മലപ്പുറത്ത് ചെറുകക്ഷികൾ മത്സരത്തിനില്ല
text_fieldsമലപ്പുറം: മലപ്പുറം ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് അവസാനിക്കാനിരിക്കെ ചെറുകക്ഷികൾ മത്സരത്തിൽനിന്ന് വിട്ടുനിൽക്കുന്നു. കഴിഞ്ഞ തവണ നാലാം സ്ഥാനത്തുണ്ടായിരുന്ന എസ്.ഡി.പി.െഎ ഇത്തവണ സ്ഥാനാർഥിയെ നിർത്തുന്നില്ല. 2014ൽ എസ്.ഡി.പി.െഎക്ക് മലപ്പുറം മണ്ഡലത്തിൽ 47,853 വോട്ട് ലഭിച്ചിരുന്നു.
തെരഞ്ഞെടുപ്പിലെ നിലപാട് സംബന്ധിച്ച വെൽഫെയർ പാർട്ടി തീരുമാനം വ്യാഴാഴ്ച സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ നടക്കുന്ന ജില്ല കമ്മിറ്റി യോഗത്തിൽ പ്രഖ്യാപിക്കുമെന്ന് നേതാക്കൾ അറിയിച്ചു. കഴിഞ്ഞതവണ പാർട്ടിക്ക് 29,216 േവാട്ടാണ് മണ്ഡലത്തിൽ ലഭിച്ചത്. കഴിഞ്ഞതവണ 2,745 വോട്ട് നേടിയ ബി.എസ്.പിയും ഇത്തവണ സ്ഥാനാർഥിയെ നിർത്തുന്നില്ല. 2014ൽ മത്സരിക്കാതിരുന്ന പി.ഡി.പിക്ക് ഇത്തവണയും സ്ഥാനാർഥിയില്ല. അന്ന് മത്സരിച്ച നാല് സ്വതന്ത്രർക്ക് ലഭിച്ചത് 6,412 വോട്ടായിരുന്നു.
അതേസമയം, നോട്ടക്ക് 21,829 വോട്ട് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് പിന്നീട് വ്യക്തമാക്കുമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന പ്രസിഡൻറ് അബ്ദുൽ മജീദ് ഫൈസി പ്രസ്താവനയിൽ അറിയിച്ചു. നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച നടക്കും. മാർച്ച് 27 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. പി.കെ. കുഞ്ഞാലിക്കുട്ടി (യു.ഡി.എഫ്), അഡ്വ. എം.ബി. ഫൈസൽ (എൽ.ഡി.എഫ്), അഡ്വ. എൻ. ശ്രീപ്രകാശ് (ബി.ജെ.പി) എന്നിവരാണ് മത്സര രംഗത്തുള്ള പ്രധാന സ്ഥാനാർഥികൾ. രണ്ട് സ്വതന്ത്രരും പത്രിക നൽകിയിട്ടുണ്ട്.
മലപ്പുറത്ത് മത്സരിക്കാൻ ശിവസേനയും
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിൽ ഹിന്ദുപരിവാർ മുന്നണി സ്ഥാനാർഥിയുമായി ശിവസേനയും രംഗത്ത്. ശിവസേനയുടെ ഷാജിമോൻ വ്യാഴാഴ്ച പത്രിക നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇടത്-വലത് മുന്നണികൾക്ക് കാലങ്ങളായി ബി.ജെ.പി വോട്ട് വിൽക്കുകയാണ്. ഇത് തുറന്നുകാട്ടുന്നതിനാണ് സ്വന്തം സ്ഥാനാർഥിയെ നിർത്തുന്നത്.
മുന്നണിയുടെ കൺെവൻഷൻ ഏപ്രിൽ ഒന്നിന് കോട്ടക്കലിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.