശേഷം ഇന്നുവരെ ഒരു തെരഞ്ഞെടുപ്പിലും ശിവരാജ് സ്വന്തം മണ്ഡലത്തിൽ പ്രചാരണം നടത്തിയിട്ടില്ല. അല്ലാതെതന്നെ പതിനായിരങ്ങളുടെ ഭൂരിപക്ഷത്തിന് മുഖ്യമന്ത്രി ജയിക്കുമെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അൽപം കുറഞ്ഞിട്ടും 80,000ത്തിലേറെ ഭൂരിപക്ഷമുണ്ടായിരുന്നുവെന്നും ലളിത് ശർമ തുടർന്നു. ഇത് അദ്ദേഹം ജനിച്ചുവളർന്ന നാടാണ്. എതിരാളി ഏതോ നാട്ടിൽനിന്ന് കോൺഗ്രസ് ഇറക്കുമതിചെയ്ത നേതാവാണ്. ഇത്തവണ ഭൂരിപക്ഷം ലക്ഷം കടക്കുമെന്നും ശർമ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി ശിവരാജ് സിങ്ങിനെതിരെ മത്സരിക്കാൻ കോൺഗ്രസ് തെരഞ്ഞെടുത്തത് മുൻ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സുഭാഷ് യാദവിെൻറ മകൻ അരുൺ യാദവിനെയാണ്. യാദവിെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലെത്തുമ്പോൾ ഇതല്ല ചിത്രം. ബൂത്ത് ഏജൻറുമാർക്കും കൗണ്ടിങ് ഏജൻറുമാർക്കുമുള്ള അപേക്ഷ പൂരിപ്പിക്കുന്ന തിരക്കിലാണ് ഓഫിസിലുള്ള അര ഡസനോളം പേർ. സംസാരിക്കാൻപോലും അവർക്ക് സമയമില്ല. അരുൺ യാദവാകട്ടെ നാമനിർദേശ പത്രിക കൊടുത്തതിൽപിന്നെ മണ്ഡലത്തിൽനിന്ന് പോയിട്ടില്ല. ജനസമ്പർക്ക പരിപാടി കാണാൻ നാലു കിലോമീറ്റർ അകലെ കുഗ്രാമത്തിൽ ചെല്ലുമ്പോൾ പ്രദേശത്തെ പ്രധാന യാദവ നേതാവിെൻറ വീട്ടിൽ അഞ്ഞൂറോളം യാദവരെ വിളിച്ചു വരുത്തിയിരിക്കുന്നു. വന്നുചേർന്നവരിൽ ഒരുകൂട്ടം അരുണിന് ചുറ്റുമുണ്ട്. മറ്റൊരു കൂട്ടം വിശാലമായ പന്തലിൽ യാദവർക്കായി ഒരുക്കിയ സദ്യക്കു മുന്നിലാണ്.
ബി.ജെ.പിക്കൊപ്പം ഉറച്ചുനിന്നിരുന്ന മണ്ഡലത്തിലെ 30,000ത്തോളം യാദവ വോട്ടുകളിൽ ഭൂരിഭാഗവും തങ്ങളുടെ പക്ഷത്തേക്ക് മറിക്കാമെന്ന കണക്കുകൂട്ടലിലാണ് 44 കാരനായ യാദവിനെ കോൺഗ്രസ് സ്ഥാനാർഥിയാക്കിയത്. ബി.ജെ.പിയെ തുണച്ചുവരുന്ന ആദിവാസി വിഭാഗങ്ങളുടെയും മണ്ഡലത്തിൽ ചൗഹാെൻറ കുടുംബാധിപത്യത്തിൽ അമർഷമുള്ളവരുടെയും അസംതൃപ്ത വോട്ടുകൾ ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പ്രാദേശിക കോൺഗ്രസ് നേതാവ് മനോഹർ ലാൽ ഗുപ്ത. ശിവരാജിനെതിരെ കടുത്ത മത്സരത്തിന് വഴിയൊരുക്കിയ തെൻറ സ്ഥാനാർഥിത്വം തനിക്ക് നൽകിയ അംഗീകാരമായാണ് മനസ്സിലാക്കുന്നതെന്ന് അരുൺ യാദവ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.