ചേലക്കരയണയാൻ കണക്കുകൂട്ടി മുന്നണികൾ
text_fieldsതൃശൂർ: 28 ദിവസങ്ങൾക്കപ്പുറം വരുന്ന ഉപതെരഞ്ഞെടുപ്പിന് ചേലക്കര മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണൻ എം.എൽ.എ സ്ഥാനം രാജിവെച്ചതോടെ നിയമസഭ ഉപതെരഞ്ഞെടുപ്പ് ചർച്ചയും മണ്ഡലത്തിൽ സജീവമായിരുന്നു. തിങ്കളാഴ്ച തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ മണ്ഡലത്തിൽ രാഷ്ട്രീയചൂടിന് കടുപ്പം കൂടി. 54.41 ശതമാനം വോട്ട് നേടി വൻ ഭൂരിപക്ഷത്തിൽ 2021ലെ തെരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണനെ വിജയിപ്പിച്ച ചേലക്കര കൈവിടില്ലെന്ന ആത്മവിശ്വാസത്തിൽ സി.പി.എമ്മും 1996ൽ നഷ്ടപ്പെട്ട സീറ്റ് എങ്ങനെയും തിരിച്ചുപിടിക്കണമെന്ന വാശിയിൽ കോൺഗ്രസും സജീവമായതോടെ ചേലക്കരയിൽ ഉപതെരഞ്ഞെടുപ്പ് പൊടിപാറും.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 83415 വോട്ടുകൾ നേടിയാണ് സി.പി.എം സ്ഥാനാർഥിയായിരുന്ന കെ. രാധാകൃഷ്ണൻ വിജയിച്ചത്. കോൺഗ്രസിലെ സി.സി. ശ്രീകുമാർ 44015 വോട്ടുകൾ നേടി രണ്ടാമതെത്തിയപ്പോൾ ബി.ജെ.പി സ്ഥാനാർഥി ഷാജുമോൻ വട്ടേക്കാട് 24045 വോട്ടുകൾ നേടി. ആകെ പോൾ ചെയ്ത 153315 വോട്ടുകളിൽ 54.41 ശതമാനം വോട്ടുകൾ സി.പി.എം നേടി. 39400 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാധാകൃഷ്ണൻ നേടിയത്. മന്ത്രിയായതോടെ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ മണ്ഡലത്തിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. മികച്ച റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റിയെന്ന് രാഷ്ട്രീയ ശത്രുക്കൾപോലും സമ്മതിക്കും.
ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് കെ. രാധാകൃഷ്ണൻ മത്സരിക്കുന്നതിൽ മണ്ഡലത്തിലെ പാർട്ടി പ്രവർത്തകർക്കടക്കം എതിർപ്പായിരുന്നു. അതേസമയം, 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ പോൾ ചെയ്തതിനേക്കാൾ 8,137 വോട്ടുകൾ കുറവാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ പോൾ ചെയ്യപ്പെട്ടത്. ചേലക്കരയിൽ പോൾചെയ്ത 145178 വോട്ടുകളിൽ 60368 വോട്ടുകൾ കെ. രാധാകൃഷ്ണൻ നേടി. കോൺഗ്രസിലെ രമ്യ ഹരിദാസ് 55195 വോട്ടും ബി.ജെ.പി സ്ഥാനാർഥി ഡോ. ടി.എൻ. സരസു 28974 വോട്ടുകളും നേടി. കേവലം 5,173 വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വന്തം മണ്ഡലത്തിൽ കെ. രാധാകൃഷ്ണന് ലഭിച്ചത്. ഭൂരിപക്ഷത്തിൽ മാത്രം 34,227 വോട്ടുകളുടെ കുറവ്. ഈ സംഖ്യ കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
സ്ഥാനാർഥി നിർണയം സി.പി.എമ്മിൽ ഏകദേശം പൂർത്തിയായിക്കഴിഞ്ഞുവെന്നാണ് ലഭ്യമായ സൂചനകൾ. മുൻ എം.എൽ.എയും നിലവിൽ സംസ്ഥാന പട്ടികജാതി-വർഗ വികസന കോർപറേഷൻ ചെയർമാനുമായ യു.ആർ. പ്രദീപിനാണ് നറുക്ക് വീഴുക. ബി.ജെ.പിക്ക് കാര്യമായ ചലനമൊന്നും മണ്ഡലത്തിൽ സൃഷ്ടിക്കാനായിട്ടില്ല. 2021ൽ ബി.ജെ.പി നേടിയതിനേക്കാൾ 4,929 വോട്ടുകൾ മാത്രമാണ് 2024ൽ അധികം നേടിയത്. ആലത്തൂർ മണ്ഡലത്തിലെ ലോക്സഭ സ്ഥാനാർഥി ആയിരുന്ന ഡോ. ടി.എൻ. സരസുവിനെ തന്നെയാകും ബി.ജെ.പി കളത്തിലിറക്കുക. ആലത്തൂർ മുൻ എം.പി രമ്യ ഹരിദാസിന്റെ പേരുതന്നെയാണ് കോൺഗ്രസിൽ കാര്യമായി ഉയർന്നുകേട്ടിരുന്നത്. തൃശൂർ ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പിയുടെ ഭാര്യയും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ കെ.എ. തുളസിയുടെ പേരും ചർച്ചകളിലുണ്ടായിരുന്നു. 2016ലെ മത്സരത്തിൽ മണ്ഡലത്തിൽ യു.ആർ. പ്രദീപിനെതിരെയും ഒറ്റപ്പാലം ലോക്സഭ മണ്ഡലത്തിലും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിച്ച കെ.എ. തുളസി പരാജയപ്പെടുകയായിരുന്നു. ഒടുവിൽ, രമ്യക്ക് നറുക്ക് വീണു. ഇന്നുതന്നെ മറ്റു മുന്നണികളും സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം കേരളം എങ്ങോട്ട് ചായുന്നു എന്നതിന്റെ സൂചന കൂടി നൽകുന്നതായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.